തെ, അവരത് നേടിയിരിക്കുന്നു. ഒട്ടും എളുപ്പമല്ലെന്ന് കരുതിയ കാര്യം. സ്ത്രീകളുടെ അഭിപ്രായങ്ങള്‍ക്ക് പുല്ലുവിലപോലും കല്പിക്കാത്തവര്‍ക്ക് മുന്‍പില്‍ തലയുയര്‍ത്തി അവര്‍ പറയാനുള്ളത് പറഞ്ഞു. തങ്ങളെ അവഗണിക്കാനാവില്ലെന്ന് അവര്‍ തെളിയിച്ചു. ഒന്നരവര്‍ഷത്തോളം നീണ്ട മലയാളസിനിമാമേഖലയിലെ പോരാട്ടത്തിന് ഒരു ആന്റിക്ലൈമാക്സ് ആയിരിക്കുകയാണിപ്പോള്‍.
ഫെമിനിച്ചികളെന്നായിരുന്നു 'ഏട്ടന്‍ പാവാടാ' സംഘം അവര്‍ക്ക് ചാര്‍ത്തിക്കൊടുത്ത പേര്. സഹപ്രവര്‍ത്തക ആക്രമിക്കപ്പെട്ട പശ്ചാത്തലത്തിലാണ് മലയാളസിനിമാമേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെ സംഘടന രൂപംകൊള്ളുന്നത്. വിമന്‍ ഇന്‍ സിനിമ കളക്ടീവ് (ഡബ്ല്യു.സി.സി.) എന്ന ഈ സംഘടനയുടെ വരവിനുശേഷമുണ്ടായ മാറ്റങ്ങള്‍ ചില്ലറയല്ല. മലയാളസിനിമയിലെ സ്ത്രീകള്‍ അനുഭവിക്കുന്ന വിവേചനത്തെ തുറന്നുകാണിക്കുന്നതിനാണ് ഡബ്ല്യു.സി.സി. പ്രധാനമായും ശ്രമിച്ചത്. ഡബ്ല്യു.സി.സി.യുടെ ഇടപെടല്‍ അത്ര പ്രത്യക്ഷമല്ലെങ്കിലും അവരുണ്ടാക്കിയ ഓളങ്ങള്‍ സിനിമാരംഗത്തെ വ്യവസ്ഥാപിത സംഘടനകളെ ഒട്ടൊന്നുമല്ല ഉലച്ചത്.

ഇത് അംഗീകാരം
ഡബ്ല്യു.സി.സി.യിലെ അംഗങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ചശേഷമാണ് സിനിമാരംഗത്ത് സ്ത്രീകള്‍ അനുഭവിക്കുന്ന വിവേചനത്തെക്കുറിച്ച് പഠിക്കാന്‍ ജസ്റ്റിസ് ഹേമ കമ്മിറ്റി നിയോഗിക്കപ്പെടുന്നത്. നായകരുടെ പദപ്രയോഗങ്ങളെക്കുറിച്ച് ഡബ്ല്യു.സി.സി. അംഗങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവന്ന ചര്‍ച്ചയുടെ ഫലമായാണ് പൃഥ്വിരാജും പിന്നീട് രണ്‍ജി പണിക്കരും സിനിമാഡയലോഗുകളെക്കുറിച്ച് കുറ്റബോധത്തോടെ സംസാരിച്ചത്. എന്തിനേറെപ്പറയുന്നു, അമ്മയെന്ന സംഘടനാപ്പേര് എ.എം.എം.എ. എന്ന കുത്തിട്ട ചുരുക്കപ്പേരിലേക്ക് മാറിയതുപോലും ഡബ്ല്യു.സി.സി. ഉയര്‍ത്തിക്കൊണ്ടുവന്ന വീക്ഷണത്തിന്റെ പ്രതിഫലനമാണ്. ഏറ്റവുമവസാനം ഡബ്ല്യു.സി.സി.യുടെ നിലപാട് ശരിയാണെന്ന് സൂപ്പര്‍താരസംഘടനതന്നെ അംഗീകരിക്കുന്ന നിലയിലേക്കെത്തിയിരിക്കുകയാണ് കാര്യങ്ങള്‍.

