കൊറോണ വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട് തെറ്റായ വിവരം പങ്കുവച്ച് അമിതാഭ് ബച്ചന്, ഇത് രണ്ടാം തവണയാണ് താരത്തിന് ഈ വിഷയത്തില്‍ അബദ്ധം സംഭവിക്കുന്നത്. കൊറോണ വൈറസ് ഈച്ചകളിലൂടെ പടരും എന്ന വിവരമാണ് ബച്ചന് പങ്കുവച്ചത്. ചൈനീസ് വിദഗ്ധരെ ഉദ്ധരിച്ച് ട്വിറ്ററില്‍ വീഡിയോ പോസ്റ്റ് ചെയ്യുകയായിരുന്നു താരം.
'ദ് ലാന്‍സെറ്റ് നടത്തിയ പഠനത്തില്‍ കൊറോണ വൈറസ് റെസ്പിറേറ്ററി സാംപിളുകളില്‍ ജീവിക്കുന്നതില്‍ കൂടതല്‍ കാലം മനുഷ്യ വിസര്‍ജ്യത്തില്‍ ഉണ്ടാവുമെന്നാണ് പറയുന്നത്. ശൗചാലയങ്ങള്‍ ശീലമാക്കൂ. നമുക്ക് ഒരുമിച്ച് കൊറോണയെ തോല്പിക്കാം.'- ബച്ചന് വീഡിയോയ്ക്കൊപ്പം കുറിച്ചു.
ഒരു ഈച്ച ഈ വിസര്‍ജ്യത്തില്‍ ഇരുന്നതിനു ശേഷം മനുഷ്യരുടെ ഭക്ഷണത്തില്‍ ഇരുന്നാല്‍ അതിലൂടെ കൊറോണ പടരാന്‍ സാധ്യതയുണ്ടെന്നായിരുന്നു വീഡിയോയുടെ ഉള്ളടക്കം
ബച്ചന്റെ വീഡിയോ വൈറലായതിന് പിന്നാലെ ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലാവ് അഗര്‍വാള്‍ ട്വീറ്റിന് മറുപടിയുമായെത്തി. ''ഞാന്‍ ട്വീറ്റ് കണ്ടിട്ടില്ല, പക്ഷേ ഇത് ഒരു പകര്‍ച്ചവ്യാധിയാണ്, ഈച്ചകളിലൂടെ പടരില്ല'' എന്ന് അദ്ദേഹം വ്യക്തമാക്കി.
ഇതിന് പിന്നാലെ ബച്ചന് ട്വീറ്റ് നീക്കം ചെയ്തെങ്കിലും അദ്ദേഹത്തിന്റെ പേരിലുള്ള ഇന്‍സ്റ്റാഗ്രാമില്‍ വീഡിയോ ഇപ്പോഴും പ്രചരിക്കുന്നുണ്ട്.
ഇതിനു മുന്‍പും താരം സമാനമായരീതിയില്‍ തെറ്റായ പ്രചാരണം നടത്തിയിരുന്നു. കയ്യടിക്കുന്നതും ശംഖു മുഴക്കുന്നതും വൈറസിനെ ദുര്‍ബലപ്പെടുത്തുമെന്നുമായിരുന്നു ബച്ചന് ട്വീറ്റ് ചെയ്തത്. മാര്‍ച്ച് 22 ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ജനത കര്‍ഫ്യുവിന്റെ ഭാഗമായി രാജ്യത്തെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആദരമര്‍പ്പിച്ച് കയ്യടിക്കണമെന്ന നിര്‍ദേശത്തെ വ്യാഖ്യാനിച്ചു കൊണ്ടായിരുന്നു ബച്ചന്റെ ട്വീറ്റ്. എന്നാല്‍ ഇതിനെതിരേ വിമര്‍ശനമുയര്‍ന്നതോടെ ബച്ചന് ട്വീറ്റ് നീക്കം ചെയ്തു.
Content Highlights : Amitabh Bachchan Fake Information About Corona Virus spread