ജോണി ഡെപ്, അംബർ ഹേഡ്
ജോണി ഡെപ്പ് നല്കിയ മാനനഷ്ടക്കേസില്‍ തനിക്ക് 395 കോടി രൂപ(50 മില്യൺ ഡോളർ) നഷ്ടമായെന്ന് ആംബര്‍ ഹേര്‍ഡ്. വിചാരണക്ക് മുന്‍പ് കോടതിയില്‍ സമര്‍പ്പിച്ച രേഖകളിലാണ് ഹേര്‍ഡ് ഇതെക്കുറിച്ച് പരാമര്‍ശിച്ചിരിക്കുന്നതെന്ന് ദ ബീസ്റ്റ് ഡെയ്ലി റിപ്പോര്‍ട്ട് ചെയ്യുന്നു. അഞ്ചു വര്‍ഷത്തോളം നിയമപോരാട്ടം നീണ്ടതാണ് ഹേര്‍ഡിനെ പ്രതിസന്ധിയിലാക്കിയത്.
വിവാഹമോചനത്തിന്റെ സമയത്ത് 'പൈറേറ്റ്സ് ഓഫ് കരീബിയന്‍' അഞ്ചാം ഭാഗത്തില്‍നിന്ന് ഡെപ്പിന് ലഭിച്ച വരുമാനം ഹേര്‍ഡിന് നല്കാന് തീരുമാനിച്ചു. എന്നാല്‍, ഹേര്‍ഡ് അത് നിരസിച്ചുവെന്നും നടിയുടെ അഭിഭാഷകര്‍ പറയുന്നു. ഡെപ്പിന്റെയും ഹേര്‍ഡിന്റെയും വിവാഹസമയത്താണ് ഈ സിനിമ ചിത്രീകരിച്ചത്. തുടര്‍ന്ന് അതിനെ 'കമ്മ്യൂണിറ്റി പ്രോപ്പര്‍ട്ടി ആസ്തി' ആക്കുകയും വരുമാനത്തിന്റെ പകുതി ഹേര്‍ഡിന് അവകാശമായി നല്‍കുകയും ചെയ്തു.
ഹേര്‍ഡിന്റെ നഗ്നചിത്രങ്ങള്‍, പ്രണയബന്ധങ്ങള്‍ തുടങ്ങി ഡെപ്പിന്റെ അഭിഭാഷക സംഘം കോടതിയില്‍ സമര്‍പ്പിക്കാന്‍ സാധ്യതയുള്ള 'അപ്രസക്തമായ വ്യക്തിപരമായ കാര്യങ്ങളില്‍' നിന്നുള്ള തെളിവുകള്‍ ഉള്‍പ്പെടുത്തരുതെന്ന് ഹേര്‍ഡിന്റെ സംഘം ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഗാര്‍ഹിക പീഡനത്തെക്കുറിച്ച് ഹേര്‍ഡ് എഴുതിയ ലേഖനം തനിക്ക് മാനഹാനിയുണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഡെപ്പ് മാനനഷ്ടക്കേസ് നല്‍കിയത്. 2018-ല്‍ വാഷിങ്ടണ്‍ പോസ്റ്റില്‍ എഴുതിയ ലേഖനത്തില്‍ ഗാര്‍ഹികപീഡനത്തെ അതിജീവിച്ച വ്യക്തിയായാണ് ഹേര്‍ഡ് സ്വയം അവതരിപ്പിച്ചത്. ലേഖനത്തിലെവിടെയും ഡെപ്പിന്റെ പേരോ വ്യക്തിയെ തിരിച്ചറിയുന്ന സൂചനകളോ ഉണ്ടായിരുന്നില്ല. എന്നാല്‍, തന്നെ വ്യക്തിഹത്യ ചെയ്യാനും സിനിമാജീവിതം തകര്‍ക്കാനും ഉദ്ദേശിച്ചുള്ളതാണ് ലേഖനമെന്ന് ആരോപിച്ച് 2019-ല്‍ ഡെപ്പ് കേസിനു പോയി. അഞ്ചു കോടി ഡോളറാണ് ആവശ്യപ്പെട്ടത്. ഇതിനെതിരേ 10 കോടി ഡോളറിന്റെ മാനനഷ്ടക്കേസ് ഹേഡും നല്കി. 2015-ലായിരുന്നു ഇവരുടെ വിവാഹം.
അടുത്ത കാലത്ത് അമേരിക്കയിലുണ്ടായ ഏറ്റവും ശ്രദ്ധേയമായ സെലിബ്രിറ്റി കേസാണിത്. വിചാരണ തത്സമയം സംപ്രേഷണം ചെയ്യുക കൂടി ചെയ്തതോടെ സാമൂഹിക മാധ്യമങ്ങളില്‍ സമാന്തര വിചാരണയും നടന്നു. ഡെപ്പിനെതിരേ ഗുരുതര ആരോപണങ്ങളാണ് ഹേര്‍ഡ് കോടതിയില്‍ ഉന്നയിച്ചത്. ഹ്രസ്വകാല ദാമ്പത്യത്തിലുടനീളം താന്‍ കടുത്ത ശാരീരിക, മാനസിക പീഡനത്തിന് വിധേയയായെന്ന് ഹേര്‍ഡ് വാദിച്ചു. ഡെപ്പ് മദ്യത്തിനും മയക്കുമരുന്നിനും അടിമയാണെന്നും പറഞ്ഞു. എന്നാല്‍, ഡെപ്പ് ആരോപണങ്ങളെല്ലാം തള്ളി. ഹേര്‍ഡിനെതിരേ കൂടുതല്‍ തെളിവുകള്‍ നിരത്താന്‍ സാധിച്ചതോടെ വിധി ഡെപ്പിന് അനുകൂലമായി. ലേഖനത്തിലെ മൂന്ന് പരാമര്‍ശങ്ങള്‍ വ്യക്തിഹത്യയാണെന്ന് ന്യായാധിപര്‍ അംഗീകരിച്ചു.
ജൂണ്‍ ഒന്നിന് ജൂറി ഡെപ്പിന് 10.35 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം വിധിച്ചതോടെയാണ് കേസ് അവസാനിച്ചത്. ഹേര്‍ഡ് നല്കിയ കേസുകളില്‍ ഒന്നിന് അവര്‍ക്ക് അനുകൂലമായും വിധിയെഴുതി. 2 മില്യണ്‍ നഷ്ടപരിഹാരമാണ് ഹേര്‍ഡിന് കോടതി നല്‍കിയത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..