കൊച്ചി: താരനിശയ്ക്ക് താരങ്ങളെ വിട്ടുകൊടുക്കുന്നത് സംബന്ധിച്ച് നടീനടന്‍മാരുടെ സംഘടനയായ എ.എം.എം.എ യും നിര്‍മാതാക്കളും തമ്മിലുണ്ടായിരുന്ന തര്‍ക്കം ഒത്തുതീര്‍പ്പാക്കി. പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനായി ഫണ്ട് കണ്ടെത്താനുള്ള എ.എം.എം.എയുടെ താരനിശ ഡിസംബര്‍ ഏഴിന് അബുദാബിയില്‍ നടക്കും. എ.എം.എം.എ ഭാരവാഹികളും നിര്‍മാതാക്കളുടെ സംഘടനയും നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം തീരുമാനമായത്. നേരത്തെ നിര്‍മാതാക്കള്‍ നടത്താനിരുന്ന താരനിശ 2019 മാര്‍ച്ചില്‍ നടത്താനും ഇരുസംഘടനകളും ധാരണയിലെത്തിയിട്ടുണ്ട്.

അബുദാബിയില്‍ നടക്കുന്ന താരനിശയുടെ ഭാഗമായി നവംബര്‍ 28 മുതല്‍ ഡിസംബര്‍ 9 വരെ സിനിമകളുടെ ചിത്രീകരണ പരിപാടികള്‍ നിര്‍ത്തിവെയ്ക്കണമെന്നാവശ്യപ്പെട്ട് താരസംഘടന ഭാരവാഹികള്‍ പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവുകള്‍ക്ക് വാട്ട്സ് ആപ്പ് സന്ദേശമയച്ചിരുന്നു. തങ്ങളോട് കൂടിയാലോചിക്കാതെ ഏകപക്ഷീയമായി എ.എം.എം.എ തീരുമാനമെടുത്തതില്‍ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ എതിര്‍പ്പ് രേഖപ്പെടുത്തിയിരുന്നു. ഇതോടെയാണ് അബുദാബിയിലെ താരനിശ അനിശ്ചിതത്വത്തിലായത്. അതിനു മുമ്പ് നിര്‍മാതാക്കളുടെ നേതൃത്വത്തില്‍ താരനിശ നടത്താന്‍ മൂന്ന് വര്‍ഷമായി ആവശ്യപ്പെട്ടിരുന്നുവെങ്കിലും എ.എം.എം.എ താത്പര്യം പ്രകടിപ്പിച്ചിരുന്നില്ലെന്നും ആരോപണമുണ്ടായിരുന്നു.

കൊച്ചിയില്‍ ഞായറാഴ്ച എ.എം.എം.എ പ്രസിഡന്റ് മോഹന്‍ലാലിന്റെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് ഇരുതാരനിശകളും നടത്താന്‍ തീരുമാനമായത്. ഇത് സംബന്ധിച്ചുള്ള കരാറിലും ഇരു സംഘടനകളും ഒപ്പുവെച്ചിട്ടുണ്ട്. എ.എം.എം.എയ്ക്ക് വേണ്ടി ഭാരവാഹികളായ ഇടവേള ബാബു, ജഗദീഷ് എന്നിവരും നിര്‍മാതാക്കളുടെ സംഘടനയ്ക്കു വേണ്ടി ജി. സുരേഷ്‌കുമാര്‍, എം. രഞ്ജിത്, മണിയന്‍ പിള്ള രാജു, സിയാദ് കോക്കര്‍ എന്നിവരുമാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.