നടൻ ഋഷി കപൂറിന്റെ ഓർമകളുമായി അമിതാഭ് ബച്ചന്റെ ബ്ലോ​ഗ്. അടുത്ത സുഹൃത്തായിട്ടുപോലും എന്തുകൊണ്ട് ഋഷി കപൂറിനെ ആശുപത്രിയിൽ സന്ദർശിച്ചില്ല എന്ന് വെളിപ്പെടുത്തുകയാണ് ബച്ചൻ. "ശിശുവിന്‍റേതുപോലുള്ള നിഷ്കളങ്കമായ ആ മുഖത്ത് നിരാശ തങ്ങിനിൽക്കുന്നത് കാണാൻ എനിക്കാവില്ലായിരുന്നു. പക്ഷെ ഒരു കാര്യം എനിക്കുറപ്പാണ്. അന്ത്യയാത്രയിലും കുലീനമായ ഒരു പുഞ്ചിരി അവന്‍റെ മുഖത്ത് തങ്ങിനിന്നിട്ടുണ്ടായിരിക്കും." ബച്ചൻ കുറിക്കുന്നു.

ഋഷി കപൂറിന്‍റെ വീട്ടിലും ആർ.കെ സ്റ്റുഡിയോയിലും വെച്ചുള്ള കൂടിക്കാഴ്ചകൾ, അദ്ദേഹത്തിന്‍റെ നടത്തത്തിന്‍റെയും സംഭാഷണത്തിന്‍റെയും സവിശേഷതകൾ, നർമബോധം എന്നിവയെക്കുറിച്ചെല്ലാം ബി​ഗ് ബി തന്റെ ബ്ലോ​ഗിൽ കുറിക്കുന്നു

ബച്ചന്റെ ബ്ലോ​ഗ്

''രാജ് ജിയുടെ വീട്ടിലേക്ക് ക്ഷണിക്കപ്പെട്ട അഥിതിയായി ചെല്ലാനുള്ള ഭാ​ഗ്യം ലഭിച്ച അപൂർവമായ നിമിഷങ്ങളിൽ ചെമ്പൂരിലെ കോട്ടേജിൽ വച്ചാണ് ചെറുപ്പക്കാരനായ, ഊർജസ്വലനായ, കണ്ണുകളിൽ കുസൃതി ഒളിപ്പിച്ച ചിന്റുവിനെ കാണുന്നത്.

പിന്നീട് ആർകെ സ്റ്റുഡിയോയിൽ വച്ച് പലപ്പോഴും കണ്ടു, ബോബി എന്ന ചിത്രത്തിനായി നടനാവാൻ കഠിനമായി, ഉത്സാഹപൂർവം പരിശീലിക്കുന്ന ചെറുപ്പക്കാരനെ...ആത്മവിശ്വാസവും നിശ്ചയദാർഡ്യവും നിഴലിക്കുന്ന നടത്തമായിരുന്നു അവന്. ചിന്റുവിന്റെ മുത്തച്ഛൻ ഇതിഹാസം പൃഥ്വിരാജ് ജിയെ അനുസ്മരിപ്പിക്കുന്ന സ്റ്റൈൽ. ആ നടത്തം മറ്റാരിലും ഞാൻ കണ്ടിട്ടില്ല. 

ഞങ്ങൾ ഒരുമിച്ച് ഒരുപാട് സിനിമകൾ ചെയ്തു. അവൻ എന്ത് പറഞ്ഞാലും ഓരോ വാക്കും നമ്മൾ വിശ്വസിക്കും. അതല്ലാതെ മറ്റൊരു മാർ​ഗമില്ല, അതിന്റെ വിശ്വാസ്യത ചോദ്യം ചെയ്യാനാകില്ല. പാട്ടുകൾക്ക് അവൻ ചുണ്ടനക്കുന്നത് പോലെ കൃത്യമായി മറ്റാർക്കും ചെയ്യാനാകില്ല. 

സെറ്റിലെ അവന്റെ കുസൃതികൾ പകർച്ചവ്യാധി പോലെയായിരുന്നു. എത്ര ​ഗൗരവകരമായ സാഹചര്യമാണെങ്കിലും അവൻ അതിൽ ഹാസ്യം കണ്ടെത്തും ഞങ്ങളെല്ലാം പൊട്ടിച്ചിരിപ്പിക്കും. 

