നാണക്കേടിന്റെ മറ്റൊരു സിനിമകൂടിയാവുമോ എന്ന ശങ്ക അലട്ടി;'അമര'ത്തിന്റെ ഓർമയിൽ മഞ്ഞളാംകുഴി അലി


‘ഹല്ലാ…ഈ സ്ലാങ് പ്രശ്നമാവുമോ’ എന്ന് മമ്മൂട്ടി കൂടി ചോദിച്ചതോടെ അവസാന പ്രതീക്ഷയും അറ്റപോലെയായി.

Photo | Facebook, Ali Manjalamkuzhi

മമ്മൂട്ടി, മുരളി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഭരതൻ സംവിധാനം ചെയ്ത അമരം സിനിമയുടെ 30ാം വാർഷിക ദിനത്തിൽ ചിത്രീകരണ അനുഭവങ്ങൾ പങ്കുവച്ച് സിനിമയുടെ എംഎൽഎ മഞ്ഞളാംകുഴി അലി. മഞ്ഞളാകുഴി അലിയുടെ ഉടമസ്ഥതയിലുള്ള മാക് പ്രൊഡക്‌ഷൻസും സിംഫണി ക്രിയേഷൻ‌സും ചേർന്നായിരുന്നു ചിത്രത്തിന്റെ വിതരണം. ബാബു തിരുവല്ലയായിരുന്നു അമരം നിര്‍മിച്ചത്.ലോഹിതദാസ് തിരക്കഥയൊരുക്കിയ ചിത്രത്തിൽ അശോകൻ, മാതു, കെപിഎസി ലളിത, ചിത്ര തുടങ്ങിയ താരനിരയും അണിനിരന്നിരുന്നു. എന്നാൽ ചിത്രം റിലീസാവുന്നത് വരെ കലികയറിയ കടൽപോലെത്തന്നെ പ്രക്ഷുബ്ധമായിരുന്നു തങ്ങളുടെയും മനസെന്ന് പറയുകയാണ് അലി. കടപ്പുറം ഭാഷയും താരപരിവേഷമില്ലാത്ത മമ്മൂട്ടി കഥാപാത്രവും വിജയത്തെ ബാധിക്കുമോ എന്ന സംശയങ്ങൾക്കിടെ ചിത്രം മലയാളി പ്രേക്ഷകർ ഏറ്റെടുത്ത കഥ പറയുകയാണ് അലി

മഞ്ഞളാംകുഴി അലിയുടെ കുറിപ്പ് വായിക്കാം:

‘കടാപ്പുറ’ത്തിന്റെ കഥ പറഞ്ഞ ഹിറ്റ് ചിത്രം ‘അമര’ത്തിന് ഇന്ന് 30 വയസ്സായി. തിരയിളക്കംപോലെ എന്നുമെപ്പോഴും മനസ്സിലേക്ക് ഓടിയെത്തുന്നതാണ് അന്നത്തെ ആ ‘അമര’ക്കാലം.

മമ്മൂട്ടി നായകനായ ചിത്രം റിലീസ് ആവുന്നതുവരെ കലികയറിയ കടൽപോലെത്തന്നെ പ്രക്ഷുബ്ധമായിരുന്നു ഞങ്ങളുടെയെല്ലാം ഉള്ളകം. വ്യക്തിപരമായി എനിക്ക് വലിയ വെല്ലുവിളികൂടിയായിരുന്നു ആ സിനിമ. അതിന് തൊട്ടുമുമ്പ് മാക് പ്രൊഡക്‌ഷൻസ് നിർമ്മിച്ച ധ്വനി കുഴപ്പമില്ലാതെ ഓടിയെങ്കിലും പുറപ്പാട്, ജാതകം തുടങ്ങിയ സിനിമകൾ മോശം കലക്‌ഷനാണ് ബാക്കിവച്ചത്. ആളുകളെല്ലാം പരാജയപ്പെടുന്ന സിനിമാക്കാരനെന്ന നിലയിൽ നോക്കിക്കാണുന്നുവെന്ന് തോന്നിത്തുടങ്ങിയ കാലം. സിനിമാ ജീവിതത്തിൽ നിരാശയുടെ നിഴലാട്ടം കണ്ട നാളുകൾ. അപ്പോഴാണ് അമരത്തിൽ എത്തുന്നത്.

