തെന്നിന്ത്യന്‍  പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാണ് അമല പോള്‍. മലയാളം, തമിഴ്, കന്നഡ, തെലുഗ് ഭാഷകളിലായി കൈനിറയെ ചിത്രങ്ങളുമായി പാറിപ്പറക്കുകയാണ് താരം. ഇപ്പോഴിതാ ദക്ഷിണേന്ത്യയും കടന്ന് ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ് അമല. നരേഷ് മല്‍ഹോത്ര സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അര്‍ജുന്‍ രാംപാലിന്റെ നായികയായാണ് അമല എത്തുക. ഇതിന് മുന്‍പും തനിക്ക് ബോളിവുഡില്‍ നിന്നും ഓഫറുകള്‍ വന്നിരുന്നുവെന്നും എന്നാല്‍  ബിക്കിനി അണിയാന്‍ തയ്യാറാണോ എന്നാണ് അവര്‍ ചോദിച്ചതെന്നും കഥാപാത്രത്തിന് പ്രാധ്യാന്യം നല്‍കുന്ന താന്‍ അവ നിരസിക്കുകയുമായിരുന്നുവെന്നും പറയുന്നു അമല. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അമല തന്റെ ബോളിവുഡ് അരങ്ങേറ്റത്തെക്കുറിച്ച് മനസ് തുറന്നത്.
 
'കുറേ നാളുകളായി എനിക്ക് ബോളിവുഡില്‍ നിന്ന് ഓഫറുകള്‍ വരാന്‍ തുടങ്ങിയിട്ട്. പക്ഷേ, മികച്ചൊരു പ്രോജക്റ്റിനായുള്ള കാത്തിരിപ്പിലായിരുന്നു ഞാന്‍. പല ആളുകളും എന്നെ സമീപിച്ചത് ബിക്കിനി ധരിക്കാന്‍ തയ്യാറാണോ എന്ന് ചോദിച്ചായിരുന്നു. ഞാന്‍ അവരോട് തയ്യാറാണെന്ന് തന്നെ പറയാറുണ്ട്. പക്ഷേ അതല്ലാതെ വേറെ എന്താണ് എന്റെ റോള്‍ എന്ന് ഞാന്‍ തിരിച്ചു ചോദിക്കും . 

ഒരിക്കല്‍ ഒരു പഞ്ചാബി പെണ്‍കുട്ടിയുടെ കഥാപാത്രം എനിക്ക് ലഭിച്ചതാണ്. പക്ഷേ പഞ്ചാബി ഭാഷ എനിക്ക് വഴങ്ങിയില്ല. പിന്നീടും പല ഓഡീഷനുകളും നടന്നു. ഒരു കഥാപാത്രവും എനിക്കത്ര ഇഷ്ടപ്പെട്ടില്ല. നരേഷ് ഈ ചിത്രത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ എനിക്ക് താത്പര്യം തോന്നി. അദ്ദേഹം തമിഴിലെ എന്റെ ചില ചിത്രങ്ങള്‍ കണ്ടാണ് സമീപിച്ചത്. എന്റെ തമിഴിലെ പ്രകടനം കണ്ടത് കൊണ്ട് തന്നെ ഓഡീഷന്‍ വേണ്ടെന്നും അദ്ദേഹം തീരുമാനിച്ചു. ഇത്രയും പക്വതയും ആത്മവിശ്വാസവും കൈവന്നശേഷം ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നതില്‍ ഞാന്‍ സന്തോഷവതിയാണ്.

ഹിമാലയത്തിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നത്. അതാണ് എന്നെ കൂടുതല്‍ സന്തോഷിപ്പിച്ച മറ്റൊരു കാര്യം. ചര്‍ച്ചകള്‍ നടക്കുന്ന സമയത്താണ് ഞാന്‍ അര്‍ജുനെ കാണുന്നത്. അന്ന് എന്റെ ഹിന്ദി വളരെ നല്ലതാണെന്ന് അവര്‍ പറഞ്ഞു. ഞാന്‍ ഡല്‍ഹിയില്‍ ഏറെ നാള്‍ താമസിച്ചതുകൊണ്ട് എന്റെ ഹിന്ദി വളരെ നല്ലതാണ്.' അമല പറഞ്ഞു 

'അതോ അന്തൈ പറവൈ പോല' എന്ന തമിഴ് ചിത്രത്തിലും പൃഥ്വിക്കൊപ്പം 'ആടുജീവിതത്തി'ലുമാണ് അമല ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

Content Highlights : amala paul to debut in bollywood  with arjun rampal amala paul to bollywood