സംവിധായകന്‍ എ.എല്‍. വിജയ്ക്ക് വിവാഹാശംസകളുമായി മുന്‍ഭാര്യയും നടിയുമായ അമല പോള്‍. വിജയ് നല്ലൊരു വ്യക്തിയാണെന്നും ദമ്പതികള്‍ക്ക് വിവാഹമംഗളങ്ങള്‍ ആശംസിക്കുന്നുവെന്നും അമല പോള്‍ പറഞ്ഞു. പുതിയ ചിത്രം ആടൈയുടെ പ്രചരണ പരിപാടിക്കിടെയായിരുന്നു അമലയുടെ പ്രതികരണം.

'വിജയ് വളരെ സ്‌നേഹമുള്ള ഒരു വ്യക്തിയാണ്.. മികച്ചൊരു വ്യക്തിത്വത്തിന് ഉടമ. പൂര്‍ണമനസ്സോടെ അദ്ദേഹത്തിന് വിവാഹത്തിന്റെ മംഗളാശംസകള്‍ നേരുന്നു. ദമ്പതികള്‍ക്ക് ഒരുപാട് കുഞ്ഞുങ്ങള്‍ ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.'-അമലയുടെ വാക്കുകളെ ഉദ്ധരിച്ച് ഐബി ടൈംസ് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

താനൊരു പുതിയ പ്രണയം കണ്ടെത്തിയെന്നും എന്നാല്‍ വിവാഹത്തെക്കുറിച്ച് ഉടനെയൊന്നും ചിന്തിക്കുന്നില്ലെന്നും അമല പറഞ്ഞതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. "ഞാനൊരാളെ കണ്ടെത്തിക്കഴിഞ്ഞു, എന്റെ പുതിയ പ്രണയത്തെ.അദ്ദേഹം സിനിമാ മേഖലയില്‍ നിന്നുള്ള ആളല്ല. അതുകൊണ്ട് തന്നെ അദ്ദേഹത്തെപ്പറ്റി കൂടുതല്‍ സംസാരിക്കേണ്ട കാര്യമില്ല". അമലയെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

വിജയ്യുമായുള്ള വിവാഹമോചനത്തിനു ശേഷം തനിക്ക് സിനിമയില്‍ വേഷങ്ങള്‍ കുറയുമെന്ന് ഭയപ്പെട്ടിരുന്നതായും അമല പറഞ്ഞു. ' വിവാഹമോചനത്തിനുശേഷം സഹോദരിയുടെ വേഷം, അല്ലെങ്കില്‍ നായികയുടെ സുഹൃത്ത് ഇങ്ങനെയുള്ള കഥാപാത്രങ്ങളെ ലഭിക്കൂ എന്ന ആശങ്ക ഉണ്ടായിരുന്നു. ടിവി സീരിയലുകളില്‍ അഭിനയിക്കേണ്ടി വരുമോ എന്നുപോലും ഞാന്‍ ചിന്തിച്ചു. എന്നാല്‍ കഠിനാധ്വാനം ഉണ്ടെങ്കില്‍ ഭാഗ്യവും നിങ്ങളെ തേടി വരുമെന്ന് ഇപ്പോള്‍ തെളിഞ്ഞു". അമല പറയുന്നു. 

2014 ജൂണ്‍ 12നായിരുന്നു അമലപോളിന്റെയും വിജയ്‌യുടെയും വിവാഹം. മൂന്ന് വര്‍ഷം നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരാകുന്നത്. വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം പിന്നിട്ടപ്പോള്‍ ഇരുവരും വിവാഹമോചന ഹര്‍ജി സമര്‍പ്പിച്ചു. തുടര്‍ന്ന് ഫെബ്രുവരി 2017ല്‍ ഇരുവരും നിയമപരമായി വിവാഹമോചിതരായി. ഇക്കഴിഞ്ഞ ജൂലൈ 11നായിരുന്നു വിജയ് രണ്ടാമതും വിവാഹിതനായത്. ചെന്നൈ സ്വദേശിയും ഡോക്ടറുമായ ഐശ്വര്യയാണ് വധു. 

Content Highlights : Amala Paul reacts To AL Vijay's Second Marriage Amala Paul on her love