ഭരതേട്ടനായിരുന്നു സംവിധാനം. ലോഹിതദാസിന്റെ തിരക്കഥ. മമ്മൂട്ടിയെകൂടാതെ മുരളി, കെപിഎസി ലളിത, മാതു, അശോകൻ, ചിത്ര തുടങ്ങിയ മുൻനിരതാരങ്ങൾ. കഥ കേട്ടുകഴിഞ്ഞപ്പോൾ കടപ്പുറം ഭാഷയിൽതന്നെ ചിത്രീകരിക്കണമെന്ന് മമ്മൂട്ടിയാണ് നിർബന്ധിച്ചത്. വലിയ പ്രതീക്ഷയോടെ, അതിലേറെ ആത്മവിശ്വാസത്തോടെ പടം പൂർത്തിയായി. ചെന്നൈയിൽ ഡബ്ബിങ് കഴിഞ്ഞു. ആദ്യ കോപ്പി പൂർത്തിയായപ്പോൾ സിനിമാ രംഗത്തും പുറത്തുമുള്ള കുറച്ചു സുഹൃത്തുക്കളെ സിനിമ കാണിച്ചു. സിനിമയിലെ അന്നത്തെ ‘പ്രമുഖ’രിൽ ചിലരെല്ലാം എന്നെ സ്വകാര്യമായി വിളിച്ച് ‘ഈ പടത്തിലെ സ്ലാങ് വലിയ പ്രശ്നമാവുമെന്ന്’ അഭിപ്രായപ്പെട്ടു. അച്ഛൻ വേഷത്തിലുള്ള, മുടിനരച്ച മമ്മൂട്ടി, പത്രാസില്ലാത്ത വേഷം, ഈ ഭാഷയും കൂടിയായാൽ ബുദ്ധിമുട്ടാവുമെന്നാണ് വിദഗ്ധരായ പലരും അന്ന് ഉപദേശിച്ചത്. നാട്ടിൻപുറത്തുള്ളവർ ഇത് അംഗീകരിക്കാനിടയില്ലെന്നായിരുന്നു അവരുടെ അഭിപ്രായം.

'കടാപ്പുറ'ത്തിന്റെ കഥ പറഞ്ഞ ഹിറ്റ് ചിത്രം 'അമര'ത്തിന് ഇന്ന് 30 വയസ്സായി. തിരയിളക്കംപോലെ എന്നുമെപ്പോഴും മനസ്സിലേക്ക്...

Posted by Ali Manjalamkuzhi on Monday, 1 February 2021

അന്നൊക്കെ സിനിമയുടെ ആദ്യഘട്ടംമുതൽ റിലീസ് വരെ പൂർണ്ണമായി സിനിമയോടൊപ്പം നിൽക്കുന്ന ശീലമുണ്ടായിരുന്നു. എല്ലാ പ്രതീക്ഷകളെയും നിഷ്പ്രഭമാക്കുന്ന അഭിപ്രായങ്ങൾ സുഹൃത്തുക്കളിൽനിന്ന് കേട്ടതോടെ ആകെ തകർന്നു. ധനനഷ്ടവും മാനഹാനിയും വരുത്തിയ മുൻസിനികളുടെ ഓർമ്മകളും വേട്ടയാടാൻ തുടങ്ങി.

ഒടുവിൽ രണ്ടുംകൽപ്പിച്ച് ഫിലിംപെട്ടികൾ തിയറ്ററുകളിലേക്ക് അയച്ചു. തിരുവനന്തപുരത്തേക്കുള്ള പെട്ടി യഥാസമയം അയക്കാൻ കഴിഞ്ഞില്ല. അതുകൊണ്ട് ആ പെട്ടിയുമായി ഞാൻതന്നെ നേരിട്ട് പോയി. അന്ന് വിമാനത്തിൽ മമ്മൂട്ടിയുമുണ്ടായിരുന്നു.

യാത്രയ്ക്കിടെ ‘ഹല്ലാ…ഈ സ്ലാങ് പ്രശ്നമാവുമോ’ എന്ന് മമ്മൂട്ടി കൂടി ചോദിച്ചതോടെ അവസാന പ്രതീക്ഷയും അറ്റപോലെയായി. മാത്രമല്ല, മമ്മൂട്ടിയ്ക്കും അത്ര നല്ല സമയമായിരുന്നില്ല അത്. നാണക്കേടിന്റെ മറ്റൊരു സിനിമകൂടിയാവുമോ എന്ന ശങ്ക അടിമുടി അലട്ടി. രാവിലെ തിയറ്ററിൽ എത്തി. വലിയ തള്ളലൊന്നുമില്ലാതെ തിയറ്റർ മെല്ലെ നിറഞ്ഞു. 10 മണിയുടെ ഷോ ആയിരുന്നതുകൊണ്ട് ചെറുപ്പക്കാരായിരുന്നു കൂടുതൽ.

