മുന്‍ ഭര്‍ത്താവ് ജോണി ഡെപ്പിനെതിരേ പരാതി നല്‍കിയതിനെ തുടര്‍ന്ന് തനിക്ക് നേരേ വധഭീഷണി ഉയരുന്നുവെന്ന് ഹോളിവുഡ് നടി അമ്പര്‍ ഹേഡ്. ഡെപ്പിനിതിരേ ഗാര്‍ഹിക പീഡനം അടക്കമുള്ള പരാതികളാണ് അമ്പര്‍ നല്‍കിയിരിക്കുന്നത്. മോശം അനുഭവങ്ങള്‍ പുറത്ത് പറഞ്ഞതിന്റെ പേരില്‍ തന്നെ സിനിമയില്‍ പുറത്താക്കാന്‍ ശ്രമം നടന്നുവെന്നും അമ്പര്‍ വെളിപ്പെടുത്തി. 2015 ലാണ് അമ്പറും ഡെപ്പും വിവാഹിതരായത്. 2017 ല്‍ ബന്ധം വേര്‍പിരിയുകയും ചെയ്തു.

സംഭവത്തെക്കുറിച്ച് അമ്പര്‍ പറയുന്നത് ഇങ്ങനെ

പരാതി പറഞ്ഞതിനെ തുടര്‍ന്ന പല സിനിമകളില്‍ നിന്നും എന്നെ ഒഴിവാക്കി. ബ്ലാക്ക് ലിസ്റ്റ് ചെയ്യപ്പെട്ടാല്‍ ഒരിക്കലും അഭിനയിക്കാന്‍ സാധിക്കുകയില്ലെന്ന് എന്റെ സുഹൃത്തുക്കള്‍ എന്നെ ഉപദേശിച്ചു. ഗ്ലോബല്‍ ഫാഷന്‍ ബ്രാന്റിന്റെ ക്യാമ്പയിനില്‍ നിന്നും എന്നെ പുറത്താക്കി. വ്യക്തി ജീവിതത്തിലെ പ്രശ്‌നങ്ങള്‍ പുറത്ത് പറഞ്ഞതിന് ഞാന്‍ വലിയ വില നല്‍കേണ്ടി വന്നു.

ഗാര്‍ഹിക പീഡനം അനുഭവിക്കുന്ന സ്ത്രീകള്‍ക്ക് പ്രചോദനമേകാനാണ് ഞാന്‍ നിയമപോരാട്ടത്തിന് ഇറങ്ങിയത്. ഭീഷണി മുഴക്കിയുള്ള കോളുകളും സന്ദേശങ്ങളും ലഭിക്കുന്നതിനാല്‍ ആഴ്ച തോറും ഫോണ്‍ നമ്പര്‍ മാറ്റേണ്ട ഗതികേടിലാണ് ഞാനിപ്പോള്‍. വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു. പുറത്തേക്ക് ഇറങ്ങിയാല്‍ ഡ്രോണ്‍ ക്യാമറകളും കാറുകളും ബൈക്കുകളുമെല്ലാം എന്നെ പിന്തുടരുന്നു- അമ്പര്‍ പറഞ്ഞു.

തനിക്കേതിരേ അമ്പര്‍ കോടതിയില്‍ പറഞ്ഞതെല്ലാം അസത്യമാണെന്നാണ് ഡെപ്പിന്റെ വാദം. പൈരേറ്റ്‌സ് ഓഫ് ദ കരീബിയന്‍ ഫ്രാഞ്ചൈസിയില്‍ നിന്ന് ഡെപ്പ് പുറത്ത് പോയത് വ്യക്തി ജീവിതത്തില്‍ സംഭവിച്ച താളപ്പിഴകള്‍ കാരണമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

Content Highlights: Amber Heard against Johnny Depp domestic violence aquaman star hollywood news