സെറ്റിൽ മാത്രമല്ല, അവനൊപ്പം പങ്കെടുക്കുന്ന ഏത് പരിപാടിയുമാകട്ടെ...

രോ​ഗം തിരിച്ചറിഞ്ഞ സമയത്തോ ചികിത്സയ്ക്കിടയിലെ ഒരിക്കൽ പോലും അവൻ തന്റെ അവസ്ഥയെക്കുറിച്ചോർത്ത്  വിലപിച്ചിട്ടില്ല. പെട്ടെന്ന് തന്നെ കാണാം, ഇത് വെറുമൊരു സാദാ ആശുപത്രി സന്ദർശനം മാത്രമാണ്, ഞാൻ തിരിച്ചു വരും...ഇതായിരുന്നു നിലപാട്. 

ജീവിതം ആസ്വദിക്കുക..അത് അവന് അച്ഛനിൽ നിന്ന് പകർന്ന് കിട്ടിയ ജീനിന്റെ പ്രത്യേകതയാണ്. ഇതിഹാസം, രാജ് കപൂറിൽ നിന്ന്...

ഞാനവനെ ഒരിക്കലും ആശുപത്രിയിൽ സന്ദർശിച്ചില്ല, ശിശുവിന്‍റേതുപോലുള്ള നിഷ്കളങ്കമായ ആ മുഖത്ത് നിരാശ തങ്ങിനിൽക്കുന്നത് കാണാൻ എനിക്കാവില്ലായിരുന്നു. പക്ഷെ ഒരു കാര്യം എനിക്കുറപ്പാണ്. അന്ത്യയാത്രയിലും കുലീനമായ ഒരു പുഞ്ചിരി അവന്‍റെ മുഖത്ത് തങ്ങിനിന്നിട്ടുണ്ടായിരിക്കും.''

ബച്ചനാണ് ഋഷി കപൂറിന്റെ മരണവാർത്ത ട്വീറ്റ് ചെയ്തത്

അയാള്‍ പോയി, ഋഷി കപൂര്‍. പോയി. ഇപ്പോഴാണ്. ഞാന്‍ ആകെ തകര്‍ന്നുപോയി. ബച്ചന്‍ ട്വീറ്റ് ചെയ്തു. ഇതായിരുന്നു ഋഷിയുടെ മരണവിവരം പുറംലോകത്തെത്തിച്ച ആദ്യ ട്വീറ്റ്. എന്നാൽ പിന്നീട് ഈ ട്വീറ്റ് നീക്കം ചെയ്യപ്പെട്ടു. 

നിരവധി ചിത്രങ്ങളില്‍ ഒന്നിച്ചു വേഷമിട്ടവരാണ് ബിഗ് ബിയും ഋഷിയും. രോഗത്തിന്റെ അവശതമാറ്റി ഋഷി ബച്ചനൊപ്പം അഭിനയിച്ചിരുന്നു, രണ്ട് വര്‍ഷം മുന്‍പ് പുറത്തിറങ്ങിയ ഉമഷ് ശുക്ലയുടെ 102 നോട്ടൗട്ട്. അച്ഛനും മകനുമായിട്ടായിരുന്നു ഇരുവരും ഈ കോമഡി ചിത്രത്തില്‍ അഭിനയിച്ചത്. ബച്ചന്‍ ദത്താത്രയ വഖാരിയ എന്ന 102 വയസ്സുകാരന്‍ അച്ഛനും, ഋഷി കപൂര്‍ എഴുപത്തിയാറുകാരനായാ ബാബുലാല്‍ വഖാരിയായുമാണ് വേഷമിട്ടത്. ഇരുപത്തിയേഴ് വര്‍ഷത്തെ ഇടവേളയ്ക്കുശേഷമായിരുന്നു ഈ ചിത്രത്തിനുവേണ്ടി ഇരുവരും ഒന്നിച്ചത്. 1991ല്‍ പുറത്തിറങ്ങിയ ശശി കപൂറിന്റെ അജൂബയിലായിരുന്നു അതിന് മുന്‍പ് ഇരുവരും അവസാനമായി വേഷമിട്ടത്.

Content Highlights : Amitabh Bachachan Blog About Rishi Kapoor Says Why He never Visited Rishi in Hospital