ഷോ തുടങ്ങി അൽപ്പം കഴിഞ്ഞാണ് ഡയലോഗ്. കടലോരത്തെ ചെറ്റക്കുടിലിൽ മമ്മൂട്ടിയുടെ കഥാപാത്രം ചോറുണ്ണുന്നതാണ് രംഗം. വലിയ ഉരുളയാക്കി ‘മുത്തെ, അച്ഛന് ഇച്ചിരി കൂട്ടാന്റെ ചാറിങ്ങെടുത്തെ’ എന്ന് കടപ്പുറത്തിന്റെ ശൈലിയിൽ ആദ്യ ഡയലോഗ്. നെഞ്ച് പെടപെടാ പിടയ്ക്കുന്ന നേരം. കടപ്പുറത്തിന്റെ തിരയിളക്കമുള്ള ഭാഷ നാട്ടുകാർ സ്വീകരിക്കുമോ എന്ന ചിന്തയ്ക്ക് തീ പിടിച്ച നേരത്ത് അപ്രതീക്ഷിതമായി ആ മഹാൽഭുതം സംഭവിച്ചു. ഡയലോഗ് കഴിഞ്ഞയുടനെ തിയറ്റർ ഹർഷാരവങ്ങൾകൊണ്ട് നിറഞ്ഞു. പൂമാലകൾ തിയറ്ററിലൂടെ പറന്നു.

സിനിമ വിജയിക്കാൻ പോകുന്നുവെന്ന് തിരിച്ചറിഞ്ഞ സെക്കന്റുകൾ. തിയറ്ററിലെ ആവേശം എന്നിലേക്കും ഇരച്ചുകയറി. സെക്കൻഡ് ക്ലാസ് സീറ്റുകൾക്ക് പിറകിൽ പൊലീസുകാർക്കിടയിൽ നിന്നുകൊണ്ടായിരുന്നു ഞാൻ സിനിമ കണ്ടത്. ജനങ്ങളുടെ പ്രകടനം കണ്ട ഞാൻ സമീപത്തുണ്ടായിരുന്ന അപരിചിതരായ പൊലീസുകാരുടെ തോളിൽ കയ്യിട്ട് ഉയരത്തിൽ ചാടി. ആ സെക്കന്റുകളിൽ അങ്ങനെ സംഭവിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ. സന്തോഷം കൊണ്ട് തുള്ളിച്ചാടിയെന്നു പറയണം. പിന്നെ ആ പൊലിസുകാരോട് സോറി പറഞ്ഞു.

അതേ നിമിഷത്തിൽ ജനം ആ സിനിമയുടെ വിധിയെഴുതി. ലോകോത്തര നിലവാരമുള്ള ഒന്നാന്തരം സിനിമ. മറ്റുഭാഷകളിലേക്ക് റീമേക്ക് ചെയ്യണമെന്ന് പലസമയങ്ങളിൽ ആവശ്യമുണ്ടായിരുന്നു. എന്നാൽ കടലിലെ ചിത്രീകരണം, നമ്മുടെ കടപ്പുറത്തെ ആ ഭാഷയുടെ സൗന്ദര്യം എന്നിവകൊണ്ടാവാം മറ്റുഭാഷകളിലേക്ക് അത് മൊഴിമാറ്റപ്പെട്ടില്ല. എന്തുതന്നെയായാലും പ്രതീക്ഷിച്ചതിനേക്കാൾ മികച്ച, സ്വപ്നതുല്യമായ സിനിമയായി ‘അമരം’ മാറി. അന്ന് ഒപ്പമുണ്ടായിരുന്ന പലരും ഇന്ന് കൂടെയില്ല. മറക്കാനാവാത്ത അനുഭവങ്ങൾ നൽകിയാണ് ഓരോരുത്തരും വിട്ടുപോയത്. ആ സിനിമയ്ക്ക് 30 വയസ്സ് പൂർത്തിയാവുന്ന ഈ നേരവും ആ സ്നേഹബന്ധങ്ങളെല്ലാം തന്നെ ജീവിതത്തിന്റെ അമരത്തുണ്ട്. തിരയൊഴിയാത്ത തീരംപോലെത്തന്നെ.

Content Highlights : Amaram Movie 30 years Mammootty Murali Bharathan KPAC Lalitha

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
satheesan-riyas

2 min

'കുതിരകയറാന്‍ നോക്കരുത്, തിരിച്ച് കിട്ടുമ്പോള്‍ കിടന്ന് മോങ്ങുന്നു'; സതീശനെതിരെ ആഞ്ഞടിച്ച് റിയാസ്

Aug 16, 2022


04:45

റുഷ്ദിയിലേയ്ക്കു മാത്രമല്ല, പരിഭാഷകരിലേയ്ക്കും നീണ്ട പതിറ്റാണ്ടിന്റെ പക

Aug 16, 2022


Dalit Boy

1 min

അധ്യാപകന്റെ പാത്രത്തില്‍നിന്ന് വെള്ളംകുടിച്ചതിന് ക്രൂരമര്‍ദനം; 9 വയസ്സുള്ള ദളിത് ബാലന്‍ മരിച്ചു

Aug 14, 2022

Most Commented