ഴിഞ്ഞ ദിവസമാണ് കോവിഡിൽ നിന്നും രോ​ഗമുക്തി നേടി ബോളിവുഡ് നടൻ അമിതാഭ് ബച്ചൻ ആശുപത്രി വിട്ടത്. തന്നെ ചികിത്സിച്ചവർക്കും ആശുപത്രി അധികൃതർക്കും നന്ദി പറഞ്ഞ് താരം കുറിപ്പും പങ്കുവച്ചിരുന്നു. എന്നാൽ ഇതിന് പിന്നാലെ ബച്ചൻ ആശുപത്രിക്കായി പരസ്യം ചെയ്യുകയാണെന്ന് ആരോപിച്ച് ഒരു യുവതി രം​ഗത്തുവന്നതും അതിന് ബച്ചൻ നൽകിയ മറുപടിയും വലിയ ചർച്ചയാണ്.

മനുഷ്യജീവന് യാതൊരു വിലയും കൽപ്പിക്കാത്ത ആശുപത്രികൾക്ക് ബച്ചൻ പരസ്യം നൽകുന്നുവെന്നും അദ്ദേഹത്തോടുള്ള ആദരവ് നഷ്ടപ്പെട്ടെന്നുമാണ് യുവതി കുറിച്ചത്. ബച്ചനെ ചികിത്സിച്ച അതേ ആശുപത്രി തന്നെയാണ് തന്റെ 80 വയസായ അച്ഛനെ കോവിഡ് പോസിറ്റീവ് ആണെന്ന് പറഞ്ഞത് പറ്റിച്ചതെന്നും ഡോക്ടർമാരുടെ ഉത്തരവാദിത്വമില്ലായ്മ കാരണം ഒരുപാട് അനുഭവിക്കേണ്ടി വന്നതായും ഇവർ കുറിക്കുന്നു. നീണ്ട കുറിപ്പിലൂടെയാണ് ബച്ചൻ ഇവർക്ക് മറുപടി നൽകിയത്.

"ജാൻവി ജി.. താങ്കളുടെ പിതാവിന് സംഭവിച്ച കാര്യത്തിൽ ഞാൻ ഖേദം അറിയിക്കുന്നു. ചെറുപ്പം മുതലേ മോശമായ ആരോഗ്യസ്ഥിതിയിലൂടെ ഞാൻ കടന്നുപോയിട്ടുണ്ട്. മെഡിക്കൽ പ്രൊഫഷന് അതിന്റെതായ ചില നിയമങ്ങൾ ഉണ്ട്. അവിടെ ഡോക്ടർമാരും നഴ്സുമാരും മാനേജ്മെന്റും രോഗിയുടെ പരിചരണത്തിൽ പരമാവധി ശ്രദ്ധ ചെലുത്തുന്നത് ഞാൻ കണ്ടിട്ടുണ്ട്.

ലാബ് ടെസ്റ്റുകളിൽ ചിലപ്പോൾ പിഴവ് സംഭവിച്ചേക്കാം. ഏത് അസുഖവും കണ്ടെത്താൻ വേറെയും ടെസ്റ്റുകളും നിരീക്ഷണങ്ങളുമുണ്ട്. എന്റെ അനുഭവത്തിൽ ഇതുവരെ ഒരു ഡോക്ടറോ ആശുപത്രിയോ പെരുമാറ്റച്ചട്ടം ലംഘിച്ച് വാണിജ്യപരമായ നേട്ടങ്ങൾക്ക് ചികിത്സ നടത്തുന്നത് കണ്ടിട്ടില്ല. ഇതിനോട് ഞാൻ താഴ്മയോടെ വിയോജിക്കുന്നു

ആ ആശുപത്രിക്ക് ഞാൻ പരസ്യം നൽകിയിട്ടില്ല. നാനാവതി ആശുപത്രിയിൽ എനിക്ക് ലഭിച്ച ചികിത്സയ്ക്കുള്ള നന്ദിയാണ് പറഞ്ഞത്. ഇതിന് മുമ്പും ഞാൻ അത് ചെയ്തിട്ടുണ്ട്. ഇനിയും ആദരവോടെ തന്നെ ചെയ്യും. നിങ്ങൾക്ക് എന്നോടുള്ള ആദരവ് നഷ്ടപ്പെട്ടിട്ടുണ്ടാകാം എന്നാൽ ഈ രാജ്യത്തെ ഡോക്ടർമാരോടും മെഡിക്കൽ പ്രൊഫഷനോടുമുള്ള ആദരവ് എനിക്ക് നഷ്ടമാകില്ല. അവസാനമായി ഒരു കാര്യം, എന്റെ ആദരവും ഉത്തരവാദിത്തവും നിങ്ങൾ വിലയിരുത്തേണ്ട ആവശ്യമില്ല." ബച്ചൻ കുറിച്ചു

അമിതാഭ് ബച്ചനുൾപ്പടെ കുടുംബത്തിലെ നാല് പേർക്കാണ് കോവിഡ് ​സ്ഥിരീകരിച്ചിരുന്നത്. ഐശ്വര്യയും മകൾ ആരാധ്യയും നേരത്തെ രോ​ഗം ഭേദമായി ആശുപത്രി വിട്ടിരുന്നു. മുംബൈ നാനാവതി ആശുപത്രിയിലായിരുന്നു ബച്ചനും കുടുംബവും ചികിത്സയിൽ കഴിഞ്ഞത്. ഏതാണ്ട് 23 ദിവസത്തെ ചികിത്സയ്ക്ക് ശേഷമാണ് ബച്ചന് കോവിഡ് ഫലം നെ​ഗറ്റീവായത്. അഭിഷേക് ബച്ചൻ ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്.

Content Highlights : Amitabh Bachchan replies to woman who said she totally lost respect for him