കൊച്ചി: അംഗങ്ങളുടെ പരസ്യപ്രതികരണം വിലക്കി  അഭിനേതാക്കളുടെ സംഘടനയായ എ.എം.എം.എ. പ്രശ്‌നങ്ങള്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ സംഘടനയ്ക്കുള്ളില്‍ തന്നെ സംസാരിച്ച് പരിഹരിക്കണമെന്നും എ.എം.എം.എ അംഗങ്ങള്‍ക്ക് നല്‍കിയ സര്‍ക്കുലറില്‍ പറയുന്നു. ആക്രമിക്കപ്പെട്ട നടിയടക്കം നാല് നടിമാരുടെ രാജിക്കത്ത് ലഭിച്ചതായി സംഘടന സ്ഥിരീകരിച്ചു. 

നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ പ്രതിചേര്‍ക്കപ്പെട്ട നടന്‍ ദിലീപിനെ സംഘടനയില്‍ തിരിച്ചെടത്തതുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളെ തുടര്‍ന്ന് ആക്രമിക്കപ്പെട്ട നടിയടക്കം നാല് നടിമാര്‍ സംഘടനയില്‍ നിന്ന് രാജിവച്ചിരുന്നു. രമ്യ നമ്പീശന്‍, റിമ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ് എന്നിവരാണ് പുറത്ത് പോയവര്‍. മറ്റു അംഗങ്ങളായ പാര്‍വതി, രേവതി, പത്മപ്രിയ എന്നിവര്‍ ഇക്കാര്യങ്ങൾ എ.എം.എം.എയുമായി ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. അത് സംഘടന അംഗീകരിച്ചിട്ടുണ്ട്. 

ഇതുകൂടാതെ നടൻ ജോയ് മാത്യുവിനെയും അന്തരിച്ച നടന്‍ തിലകനുമായി ബന്ധപ്പെട്ട വിഷയത്തില്‍ മകന്‍ ഷമ്മി തിലകനെയും ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുണ്ട്.