തന്നെ അന്ധത ബാധിക്കുന്നുവോയെന്ന ആശങ്ക പങ്കുവച്ച് ബോളിവുഡിന്റെ ബി​ഗ് ബി അമിതാഭ് ബച്ചൻ. തന്റെ ബ്ലോഗിലെഴുതിയ കുറിപ്പിലൂടെയാണ് ബച്ചൻ നിലവിലെ ആരോഗ്യ സ്ഥിതിയെക്കുറിച്ചുള്ള ആശങ്ക പങ്കുവച്ചിരിക്കുന്നത്.

"മങ്ങിയാണ് ഇപ്പോൾ കാഴ്ച്ചകൾ കാണുന്നത്. പലപ്പോഴും കാഴ്ചകൾ ഇരട്ടിക്കുന്നതായി അനുഭവപ്പെടുന്നു. എന്നെ പിടികൂടിയിരിക്കുന്ന നിരവധി ആരോഗ്യ പ്രശ്നങ്ങൾക്ക് പുറമേ അന്ധതയും ബാധിച്ചു തുടങ്ങിയെന്ന  യാഥാർഥ്യവുമായി പൊരുത്തപ്പെടാനുള്ള ശ്രമത്തിലാണ് ഞാനിപ്പോൾ 

അതേസമയം കണ്ണിന് എന്തെങ്കിലും പ്രശ്നങ്ങൾ തോന്നുമ്പോൾ കുട്ടിക്കാലത്ത് അമ്മ ചെയ്ത് തരാറുണ്ടായിരുന്ന പൊടിക്കൈകൾ ഇപ്പോഴും ചെയ്യാറുണ്ടെന്നും ബച്ചൻ പറയുന്നു

"കുട്ടിക്കാലത്ത് അമ്മ സാരിത്തലപ്പ് ചെറുതായി ചുരുട്ടി ചൂടാക്കി കണ്ണിൽ വയ്ക്കും. അതോടെ പ്രശ്നം പരിഹരിക്കപ്പെടും. അതുപോലെ ചൂടുവെള്ളത്തിൽ ടവൽ മുക്കി കണ്ണിൽ വയ്ക്കുകയാണ് ഇപ്പോൾ". 

തന്നെ അന്ധത ബാധിച്ചു തുടങ്ങിയിട്ടില്ലെന്ന് ഡോക്ടർമാർ ഉറപ്പ് നൽകുന്നുണ്ടെന്നും അ​ദ്ദേഹം നിർദ്ദേശിക്കുന്ന മരുന്നുകൾ കണ്ണിലൊഴിക്കുന്നുണ്ടെന്നും ബച്ചൻ പറയുന്നു.

"ഡോക്ടർ തന്ന മരുന്ന് ഓരോ മണിക്കൂറിലും  കണ്ണിലൊഴിക്കുന്നുണ്ട്.  ദീർഘ നേരം കമ്പ്യൂട്ടറിന് മുന്നിലിരിക്കുന്നതിനാൽ കണ്ണുകൾ  ക്ഷീണിക്കുക മാത്രമാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നത് എന്ന് എനിക്ക് ഉറപ്പ് നൽകിയിട്ടുണ്ട്." 

അമ്മ പറഞ്ഞു തന്ന പ്രതിവിധി ഇപ്പോഴും ഫലപ്രദമാകുന്നതിൽ താൻ സന്തോഷവാനാണെന്നും അത് ചെയ്തത് കൊണ്ട് തനിക്കിപ്പോൾ വ്യക്തമായി കാണാനും സാധിക്കുന്നുണ്ടെന്ന് പറഞ്ഞാണ് അദ്ദേഹം തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.

ബ്ലോഗ് വായിക്കാം

Content Highlights : Amitabh Bachchan writes blog about going blind