മിഴ് സംവിധായകന്‍ സുസി ഗണേശനെതിരേ ലീന മണിമേഖലൈ ഉന്നയിച്ച ആരോപണങ്ങള്‍ ശരിവച്ച് നടി അമല പോള്‍. സ്ത്രീകള്‍ക്ക് യാതൊരു ബഹുമാനവും കൊടുക്കാത്ത വ്യക്തിയാണ് സുസി ഗണേശനെന്നും ലീനയ്ക്ക് സംഭവിച്ചത് എന്താണെന്ന് തനിക്ക് വ്യക്തമായി മനസ്സിലാകുമെന്നും അമല പറഞ്ഞു. സുസി ഗണേശന്‍ സംവിധാനം ചെയ്ത തിരുട്ടുപയലേ 2 വില്‍ അമലയായിരുന്നു നായിക. സംവിധായകനില്‍ നിന്ന് തനിക്കുണ്ടായ അനുഭവം തുറന്ന് പറഞ്ഞാണ് അമല ലീനയ്ക്ക് പിന്തുണയുമായി രംഗത്ത് എത്തിയത്.

തിരുട്ടുപയലെ 2വില്‍ പ്രധാന നായികയായിട്ടു കൂടി എനിക്കും മോശമായ അനുഭവങ്ങള്‍ നേരിടേണ്ടി വന്നു. ദ്വയാര്‍ഥ പ്രയോഗങ്ങള്‍, അശ്ലീലച്ചുവയോടെയുള്ള സംസാരം ഇതെല്ലാം ഉണ്ടായിരുന്നു. ആവശ്യമില്ലാതെ പലപ്പോഴും ശരീരത്തില്‍ സ്പര്‍ശിക്കാന്‍ ശ്രമിച്ചു. ഇതെല്ലാം എനിക്ക് അനുഭവിക്കേണ്ടി വന്നു. മാനസികമായി തളര്‍ന്നുപോയ അവസ്ഥയിലായിരുന്നു. അതുകൊണ്ട് തന്നെ ലീന പറയുന്ന കാര്യങ്ങള്‍ എനിക്ക് നന്നായി മനസ്സിലാക്കാന്‍ സാധിക്കും. 

'പൊതുസമൂഹത്തിന് മുന്നില്‍ ഇതു തുറന്നുപറയാന്‍ കാണിച്ച അവരുടെ ചങ്കൂറ്റത്തെ ഞാന്‍ അഭിനന്ദിക്കുന്നു- അമല പറഞ്ഞു. 

മീ ടൂ പോലുള്ള കാമ്പയിനിലൂടെ ഇതിനൊരു മാറ്റമുണ്ടാകുമെന്ന് വിശ്വസിക്കുന്നതായും സര്‍ക്കാരും നീതി വ്യവസ്ഥയും ശക്തമായ നടപടികളുമായി മുന്നോട്ട് വരണമെന്നും അമല കൂട്ടിച്ചേര്‍ത്തു. 

2015 ല്‍ സുസി ഗണേശന്റെ പേരു വെളിപ്പെടുത്താതെ ഈ സംഭവം ലീന ഫെയ്‌സ്ബുക്കില്‍ കുറിച്ചിരുന്നു. മീ ടൂ ക്യാമ്പയിന്‍ തരംഗമായപ്പോഴാണ് ലീന സംവിധായകന്റെ പേര് വെളിപ്പെടുത്തിയത്. 

2005 ല്‍ ചാനല്‍ പരിപാടിക്ക് ശേഷം വീട്ടിലേക്കു പോകുന്നതിനിടെയാണ് സുസി ഗണേശന്‍ തന്നോട്  മോശമായി പെരുമാറിയതെന്ന് ലീന ആരോപിക്കുന്നു. വീട്ടില്‍ വിടാമെന്നു പറഞ്ഞു കാറില്‍ കയറ്റി. കാര്‍ നീങ്ങിയ ഉടന്‍ ഗണേശന്‍ അയാളുടെ വീട്ടിലേക്കു പോകാമെന്ന് പറഞ്ഞ് നിര്‍ബന്ധിച്ചു. വിസമ്മതിച്ചപ്പോള്‍ ഡോറുകള്‍ ലോക്ക് ചെയ്തു. തന്റെ ഫോണ്‍ എടുത്ത് വലിച്ചെറിഞ്ഞു. കൈവശമുണ്ടായിരുന്ന ചെറിയ കത്തി കൊണ്ട് സ്വയം മുറിവേല്‍പിക്കുമെന്നു പറഞ്ഞതോടെയാണ് ഗണേശന്‍ പിന്‍മാറിയത്- ലീന ആരോപിച്ചു.

Content Highlights: amala paul supports leena manimekalai allegation against thiruttu payale 2 Susi Ganeshan me too