ഡബ്ല്യു.സി.സി. രൂപവത്കരിക്കപ്പെട്ടതുമുതല്‍ അതിലെ അംഗങ്ങള്‍ക്കെതിരേ രൂക്ഷമായ ആക്രമണമാണ് സൈബര്‍ലോകത്ത് നടന്നത്.പുരുഷതാരങ്ങളുടെ ഫാന്‍സ് അസോസിയേഷനുകളും അതില്‍ പങ്കാളികളായി. ഇതിനെ പരസ്യമായി അപലപിക്കാന്‍ താരങ്ങള്‍ തയ്യാറാകാത്തത് അവരുടെ അറിവോടെയാണോ സൈബര്‍ ആക്രമണം നടക്കുന്നതെന്ന ചിന്ത പലരിലുമുണ്ടാക്കി. ഡബ്ല്യു.സി.സി. അംഗങ്ങള്‍ അഭിനയിച്ച സിനിമകളെ പരാജയപ്പെടുത്താനും നീക്കമുണ്ടായി. അതിലെ അംഗങ്ങള്‍ക്ക് സിനിമയില്‍ അവസരം നല്‍കാനും പലരും തയ്യാറായില്ല. നടിയെ അക്രമിച്ച കേസില്‍ പ്രതിയായ നടനെ നേരത്തേ 'അമ്മ' പുറത്താക്കിയിരുന്നു. നടനെ തിരിച്ചെടുക്കാന്‍ സംഘടനയിലെ ചില അംഗങ്ങള്‍ കാട്ടിയ അമിതരാജഭക്തിയാണ് 'അമ്മ'യില്‍ ഇപ്പോള്‍ കടുത്ത പ്രതിസന്ധിയുണ്ടാക്കിയിരിക്കുന്നത്. ഇതില്‍ പ്രതിഷേധിച്ച് അക്രമത്തെ അതിജീവിച്ച നടിയും റിമാ കല്ലിങ്കല്‍, രമ്യാ നമ്പീശന്‍, ഗീതു മോഹന്‍ദാസ് എന്നിവരും 'അമ്മ'യില്‍നിന്ന് രാജിവെച്ചു. പത്മപ്രിയ, പാര്‍വതി, രേവതി എന്നിവര്‍ തീരുമാനത്തിനെതിരേ 'അമ്മ'യ്ക്ക് പരാതി നല്‍കുകയും ചെയ്തു. അതോടെ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട നടനൊപ്പമാണ് 'അമ്മ'യെന്ന ആക്ഷേപം വ്യാപകമായി. ഇത് ശരിയാണെന്ന് തെളിയിക്കുന്നതായിരുന്നു സംഘടനയിലെ ഭാരവാഹികളുടെ പെരുമാറ്റവും പ്രസ്താവനകളും. എന്നാല്‍ അപ്രതീക്ഷിതമായ പിന്തുണയാണ് രാജിവെച്ച നടിമാര്‍ക്ക് ലഭിച്ചത്. പൊതുസമൂഹം അവര്‍ക്കൊപ്പം നിന്നു. 

