വേലയില്ലാ പട്ടധാരി രണ്ടാം ഭാഗത്തിലൂടെ ധനുഷ്-അമല പോള്‍ ജോടി വീണ്ടും വെള്ളിത്തിരയിലെത്തുകയാണ്. സൗന്ദര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബോളിവുഡ് താരസുന്ദരി കാജോളും  പ്രധാനവേഷത്തിലെത്തുന്നു.  19 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കജോൾ ഒരു തമിഴ് ചിത്രത്തിൽ വേഷമിടുന്നത്.  തന്റെ പുതിയ ചിത്രത്തെക്കുറിച്ച് ഏറെ വിശേഷങ്ങള്‍ പങ്കുവയ്ക്കാനുണ്ട് അമലയ്ക്ക്. നായകനെ നിരന്തരം ശല്യം ചെയ്യുന്ന ഒരു ഭാര്യയുടെ വേഷത്തിലാണ് അമലയെത്തുന്നത്. ഇതിനെക്കുറിച്ച് ചിത്രത്തിന്റെ പ്രചരണ പരിപാടികളില്‍ അമല പറഞ്ഞതിങ്ങനെ..

വേലയില്ലാ പട്ടധാരി എന്നെ സംബന്ധിച്ച് ഒരു മികച്ച അനുഭവമായിരുന്നു. എന്നെ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലും ഉള്‍പ്പെടുത്തിയതിന് ആദ്യമായി ഹൃദയം നിറഞ്ഞ നന്ദി പറയുന്നു. സൗന്ദര്യ രജനികാന്ത് ആയിരുന്നു ഈ സിനിമയുടെ ഏറ്റവും വലിയ ശക്തി. സൗന്ദര്യയുടെ സാന്നിധ്യം ഞങ്ങള്‍ക്കും ഒരുപാട് ഊര്‍ജം പകര്‍ന്നു. കജോളിനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞു എന്നത് ഇതുവരെ വിശ്വസിക്കാന്‍ കഴിഞ്ഞിട്ടില്ല. കാരണം കുഞ്ഞുനാള്‍ മുതൽ തന്നെ കജോളിന്റെ  സിനിമകള്‍ കണ്ടാണ് ഞാന്‍ വളര്‍ന്നത്. ഒരുമിച്ച് ഒരു സിനിമ ചെയ്യുന്ന കാര്യം എന്റെ സ്വപ്‌നത്തില്‍ പോലും ഉണ്ടായിരുന്നില്ല- അമല പറഞ്ഞു.

വിഐപി മൂന്നാം ഭാഗമെടുക്കുകയാണെങ്കില്‍ അഭിനയിക്കുമോ എന്ന ചോദ്യത്തിന് അമലയുടെ ഉത്തരം കാണികളില്‍ ചിരി പടര്‍ത്തി. 

'അയ്യോ ഇല്ല, പക്ഷെ ഇനി അങ്ങിനെ സംഭവിക്കുകയാണെങ്കില്‍ ഞാന്‍ ഒരു നല്ല ഭാര്യയായിരിക്കും. ധനുഷിനെ ഇങ്ങനെ ഉപദ്രവിക്കില്ല. ആ കാര്യത്തില്‍ ഞാന്‍ വാക്ക് തരുന്നു'- അമല പ്രതികരിച്ചു.