കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന ബച്ചൻ കുടുംബത്തിന്റെ സുഖ പ്രാപ്തിക്കായി യാഗം അനുഷ്ഠിക്കാനൊരുങ്ങി കൊൽക്കത്തയിലെ അമിതാഭ് ബച്ചൻ ഫാൻസ് അസോസിയേഷൻ. ബച്ചൻ കുടുംബത്തിനായി നോൺ സ്റ്റോപ് മഹാ മഹാമൃത്യുഞ്ജയ ഹോമം കഴിഞ്ഞ ദിവസം ആരംഭിച്ചുവെന്നാണ് പിടിഐ റിപ്പോർട്ട് ചെയ്യുന്നു.
ബച്ചൻ കുടുംബത്തിനായി സമർപ്പിച്ച ഷഹൻഷ അമ്പലത്തിലാണ് ആദ്യം ഹോമത്തിന്റെ ചടങ്ങുകൾ നടന്നത്. എന്നാൽ പിന്നീട് വേദി മാറ്റുകയായിരുന്നു. കുടുംബം സുഖപ്രാപ്തി നേടി ആശുപത്രി വിടാതെ തങ്ങൾ പ്രാർഥന നിർത്തില്ലെന്നാണ് ആരാധകരുടെ പക്ഷം. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ഹോമം നടത്തുന്നതെന്നും വളരെ ചുരുക്കം പേരെ മാത്രമേ പങ്കെടുക്കുന്നുള്ളൂ എന്നും ഷഹൻഷ ക്ഷേത്രത്തിലേക്ക് ആരാധകരെ കയറ്റുന്നില്ലെന്നും ഇവർ വ്യക്തമാക്കുന്നു.
എല്ലാവർഷവും ആഗസ്റ്റ് രണ്ടിനാണ് ഫാൻസ് അസോസിയേഷൻ വാർഷികാഘോഷങ്ങൾ സംഘടിപ്പിക്കാറുള്ളത്. കൂലി എന്ന സിനിമയ്ക്കിടയിൽ ഉണ്ടായ അപകടത്തെ തരണം ചെയ്ത് ബിഗ് ബി ജീവിതത്തിലേക്ക് തിരിച്ചു വന്ന ദിവസമാണ് ആഗസ്റ്റ് രണ്ട് അതിനാലാണ് ആ ദിവസം ആഘോഷമാക്കുന്നതെന്ന് ഇവർ പറയുന്നു. ഉംഫാൻ ചുഴലിക്കാറ്റ് കൊൽക്കത്തയെ പിടിച്ചു കുലുക്കിയ സമയത്ത് തങ്ങളുടെ സുഖവിവരം അന്വേഷിച്ച് ബച്ചൻ എസ്.എം,എസ് അയച്ചിരുന്നുവെന്നും ഇവർ പറയുന്നു.
കഴിഞ്ഞ ദിവസമാണ് ബച്ചൻ കുടുംബത്തിലെ നാല് പേർക്ക് കോവിഡ് സ്ഥിരീകരിച്ച വാർത്ത പുറത്ത് വന്നത്. അമിതാഭ് ബച്ചന് പുറമേ അഭിഷേക് ബച്ചൻ, ഐശ്വര്യ റായ് ബച്ചൻ, ആരാധ്യ ബച്ചൻ എന്നിവരാണ് കോവിഡ് ബാധയെ തുടർന്ന് ചികിത്സയിൽ കഴിയുന്നത്.
കുടുംബത്തിൽ ആദ്യം കോവിഡ് സ്ഥിരീകരിച്ചത് അമിതാഭ് ബച്ചനാണ്. തനിക്ക് കോവിഡ് സ്ഥിരീകരിച്ച കാര്യം ബച്ചൻ തന്നെയാണ് ട്വീറ്ററിലൂടെ പങ്കുവെച്ചത്. താനുമായി കഴിഞ്ഞ പത്തു ദിവസത്തിനുള്ളിൽ സമ്പർക്കം പുലർത്തിയ എല്ലാവരും പരിശോധന നടത്തണമെന്ന് ബച്ചൻ ആവശ്യപ്പെട്ടു. തൊട്ടുപിന്നാലെ അസുഖം സ്ഥിരീകരിച്ചുവെന്ന് വ്യക്തമാക്കി അഭിഷേകും രംഗത്ത് വന്നു. ഇതിന് പിന്നാലെയാണ് ഐശ്വര്യയ്ക്കും മകൾക്കും കോവിഡ് സ്ഥിരീകരിച്ച വാർത്ത പുറത്ത് വന്നത്. മുംബൈ നാനാവതി ആശുപത്രിയിലാണ് അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും ചികിത്സയിൽ കഴിയുന്നത്. ഐശ്വര്യയും മകൾ ആരാധ്യയും വീട്ടിൽ ക്വാറന്റൈനിൽ കഴിയുന്നു.
Content Highlights :Amitabh Bachchan fans in Kolkata start non stop yagna Bachchan Family Covid