സിനിമയിലെ ആണ്‍കുട്ടികള്‍
പൃഥ്വിരാജ് പരസ്യമായി രാജിവെച്ചവരെ അഭിനന്ദിച്ചു. അവസരങ്ങള്‍ നഷ്ടമാകുമെന്ന് അറിഞ്ഞുകൊണ്ടുതന്നെ നടന്‍ ജോയ് മാത്യു 'അമ്മ'യുടെ നിലപാടുകള്‍ക്കെതിരേ തുറന്നടിച്ചു. അച്ഛന്‍ തിലകനോട് 'അമ്മ' കാണിച്ച വിവേചനത്തിനെതിരേ ഷമ്മി തിലകനും പ്രതികരിച്ചു. ഇതോടെ 'അമ്മ'യും അതിന്റെ ഭാരവാഹികളും വെട്ടിലായി. പുതുതായി പ്രസിഡന്റ് സ്ഥാനത്തെത്തിയ മോഹന്‍ലാലിനെതിരേയായിരുന്നു കടുത്ത ആക്ഷേപം. മാധ്യമങ്ങളെ മാറ്റിനിര്‍ത്തി തീരുമാനം നടപ്പാക്കാന്‍ ശ്രമിച്ചത് മണ്ടത്തരമായെന്ന് തിരിച്ചറിഞ്ഞതോടെ കാര്യങ്ങള്‍ വിശദീകരിക്കാന്‍ പത്രസമ്മേളനം വിളിക്കേണ്ടിവന്നു. അതില്‍ കേസിലെ പ്രതിയായ നടനുവേണ്ടി പ്രാര്‍ഥിക്കുമെന്ന പരാമര്‍ശം വീണ്ടും മോഹന്‍ലാലിന് വിനയായി. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവേദിയില്‍ മുഖ്യാതിഥി വേണ്ടെന്ന അഭിപ്രായം മോഹന്‍ലാലിനെതിരായി മാറിയത് ഇതോടെയാണ്.

നടിയെ ആക്രമിച്ച കേസില്‍ കക്ഷിചേരാനായി രചനാനാരായണന്‍കുട്ടിയും ഹണിറോസും സമര്‍പ്പിച്ച ഹര്‍ജി 'അമ്മ' സ്ത്രീകളോട് വിവേചനം കാണിക്കുന്ന സംഘടനയാണെന്ന വിമര്‍ശനത്തെ നേരിടാനായിറക്കിയ നമ്പറായിരുന്നു. 'അമ്മ'യിലെ നിര്‍വാഹകസമിതി അംഗങ്ങളെന്ന നിലയിലായിരുന്നു രചനയും ഹണിറോസും രംഗപ്രവേശം ചെയ്തത്. വിചാരണയ്ക്ക് വനിതാജഡ്ജിയെ നിയമിക്കുക, കേസ് തൃശ്ശൂരിലെ കോടതിയിലേക്ക് മാറ്റുക, സ്പെഷ്യല്‍ പ്രോസിക്യൂട്ടറായി മുതിര്‍ന്ന അഭിഭാഷകനെ നിയമിക്കുക എന്നീ ആവശ്യങ്ങളായിരുന്നു ഹര്‍ജിയിലുണ്ടായിരുന്നത്. ആദ്യ രണ്ട് ആവശ്യങ്ങളും അക്രമത്തെ അതിജീവിച്ച നടിയ്ക്ക് സ്വീകാര്യമാകുന്ന ആവശ്യങ്ങളാണ്. അതിന്റെ മറവില്‍ മൂന്നാമത്തെ ആവശ്യം അംഗീകരിക്കപ്പെടുമെന്ന ധാരണയാണ് ഹര്‍ജിക്ക് പിന്നിലുള്ളതെന്ന് കരുതാം. ഈ നീക്കം പെട്ടെന്ന് തിരിച്ചറിഞ്ഞ നടി 'അമ്മ'യിലെ അംഗമല്ലാത്ത തന്റെ കേസില്‍ ആ സംഘടന കക്ഷിചേരാന്‍ വരുന്നതിനെ എതിര്‍ക്കുകയും ചെയ്തു. പ്രോസിക്യൂട്ടറെ മാറ്റുന്ന കാര്യം താന്‍ അറിഞ്ഞിട്ടില്ലെന്നും തന്റെ ഒപ്പ് വാട്‌സ് ആപ്പ് വഴി അയച്ചുകൊടുത്തതാണെന്നും ഹര്‍ജിയിലൊപ്പിട്ട ഹണി റോസ് പറഞ്ഞതോടെ 'അമ്മ' പ്രതിരോധത്തിലായി. ഹര്‍ജി നല്‍കാനുള്ള തീരുമാനം സംഘടനയുടേതല്ല, പകരം വനിതാഅംഗങ്ങളുടേതാണെന്ന്  'അമ്മ' ട്രഷറര്‍ ജഗദീഷ് പറഞ്ഞിരുന്നു. എന്നാല്‍ 'അമ്മ'യുടെ ഭാരവാഹികള്‍ അറിഞ്ഞുകൊണ്ടാണ് ഹര്‍ജി നല്‍കിയതെന്ന് രചനാനാരായണന്‍കുട്ടി തന്നെ പിന്നീട് വെളിപ്പെടുത്തി. ഹര്‍ജിയില്‍ പാളിച്ചകളുണ്ടായെന്ന്  'അമ്മ' ഭാരവാഹികള്‍ക്ക് സമ്മതിക്കേണ്ടതായും വന്നു.

