മുംബൈ: ബോളിവുഡ് നടന്‍ അമിതാബ് ബച്ചന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതിന് പിന്നാലെ ഗായകന്‍ അദ്‌നാന്‍ സാമിയുടെ ട്വിറ്റര്‍ അക്കൗണ്ടിന് നേരെയും സൈബര്‍ ആക്രമണം. ബച്ചന്റെ മൈക്രോബ്ലോഗിങ് പേജ് ഹാക്ക് ചെയ്ത തുര്‍ക്കിഷ് ഹാക്കേഴ്‌സായ അയ്യില്‍ദിസ് ടിം തന്നെയാണ് അദ്‌നാന്‍ സാമിയുടെ അക്കൗണ്ടും ഹാക്ക് ചെയ്തിരിക്കുന്നത്

അദ്‌നാന്‍ സാമിയുടെ പ്രൊഫൈല്‍, കവര്‍ ചിത്രങ്ങളടക്കം മാറ്റിയ നിലയിലാണ്. പ്രൊഫൈല്‍ ചിത്രത്തിന്റെ സ്ഥാനത്ത് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ചിത്രവും കൂടാതെ പാകിസ്താനെ സ്‌നേഹിക്കുന്നു എന്ന് രേഖപ്പെടുത്തിയ ഹാക്കര്‍മാര്‍ പാകിസ്താനി, തുര്‍ക്കിഷ് പതാകകളും  പതിപ്പിച്ചിട്ടുണ്ട്. പാക് പൗരനായിരുന്ന അദ്‌നാന്‍ 2015 ലാണ് ഇന്ത്യന്‍ പൗരത്വം നേടുന്നത്.. 

നേരത്തെ അമിതാഭ് ബച്ചന്റെ ട്വിറ്റര്‍ അക്കൗണ്ടും സമാനമായ രീതിയില്‍ ഹാക്ക് ചെയ്യപ്പെട്ടിരുന്നു. മഹാരാഷ്ട്ര സൈബര്‍ പോലീസ് യൂണിറ്റ് ഇടപ്പെട്ട് അക്കൗണ്ട് പുനഃസ്ഥാപിക്കുകയും ചെയ്തു.
 
ഇത് ലോകത്തിനുള്ള മുന്നറിയിപ്പാണെന്നും ഐസ്​ലൻഡ് തുർക്കി ഫുട്ബോള്‍ താരങ്ങളോട് കാണിക്കുന്ന വിവേചനത്തെ തങ്ങള്‍ അപലപിക്കുന്നു തുടങ്ങിയ സന്ദേശങ്ങളും ബച്ചന്റെ ട്വീറ്റില്‍ പ്രത്യക്ഷപ്പെട്ടു. തങ്ങള്‍ വളരെ കുറച്ച് മാത്രം സംസാരിക്കുന്നവരാണ് എന്നാല്‍ സൈബര്‍ ലോകത്ത് വലിയ ആക്രമണത്തിന് ശേഷിയുണ്ടെന്നും ഹാക്കര്‍മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

Adnan Sami

Content Highlights: Adnan Sami's Twitter Account Hacked after Amitabh Bachchan'profile picture changed to Pakistan Prime Minister Imran Khan,