കൊച്ചി: താര സംഘടനയായ ‘അമ്മ’യുടെ ഭരണസാരഥ്യത്തിലേക്ക്‌ വീണ്ടും മോഹൻലാലും ഇടവേള ബാബുവും. തിരഞ്ഞെടുപ്പ് 19-ന്‌ നടക്കാനിരിക്കെ പത്രികകളുടെ സൂക്ഷ്മപരിശോധന പൂർത്തിയായപ്പോൾ മോഹൻലാൽ പ്രസിഡന്റായും ഇടവേള ബാബു ജനറൽ സെക്രട്ടറിയായും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുമെന്ന് ഉറപ്പായി.

ജയസൂര്യ ജോയിന്റ് സെക്രട്ടറിയായും സിദ്ദിഖ് ട്രഷറർ ആയും തിരഞ്ഞെടുക്കപ്പെടും.

ഷമ്മി തിലകൻ മൂന്നു സ്ഥാനങ്ങളിലേക്ക് പത്രിക നൽകിയിരുന്നെങ്കിലും ഒപ്പ് രേഖപ്പെടുത്താതിരുന്നതിനാൽ പത്രിക തള്ളി. ഉണ്ണി ശിവപാൽ പത്രിക നൽകിയിരുന്നെങ്കിലും പൂർണമല്ലാത്തതിനാൽ അതും തള്ളി.

രണ്ട്‌ വൈസ് പ്രസിഡന്റുമാർക്കായും 11 അംഗ കമ്മിറ്റിക്കായുമാകും ഇനി തിരഞ്ഞെടുപ്പ് നടക്കുന്നത്.

ആശ ശരത്തിനെയും ശ്വേത മേനോനെയുമാണ് ഔദ്യോഗിക പാനൽ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക്‌ നിർത്തിയിട്ടുള്ളത്. മുകേഷ്, ജഗദീഷ്, മണിയൻപിള്ള രാജു എന്നിവരും ഈ സ്ഥാനത്തേക്ക്‌ പത്രിക നൽകിയിട്ടുണ്ടെങ്കിലും പിൻമാറുമെന്നാണ് സൂചന.

വനിതകൾക്ക്‌ വലിയ പ്രധാന്യം നൽകിയാണ് ഇത്തവണ ഔദ്യോഗിക പാനലിന്റെ അവതരണം. ഹണി റോസ്, ലെന, മഞ്ജു പിള്ള, രചന നാരായണൻകുട്ടി എന്നിവരെ കമ്മിറ്റിയിലേക്ക് മത്സരിപ്പിക്കുന്നുണ്ട്.

ബാബുരാജ്, നിവിൻ പോളി, സുധീർ കരമന, ടിനി ടോം, ടൊവിനോ തോമസ്, ഉണ്ണി മുകുന്ദൻ എന്നിവരും തിരഞ്ഞെടുക്കപ്പെടാനാണ് സാധ്യത.

ലാൽ, വിജയ് ബാബു, സുരേഷ് കൃഷ്ണ, നാസർ ലത്തീഫ് എന്നിവർ കമ്മിറ്റി അംഗങ്ങൾക്കുള്ള മത്സരത്തിൽ ഉണ്ടെങ്കിലും ഏതാനുംപേർ പത്രിക പിൻവലിക്കുമെന്നാണ് സൂചന. ബുധനാഴ്ച വരെ പത്രിക പിൻവലിക്കാം.

മോഹൻലാലിന്റെ നേതൃത്വത്തിലുള്ള നിലവിലെ ഭരണസമിതി രണ്ടാംവട്ടമാണ് തിരഞ്ഞടുക്കപ്പെടുന്നത്. 21 വർഷം തുടർച്ചയായി ഇടവേള ബാബു സെക്രട്ടറിയായും ജനറൽ സെക്രട്ടറിയായും സംഘടനയെ നയിക്കുന്നു.

Content Highlights: AMMA, Mohanlal, Idavela Babu, Jayasurya, latest malayalam movie news