'അമ്മ'യുടെ നിലപാടുകള്‍ക്കെതിരേ പരാതിയുയര്‍ത്തിയ രേവതി, പത്മപ്രിയ, പാര്‍വതി, ജോയ് മാത്യു, ഷമ്മി തിലകന്‍ എന്നിവരെ എക്സിക്യുട്ടീവ് കമ്മിറ്റിയുമായി ചര്‍ച്ചയ്ക്ക് ക്ഷണിച്ചത് നിര്‍ണായകമായി. നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ നടന് അനുകൂലമായി 'അമ്മ' എടുക്കുന്ന തീരുമാനങ്ങള്‍ ചിലരുടെ താത്പര്യപ്രകാരമാണെന്നും ഭാരവാഹികളിലും എക്സിക്യുട്ടീവ് കമ്മിറ്റിയിലും അതിനെ എതിര്‍ക്കുന്നവരുണ്ടെന്നുമുള്ള വസ്തുത പുറത്തായി. നിര്‍വാഹകസമിതി യോഗതീരുമാനങ്ങള്‍ മാതൃഭൂമി പുറത്തുകൊണ്ടുവന്നു. നടിക്കൊപ്പം നില്‍ക്കണമെന്ന അഭിപ്രായം പ്രസിഡന്റായ മോഹന്‍ലാല്‍ നിര്‍വാഹകസമിതി യോഗത്തില്‍ പറഞ്ഞിരുന്നു. കേസില്‍ വനിതാജഡ്ജിയെ നിയമിക്കണമെന്നും വിചാരണ തൃശ്ശൂരിലേക്ക് മാറ്റണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തുനല്‍കാനും തീരുമാനമെടുത്തതാണ്. ദിലീപിനെ അനുകൂലിക്കുന്ന വിഭാഗം ഈ കത്ത് മുഖ്യമന്ത്രിയ്ക്ക് എത്താതിരിക്കാന്‍ ചരടുവലിച്ചു. തന്റെ നേതൃത്വത്തിലെടുത്ത തീരുമാനം അട്ടിമറിക്കപ്പെട്ടുവെന്നറിഞ്ഞ മോഹന്‍ലാല്‍ ക്ഷുഭിതനാകുകയും രാജിവയ്ക്കുകയാണെന്ന്  യോഗത്തില്‍ പ്രഖ്യാപിക്കുകയും ചെയ്തു. ഇക്കാര്യമെല്ലാം മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തതോടെ മുഖംരക്ഷിക്കാന്‍ 'അമ്മ' നീക്കം ആരംഭിച്ചു. മാതൃഭൂമി വാര്‍ത്ത ശരിയല്ലെന്നായിരുന്നു ഫെയ്സ്ബുക്കിലൂടെ അറിയിച്ചത്. എന്നാല്‍ വാര്‍ത്ത പൂര്‍ണമായും ശരിയാണെന്ന് തെളിയിക്കുന്നതായിരുന്നു പിന്നീട് നടന്ന സംഭവങ്ങള്‍. പരാതി നല്‍കിയവരുമായുള്ള കൂടിക്കാഴ്ച 'അമ്മ'യില്‍ രൂക്ഷമായ ഭിന്നതയുണ്ടെന്ന് തെളിയിക്കുന്നതായിരുന്നു.

