നിവിന്‍ പോളി നായകനാവുന്ന ബിഗ് ബജറ്റ് ചിത്രം കായംകുളം കൊച്ചുണ്ണിയില്‍ നിന്നും അമല പോളിനെ മാറ്റിയതായി വാര്‍ത്ത വന്നിരുന്നു. അമലയ്ക്ക് പകരം പൃഥ്വിരാജ് നായകനായ എസ്രയിലൂടെ മലയാളികള്‍ക്ക് പരിചിതയായ തെന്നിന്ത്യന്‍ താരം പ്രിയ ആനന്ദാണ് നായികാ വേഷത്തിലെത്തുന്നത്. റോഷന്‍ ആന്‍ഡ്രൂസാണ് ചിത്രത്തിന്റെ സംവിധായകന്‍. ഇക്കാര്യം ചിത്രത്തിലെ നായകൻ നിവിൻ പോളി തന്നെ ഒരു അഭിമുഖത്തിൽ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.

സിനിമയില്‍ അമല ഇല്ലാത്തത് സംബന്ധിച്ച് നിരവധി അഭ്യൂഹങ്ങളാണ് പരക്കുന്നത്. ഇത് സംബന്ധിച്ച് സിനിമാ നിരൂപകയും ട്രേഡ് അനലിസ്റ്റുമായ ശ്രീദേവി ശ്രീധറിന്റെ ട്വീറ്റ് അമലയ്ക്ക് അത്ര രസിച്ചില്ല. കൊച്ചുണ്ണിയില്‍ നിന്ന് അമല പോളിനെ മാറ്റി പ്രിയ ആനന്ദിനെ നായികയാക്കി എന്നാണ് ശ്രീദേവി ട്വീറ്റ് ചെയ്തത്. നിരവധിയാളുകളാണ് ഈ ട്വീറ്റ് റീട്വീറ്റ് ചെയ്തത്. 

തുടര്‍ന്ന് ട്വിറ്ററിലൂടെ തന്നെ ശ്രീദേവിക്ക് മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് അമല.

എന്നെ ആരും മാറ്റിയതല്ല. മറ്റു സിനിമകളുടെ തിരക്കുകള്‍ കാരണം ഞാന്‍ സ്വയം പിന്മാറിയതാണ്. ഞാന്‍ ഒരു ജോലിയുമില്ലാതെ ഇരിക്കുന്ന ആളല്ല- അമല കുറിച്ചു.

amala paul

തമിഴില്‍ നിരവധി ചിത്രങ്ങളാണ് അമലക്ക് പൂര്‍ത്തിയാക്കാനുള്ളത്. 

കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിലെ അതികായനായ കള്ളന്‍ കൊച്ചുണ്ണിയുടെ ജീവിതം വരച്ചിടുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് ബോബിയും സഞ്ജയും ചേര്‍ന്നാണ്. ഏകദേശം പന്ത്രണ്ട് കോടി ബഡ്ജറ്റില്‍ പൂര്‍ത്തിയാകുമെന്ന് കരുതുന്ന കായംകുളം കൊച്ചുണ്ണി നിര്‍മിക്കുന്നത് ശ്രീ ഗോകുലം മൂവീസാണ്. 

കൊച്ചുണ്ണിയെന്ന നന്മ നിറഞ്ഞ കള്ളന്റെ കഥ സിനിമയാവുന്നതു രണ്ടാം തവണയാണ്. 1966ല്‍ പുറത്തിറങ്ങിയ പി.എ.തോമസ് സംവിധാനം ചെയ്ത കായംകുളം കൊച്ചുണ്ണിയില്‍ സത്യനായിരുന്നു നായകന്‍.