കൊറോണബാധയുണ്ടെന്ന സംശയത്തില്‍ വീടുകളില്‍ നിരീക്ഷണത്തില്‍വെക്കുന്നവരുടെ കൈയില്‍ മായാത്ത മഷികൊണ്ട് അടയാളം പതിപ്പിക്കുന്നതിനെ പിന്തുണച്ച് സിനിമാതാരം അമിതാഭ് ബച്ചനും.

സമ്പര്‍ക്കവിലക്ക് എന്ന് മുദ്രകുത്തിയ കൈപ്പത്തിയുടെ ചിത്രം 'ട്വിറ്ററി'ല്‍ പങ്കുവെച്ചാണ് ബച്ചന്‍ കൊറോണയെ നേരിടുന്നതിനുള്ള ശ്രമങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്.

കൊറോണ പടര്‍ന്നുപിടിച്ച പ്രദേശങ്ങളില്‍ നിന്നുവരുകയും രോഗബാധ സംശയിക്കപ്പെടുകയും ചെയ്യുന്നവരെയാണ് വീടുകളില്‍ നിരീക്ഷണത്തില്‍വെക്കുന്നത്. സമ്പര്‍ക്കവിലക്ക് എന്നറിയപ്പെടുന്ന ഈ സംവിധാനത്തിലുള്ളവര്‍ പുറത്തിറങ്ങി മറ്റുള്ളവരുമായി ഇടപഴകുന്നത് തടയുന്നതിനാണ് മാര്‍ച്ച് 31 വരെ നിരീക്ഷണത്തിലാണെന്നുകാണിക്കുന്ന അടയാളം പതിപ്പിക്കുന്നത്. തിരഞ്ഞെടുപ്പുവേളയില്‍ വോട്ടുചെയ്തെന്നുകാണിക്കാന്‍ പതിക്കുന്ന മായാത്ത മഷികൊണ്ടുള്ള അടയാളം പതിക്കുന്ന പ്രക്രിയ തിങ്കളാഴ്ചയാണ് തുടങ്ങിയത്.

മുദ്രപതിപ്പിച്ച കൈയുടെ ചിത്രം ബച്ചന്‍തന്നെ 'ട്വിറ്ററി'ലിട്ടതോടെ അദ്ദേഹം സ്വയം സമ്പര്‍ക്കവിലക്ക് സ്വീകരിച്ച് നിരീക്ഷണത്തില്‍ കഴിയുകയാണെന്ന് അഭ്യൂഹം പരന്നിരുന്നു. എന്നാല്‍, ചിത്രത്തിലുള്ളത് ബച്ചന്റെ കൈ അല്ലെന്ന് പിന്നീട് വ്യക്തമായി.

പദ്ധതിക്ക് പിന്തുണ പ്രഖ്യാപിക്കാന്‍ അദ്ദേഹം മറ്റൊരാളുടെ ചിത്രം പങ്കുവെക്കുകയായിരുന്നു. ബച്ചന്റെ നടപടിക്ക് മുംബൈ നഗരസഭ നന്ദി പറയുകയും ചെയ്തു.

bachchan

Content highlights : Amitabh Bachchan Supports Stamping On hands of those who are in Home Quarantine