സ്റ്റുഡിയോയില്‍ വച്ച് തന്നോട് അശ്ലീലച്ചുവയോടെ സംസാരിച്ച ആള്‍ക്കെതിരെ കൂടുതല്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി നടി അമല പോള്‍. തനിക്ക് വേണ്ടി മലേഷ്യയില്‍ ഒരു പ്രത്യേക ഡിന്നര്‍ ഒരുക്കിയിട്ടുണ്ടെന്നായിരുന്നു അയാളുടെ വാഗ്ദാനമെന്ന് അമല വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. എന്തിനാണ് പ്രത്യേക ഡിന്നറെന്ന് ചോദിച്ചപ്പോള്‍ ഞാനൊരു ചെറിയ കുട്ടിയൊന്നുമല്ലല്ലോ എന്നായിരുന്നു അയാളുടെ ചോദ്യമെന്നും അമല പറഞ്ഞു. തന്റെ ഏറ്റവും പുതിയ ഫോണ്‍ നമ്പര്‍ മാത്രമല്ല, മലേഷ്യയിലെ ഷോയില്‍ പങ്കെടുക്കുന്ന മുഴുവന്‍ താരങ്ങളുടെയും വിവരങ്ങളും അയാളുടെ പക്കലുണ്ടായിരുന്നുവെന്നും അമല പറഞ്ഞു.

ഇക്കഴിഞ്ഞ ജനുവരി 31നായിരുന്നു സംഭവം. മലേഷ്യയിലെ ഒരു ഷോയ്ക്കിടെയാണ് അയാള്‍ അമലയെ കണ്ട് അശ്ലീലച്ചുവയോടെ സംസാരിച്ചത്. ഇയാളെ പിന്നീട് പിടികൂടി പോലീസ് ഏല്‍പിച്ചു. ഒരു മാംസക്കഷ്ണം പോലെ തന്നെ കച്ചവടം ചെയ്യാന്‍ അയാള്‍ ഒരുക്കമായിരുന്നുവെന്നാണ് അമല അന്നു പറഞ്ഞത്.

എന്നാല്‍, ഈ സംഭവത്തില്‍ അമലയുടെ മാനേജര്‍ക്കും പങ്കുണ്ടെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചു. അമലയുടെ ടീമിലുള്ളവരില്‍ നിന്നു തന്നെയാണ് ഇയാള്‍ക്ക് വിവരങ്ങള്‍ ലഭിച്ചതെന്നും വാര്‍ത്ത പരന്നു. ഇതിനെ തുടര്‍ന്നാണ് വീണ്ടും വിശദീകരണവുമായി അമല രംഗത്തുവന്നത്.

