താരനിരകളെ കൊണ്ട് ശ്രദ്ധേയമാവുകയാണ് നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന പ്രഭാസിന്റെ ഇരുപത്തിയൊന്നാം ചിത്രം. ബാഹുബലിയിലൂടെ ജനഹൃദയത്തിലിടം നേടിയ പ്രഭാസിന്റെ പുതിയ ചിത്രത്തില്‍ ഇന്ത്യന്‍ ചലച്ചിത്ര രംഗത്തെ ഇതിഹാസ താരം അമിതാഭ് ബച്ചനും പ്രധാന വേഷത്തിലെത്തുന്നു. പ്രഭാസ് തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്. 

ഏറെ കാലത്തെ സ്വപ്‌നം യാഥാര്‍ത്ഥ്യമാവുകയാണെന്ന് വീഡിയോ പങ്കുവെച്ചുകൊണ്ട് പ്രഭാസ് പറഞ്ഞു. ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിത്രം നിലവില്‍ 'പ്രഭാസ് 21'എന്നാണ് അറിയപ്പെടുന്നത്.

ചിത്രത്തില്‍ നായികയായി എത്തുന്നത് ബോളിവുഡ് താരം ദീപിക പദുകോണാണ്.  ക്രിയേറ്റീവ് മെന്ററായി പ്രശസ്ത സംവിധായകനും നടനുമായ സിങ്കീതം ശ്രീനിവാസ റാവു എത്തുന്നുണ്ട്. 

മഹാനടിയുടെ സംവിധായകന്‍ നാാഗ് അശ്വിന്‍ ഒരുക്കുന്ന പ്രഭാസ് ചിത്രം സാങ്കല്‍പ്പിക മൂന്നാം ലോകമഹായുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ഫ്യൂച്ചറിസ്റ്റിക് സയന്‍സ് ഫിക്ഷന്‍ ത്രില്ലറാണ്.

വൈജയന്തി മൂവീസിന്റെ ബാനറില്‍ അശ്വിനി ദത്താണ് ചിത്രം നിർമിക്കുന്നത്. ദീപികയുടെ ടോളിവുഡ് അരങ്ങേറ്റ ചിത്രം കൂടിയാണിത്. 2023 ല്‍ ചിത്രം പ്രദര്‍ശനത്തിന് എത്തിക്കാനാണ് അണിയറപ്രവര്‍ത്തകരുടെ തീരുമാനം.

Content Highlights : Amitabh Bachchan joins Prabhas and Deepika Padukone in Nag Aswin Movie