ഇനി പടിയ്ക്ക് പുറത്ത്
നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ നടനെ പുറത്താക്കണമെന്നായിരുന്നു പരാതി നല്‍കിയ രേവതി, പത്മപ്രിയ, പാര്‍വതി എന്നിവരുടെ ആവശ്യം. പുറത്താക്കിയെന്നും പിന്നീട് തിരിച്ചെടുത്തുവെന്നുമൊക്കെയുള്ള കാര്യങ്ങള്‍ അവ്യക്തമാണ്. ദിലീപ് കുറ്റാരോപിതന്‍ മാത്രമാണെന്ന് ചര്‍ച്ചയില്‍ മുകേഷ് പറഞ്ഞു. ഇതിനെ പത്മപ്രിയ എതിര്‍ത്തു. ദിലീപ് പ്രതിയാണെന്നും ജയിലില്‍ കിടന്നയാളാണെന്നും നിയമവശങ്ങളുമെല്ലാം പത്മപ്രിയ വ്യക്തമാക്കി. തുടര്‍ന്ന് വോട്ടെടുപ്പിലൂടെ നടനെ പുറത്താക്കണമോയെന്ന കാര്യം തീരുമാനിക്കാമെന്ന വാദമുയര്‍ന്നു. പരസ്യവോട്ടെടുപ്പിനെ ജോയ് മാത്യു ശക്തമായി എതിര്‍ത്തു. പരസ്യവോട്ടെടുപ്പ് സത്യസന്ധമാകില്ലെന്നും ഭീഷണികള്‍ക്ക് സാധ്യതയുണ്ടെന്നും ജോയ് മാത്യു പറഞ്ഞു. അതോടെ രഹസ്യവോട്ടെടുപ്പ് മതിയെന്ന് മോഹന്‍ലാല്‍ നിര്‍ദേശിച്ചു. അത് തീരുമാനമാകുകയും ചെയ്തു. മാധ്യമങ്ങളോട് സംസാരിക്കേണ്ടെന്ന സിദ്ദിഖിന്റെയും മുകേഷിന്റെയും നിര്‍ദേശവും മോഹന്‍ലാല്‍ തള്ളി. നമുക്ക് ഒളിച്ചുവെക്കാന്‍ ഒന്നുമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. സംവിധായകന്‍ വിനയന്റെ സിനിമയില്‍ അഭിനയിച്ചതിന്റെ പേരില്‍ തനിക്കെതിരേ പ്രവര്‍ത്തിച്ചെന്നും മുകേഷാണ് ഇതിന് നേതൃത്വം നല്‍കിയതെന്നും ഷമ്മി തിലകന്‍ ചര്‍ച്ചയില്‍ പറഞ്ഞിരുന്നു. ഇത് രൂക്ഷമായ വാക്കേറ്റത്തിന് ഇടയാക്കി.

പരാതിയെക്കുറിച്ച് സംസാരിക്കാനും അത് പരിഗണിക്കാനും പെണ്‍കൂട്ടായ്മ 'അമ്മ'യെ നിര്‍ബന്ധിതമാക്കി എന്നതാണ് യാഥാര്‍ഥ്യം. ഫലമെന്തായാലും തീരുമാനം വോട്ടെടുപ്പിലൂടെ വേണമെന്ന നിലപാടിലേക്കെത്തിക്കാന്‍ അവര്‍ക്കായി. അത് തന്നെയാണ് അവരുടെ വിജയവും. ഇരയ്ക്കൊപ്പം നീതികിട്ടുംവരെ ഈ കഥ തുടരുകതന്നെ ചെയ്യട്ടെ.  

Content Highlights : AMMA Mohanlal prithviraj dileep WCC parvathy revathy padmapriya rima kallingal remya nambeesan