ബോക്‌സ് ഓഫീസ് കളക്ഷനില്‍ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ച ദംഗലിന് ശേഷം ആമിര്‍ ഖാന്‍ അഭിനയിക്കുന്ന പുതിയ ചിത്രമാണ് സീക്രട്ട് സൂപ്പര്‍ സ്റ്റാര്‍. ദംഗലില്‍ ആമിറിന്റെ മകളായി വേഷമിട്ട സൈറ വാസിം തന്നെയാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ സ്‌പെഷ്യല്‍ സ്‌ക്രീനിങ് കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നടന്നു. മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിക്കും മകള്‍ക്കും വേണ്ടിയാണ് ആമിര്‍ ചിത്രത്തിന്റെ പ്രത്യേക പ്രദർശനം ഒരുക്കിയത്.
 
ചിത്രം അദ്വാനിയെ വല്ലാതെ സ്പര്‍ശിച്ചുവെന്നും ചിത്രത്തിലെ പ്രധാന കഥാപാത്രമായ ഇന്‍സുവിനെ അവതരിപ്പിച്ച സൈറയുമായി  ചിത്രത്തെക്കുറിച്ച് ചര്‍ച്ച നടത്തിയെന്നും ഇന്ത്യ ടുഡെ  റിപ്പോര്‍ട്ട് ചെയ്തു. മാത്രമല്ല പ്രദര്‍ശനത്തിന് ശേഷം അതിഥികള്‍ എഴുന്നേറ്റു നിന്ന് കൈയടിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

ചിത്രത്തിൽ ശക്തികുമാര്‍ എന്ന മ്യൂസിക് കമ്പോസറുടെ വേഷമാണ് ആമിര്‍ കൈകാര്യം ചെയ്യുന്നത്. ഒരു ഗായികയാവാന്‍ മോഹിക്കുന്ന ഇന്‍സു എന്ന പെണ്‍കുട്ടിയുടെ വേഷമാണ് സൈറയ്ക്ക്. എന്നാല്‍ അവളുടെ സ്വപ്നങ്ങള്‍ക്ക് മതങ്ങളുടെ വേലിക്കെട്ടുകള്‍ കൊണ്ട്  അച്ഛന്‍ വിലങ്ങ് തീർക്കുകയാണ്.

അദ്വൈത് ചന്ദന്‍ ആണ് ചിത്രത്തിന്റെ സംവിധാനം.  ദീപാവലി റിലീസ് ആയി ചിത്രം തീയറ്ററുകളിലെത്തും.