അമലയുടെ പ്രസ്താവനയുടെ പൂര്‍ണരൂപം
 

ജനുവരി 31ന് ചെന്നൈയിലെ ഒരു സ്റ്റുഡിയോയില്‍ ഞാന്‍ ഡാന്‍സ് പരിശീലിച്ചുകൊണ്ടിരിക്കുകയായിരുന്നു. അപ്പോള്‍ ഒരാള്‍ സ്റ്റുഡിയോയില്‍ കയറിവന്ന് എന്നോട് ഈ പരിപാടിയുമായി ബന്ധപ്പെട്ട സുപ്രധാനമായ ഒരു കാര്യം ചര്‍ച്ച ചെയ്യാനുണ്ടെന്ന് പറഞ്ഞു. മലേഷ്യയില്‍ നടക്കുന്ന പരിപാടിക്ക് ശേഷം ഒരു വിശേഷപ്പെട്ട ഡിന്നര്‍ എനിക്കായി ഒരുക്കുന്നുണ്ടെന്നും പറഞ്ഞു. എന്ത് ഡിന്നറാണെന്ന് ചോദിച്ചപ്പോള്‍ വെറുതെ വിഡ്ഡിയാണെന്ന് അഭിനയിക്കരുത്. നിങ്ങളൊരു കുട്ടിയൊന്നുമല്ലല്ലോ എന്നായിരുന്നു അയാളുടെ മറുപടി. ഞാന്‍ അപ്പോള്‍ ഞെട്ടിത്തരിച്ചുപോയി. കാരണം ആ വൃത്തികെട്ട സംസാരം നടക്കുമ്പോള്‍ അവിടെ ഞങ്ങള്‍ രണ്ട് പേരും മാത്രമായിരുന്നു ഉണ്ടായിരുന്നത്. എന്റെ അനുകൂല മറുപടിയും കാത്ത് പുറത്ത് കാത്തുനില്‍ക്കുമെന്ന് പറഞ്ഞ് അയാള്‍ പിന്നീട് സ്റ്റുഡിയോയില്‍ നിന്ന് പോയി. ഞാന്‍ ഉടനെ എന്റെ ജീവനക്കാരെയും അഭ്യുദയകാംക്ഷികളെയും രക്ഷയ്ക്ക് വിളിച്ചു. പിന്നീട് ഒരു മുപ്പത് മിനിറ്റിനുശേഷമാണ് അയാളെ കണ്ടുപിടിച്ച് പിടികൂടാനായത്. അയാള്‍ ഒരു പതിവ് കച്ചവടം നടത്തുന്ന മട്ടില്‍ ആത്മവിശ്വാസത്തോടെ തന്നെ സ്റ്റുഡിയോയ്ക്ക് പുറത്ത് കാത്തുനില്‍ക്കുകയായിരുന്നു. എന്റെ ആളുകള്‍ വരുന്നത് കണ്ടപ്പോള്‍ അയാള്‍ ഒാടിരക്ഷപ്പെടാന്‍ ശ്രമിച്ചു. അവള്‍ക്ക് വേണ്ടെങ്കില്‍ വേണ്ട എന്നു പറയാലോ. അല്ലാതെ ഇതില്‍ എന്താണ് ഇത്ര വലിയ വിഷയം ഇരിക്കുന്നത് എന്നായിരുന്നു ഓടുമ്പോഴുള്ള അയാളുടെ ചോദ്യം. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് എന്റെ ആളുകള്‍ അയാളെ പിടികൂടി സ്റ്റുഡിയോയ്ക്കുള്ളില്‍ പൂട്ടിയിട്ടത്. അയാള്‍ ഒരു വലിയ സെക്‌സ് റാക്കറ്റിന്റെ കണ്ണിയാണെന്ന് അപ്പോഴാണ് ഞാന്‍ മനസ്സിലാക്കിയത്. അയാളുടെ പക്കല്‍ എന്റെ ഏറ്റവും പുതിയ ഫോണ്‍ നമ്പര്‍ ഉണ്ടായിരുന്നു. അതു മാത്രമല്ല, എന്റെയും ആ ഷോയില്‍ പങ്കെടുക്കുന്ന മറ്റ് എല്ലാ താരങ്ങളുടെയും മുഴുവന്‍ വിവരങ്ങളും അയാളുടെ പക്കല്‍ ഉണ്ടായിരുന്നു. പിന്നീട് ഞങ്ങള്‍ ഇയാളെ മാമംഗലം പോലീസില്‍ ഏല്‍പിക്കുകയാണ് ഉണ്ടായത്. ഞാന്‍ സ്‌റ്റേഷനിലെത്തി കേസ് കൊടുക്കുകയും ചെയ്തു.

പോലീസ് പെട്ടന്ന് തന്നെ നടപടി കൈക്കൊണ്ടതില്‍ എനിക്ക് സന്തോഷമുണ്ട്. അവര്‍ സുപ്രധാനമായ തെളിവുകള്‍ കണ്ടെത്തുക മാത്രമല്ല, ആ സംഘത്തിലെ രണ്ട് കണ്ണികളെ പിടികൂടുകയും ചെയ്തു. സംശയത്തിന്റെ നിഴലിലുള്ളവര്‍ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുമുണ്ട്. അന്വേഷണം കൂടുതല്‍ ഊര്‍ജിതമാക്കി ഈ റാക്കറ്റിലെ മുഴുവന്‍ ആളുകളുടെയും പേരുവിവരങ്ങള്‍ പരസ്യമാക്കണം എന്നാണ് എനിക്ക് അവരോട് അപേക്ഷിക്കാനുള്ളത്.

ആരാണ് യഥാര്‍ഥ കുറ്റക്കാരെന്ന് മനസ്സിലാക്കാതെയും അന്ന് എന്താണ് അവിടെ സംഭവിച്ചതെന്ന് അറിയാതെയും ചില മാധ്യമങ്ങള്‍ അബദ്ധങ്ങളാണ് എഴുതിവിടുന്നത്. ഈ വിഷയത്തില്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. ഇതിന് ദോഷം വരുരുത് എന്നു കരുതിയാണ് ഞാന്‍ ഇതുവരെ മിണ്ടാതിരുന്നത്. എങ്കിലും ഇതുകൊണ്ട് ഇത്തരം വിലകുറഞ്ഞ മാധ്യമപ്രവര്‍ത്തനത്തിനെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യാന്‍ ഞാന്‍ മടിക്കില്ല. എന്റെ മാനേജര്‍ പ്രദീപ് കുമാര്‍ തെറ്റായി എന്തെങ്കിലും ചെയ്തിട്ടുണ്ടെന്ന് ചെന്നൈ പോലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്താനായിട്ടില്ല.

Content Highlights: Amala Paul South Indian actor sexual harassment MeToo