ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചന് ഇന്ന് 74 -ാം പിറന്നാള്‍. ഇന്ത്യന്‍ സിനിമയുടെ ഷെഹന്‍ഷായായും ഡോണായും ക്ഷുഭിത യൗവ്വനത്തിന്റെ മുഖമായും മാറിയ അഭിനയ പ്രതിഭ. മതിയാവോളം ഗാംഭീര്യമില്ലെന്നു പറഞ്ഞ് ആകാശവാണി തിരസ്‌കരിച്ച ശബ്ദം കൊണ്ട് ഇന്ത്യന്‍ സിനിമാലോകത്തെ ദശകങ്ങളോളം ഇദ്ദേഹം കൈപ്പിടിയിലൊതുക്കി. 

സഞ്ജീറില്‍ കാക്കിയണിഞ്ഞും ബോളിവുഡ് സുന്ദരിമാര്‍ക്കൊപ്പം റൊമാന്റിക് ഹീറോയായും സ്‌ക്രീനില്‍ നിറഞ്ഞാടി. ഇടയ്ക്ക് അഭിനയത്തിന് ഇടവേള പ്രഖ്യാപിച്ചെങ്കിലും മിനിസ്‌ക്രീനിലൂടെ അദ്ദേഹം ശക്തമായ തിരിച്ചു വരവ് നടത്തി. ഏറ്റവും മികച്ച അഭിനയ മുഹൂര്‍ത്തങ്ങള്‍ കാഴ്ച വയ്ക്കുന്ന സിനിമകളായിരുന്നു രണ്ടാംവരവില്‍ ബിഗ് ബിയുടെത്. 

ഓര്‍മകള്‍ മാഞ്ഞുപോകുന്ന അധ്യാപകനായി ബ്ലാക്കിലും അപൂര്‍വ്വരോഗത്തിന്റെ പിടിയില്‍പ്പെട്ട പന്ത്രണ്ടുകാരനായി പായിലും ബിഗ് ബി പ്രത്യക്ഷപ്പെട്ടു. വാശിക്കാരനായ അച്ഛനായി പികുവിലും അഭിഭാഷകനായി പിങ്കിലും പ്രത്യക്ഷപ്പെട്ട അമിതാഭ് പ്രേക്ഷകനെ പരിപൂര്‍ണ സംതൃപ്തനാക്കി. സിനിമയ്ക്കു നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് പത്മശ്രീ, പത്മഭൂഷണ്‍, പത്മ വിഭൂഷണ്‍ പുരസ്‌കാരങ്ങള്‍ രാജ്യം ഇദ്ദേഹത്തിനു സമ്മാനിച്ചു.