മുംബൈ: ഇന്ത്യന്‍ സിനിമയുടെ 'സ്വകാര്യ അഹങ്കാരം' അമിതാഭ് ബച്ചന് സിനിമയിലെത്തിയിട്ട് വ്യാഴാഴ്ച 50 വര്‍ഷം പൂര്‍ത്തിയാക്കി. ഈ അവസരത്തില്‍ മകന് ബോളിവുഡ് നടന് അഭിഷേക് ബച്ചന് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ദീര്‍ഘമേറിയ കുറിപ്പ് ആരാധകരുടെ ഹൃദയം കവര്‍ന്നിരിക്കയാണ്.
''മകനെന്ന നിലയില്‍ മാത്രമല്ല, നടനെന്ന നിലയിലും ആരാധകനെന്ന നിലയിലും അങ്ങയെപ്പോലുള്ള മഹദ് വ്യക്തിത്വത്തെ കാണാന്‍ കഴിഞ്ഞതില്‍ അനുഗൃഹീതനാണ്. അങ്ങയെ ആദരിക്കാനും അങ്ങില്‍നിന്നു പഠിക്കാനും കൂടുതല്‍ അഭിനന്ദിക്കാനും ഇനിയുമേറെയുണ്ട്'' -അഭിഷേക് പറഞ്ഞു. ബച്ചന്റെ കാലത്തുജീവിച്ചിരുന്നവരാണെന്ന് പറയാന്‍ ഒട്ടേറെ സിനിമാപ്രേമികള്‍ക്കു അവസരമുണ്ടായിരിക്കുന്നുവെന്ന് പറഞ്ഞ അഭിഷേക് അടുത്ത അമ്പതുവര്ഷങ്ങള്ക്കായി കാത്തിരിക്കുകയാണെന്നും കൂട്ടിച്ചേര്‍ത്തു. ഒപ്പം തന്റെ ആരോഗ്യനില ആരാധകരുമായി പങ്കുവെച്ച് അമിതാഭ് ബച്ചനും രംഗത്തെത്തി. ജോലി വെട്ടിക്കുറയ്ക്കാന്‍ ഡോക്ടര്‍മാര്‍ ഉപദേശിച്ചതായി അദ്ദേഹം ബ്ലോഗില്‍ കുറിച്ചു. 'സ്വര്ഗത്തില്നിന്നെത്തിയ, സ്റ്റെതസ്കോപ്പ് അണിഞ്ഞ സന്ദേശവാഹകരുടെ' ശക്തമായ മുന്നറിയിപ്പുണ്ടെങ്കിലും താന്‍ ജോലിയില്‍ തുടരുമെന്നും അദ്ദേഹം കുറിച്ചു.