ദുൽഖർ സൽമാൻ നായകനാകുന്ന മൂന്നാമത്തെ ബോളിവുഡ് ചിത്രത്തിന്റെ വിവരങ്ങൾ പുറത്തുവന്നത് കഴിഞ്ഞ ദിവസമാണ്. ആര്‍ ബാല്‍കി സംവിധാനം ചെയ്യുന്ന ത്രില്ലർ ചിത്രത്തിൽ പൂജ ഭട്ട്, സണ്ണി ഡിയോള്‍, ശ്രേയ ധന്വന്തരി എന്നിവരും പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. ഇപ്പോഴിതാ ഈ ചിത്രത്തിൽ അമിതാഭ് ബച്ചനും ഒരു കഥാപാത്രമായി എത്തുന്നുവെന്നാണ് റിപ്പോർട്ടുകൾ. 

അതിഥി വേഷത്തിലാകും ബച്ചൻ ചിത്രത്തിലെത്തുക. എങ്കിലും കഥാ​ഗതി നിർണയിക്കുന്ന കഥാപാത്രമാകും ബച്ചന്റേതെന്ന് സംവിധായകൻ ബാൽകി ഒരു അഭിമുഖത്തിൽ വ്യക്തമാക്കി. "അദ്ദേഹം ഈ ചിത്രത്തിൽ ഉണ്ടാവും. എന്റെ ആദ്യ ചിത്രമായ ചീനി കം മുതൽ പാഡ്മാൻ വരെയുള്ള ചിത്രങ്ങളിൽ ബച്ചൻ വേഷമിട്ടിരുന്നു. ഈ ത്രില്ലർ ചിത്രത്തിൽ കഥയുടെ നിർണായക സന്ദർഭത്തിലാകും ബച്ചൻ അവതരിപ്പിക്കുന്ന കഥാപാത്രം എത്തുക. നിർണായക വേഷമാണ്. അദ്ദേഹത്തെ അഭിനയിപ്പിക്കണമെന്ന് കരുതി മാത്രം ഞാൻ ഒരു കഥാപാത്രത്തെ കണ്ടെത്താറില്ല". ബാൽകി വ്യക്തമാക്കുന്നു. 

കാര്‍വാന്‍, സോയ ഫാക്ടര്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ദുല്‍ഖര്‍ അഭിനയിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. കാര്‍വാനില്‍ അന്തരിച്ച നടന്‍ ഇര്‍ഫാന്‍ ഖാനായിരുന്നു മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ നായകനായി ദുല്‍ഖര്‍ എത്തിയ സോയ ഫാക്ടറില്‍ സോനം കപൂറായിരുന്നു നായിക. 

കുറുപ്പ് ആണ് മലയാളത്തിൽ ദുൽഖറിന്റെ റിലീസിന് തയ്യാറെടുത്തിരിക്കുന്ന ചിത്രം. റോഷൻ ആൻഡ്രൂസിന്റെ സംവിധാനത്തിൽ ഒരുങ്ങിയ സല്യൂട്ടിലാണ് ദുൽഖർ ഒടുവിൽ വേഷമിട്ടത്. 

content highlights : Amitabh Bachchan also part of Dulquer Salman Sunny deol Pooja bhat Balki directorial bollywood movie