കൊറോണ വ്യാപനവുമായി  ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയിലൂടെ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചതിന് അമിതാഭ് ബച്ചനെതിരേ വിമര്‍ശനം. മാര്‍ച്ച് 22 ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ജനത  കര്‍ഫ്യുവിന്റെ ഭാഗമായി രാജ്യത്തെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആദരമര്‍പ്പിച്ച് കയ്യടിക്കണമെന്ന നിര്‍ദേശത്തെ വ്യാഖ്യാനിച്ചു കൊണ്ടായിരുന്നു ബച്ചന്റെ ട്വീറ്റ്.

മാര്‍ച്ച് 22 അമാവാസി ദിനമാണെന്നും, അന്ന്‌ വൈറസുകളും ബാക്ടീരിയകളും മറ്റ് പൈശാചിക ശക്തികളും കൂടുതല്‍ കരുത്താര്‍ജിക്കുമെന്നും കയ്യടിക്കുന്നതും ശംഖൊലി മുഴക്കുന്നതും വൈറസിനെ നശിപ്പിക്കും എന്നുമായിരുന്നു ബച്ചന്റെ ട്വീറ്റ്.  ഇതിനെതിരെ വ്യാപകമായ വിമര്‍ശനം ഉയര്‍ന്നതോടെ ബച്ചന്‍ ട്വീറ്റ് നീക്കം ചെയ്തു. എന്നാല്‍ ഇതിന് പിന്നാലെ താരത്തിനെതിരേ ട്രോളുകളും സജീവമായി. 

ജനത കര്‍ഫ്യൂവിന്റെ ഭാഗമായി വീട്ടില്‍ കഴിഞ്ഞ ബച്ചന്‍ അഞ്ചു മണിക്ക് കുടുംബാംഗങ്ങള്‍ക്കൊപ്പം ബാല്‍ക്കണിയിലെത്തി കയ്യടിച്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് അഭിനന്ദനം അറിയിച്ചിരുന്നു. അതിന്റെ വിഡിയോയും താരം ട്വിറ്ററില്‍ പങ്കുവച്ചിരുന്നു. ജയ ബച്ചന്‍, അഭിഷേക്, ഐശ്വര്യ, കൊച്ചുമക്കളായ ആരാധ്യ, നവ്യ എന്നിവരും ബച്ചനൊപ്പം അണിനിരന്നു.

Content Highlights : Amitabh Bachchan Slammed for Tweeting Fake Information on Coronavirus