സംവിധായകന് എല്‍ വിജയ്യുമായുള്ള വിവാഹമോചനത്തിന് കാരണം ധനുഷ് ആണെന്ന വാദത്തിന് പ്രതികരണവുമായി നടി അമല പോള്‍. ഒരു തമിഴ് ഓണ്‍ലൈന്‍ പോര്‍ട്ടലിന് നല്കിയ അഭിമുഖത്തിനിടെയാണ് വിവാഹമോചനത്തെ സംബന്ധിച്ച വിവാദങ്ങളില്‍ അമല പോള്‍ മനസ്സു തുറന്നത്.
വിവാഹമോചനത്തെക്കുറിച്ച് നിരവധി കഥകള്‍ പ്രചരിക്കുന്നുണ്ടെന്നും അത് അനാവശ്യവിവാദങ്ങളാണെന്നും അമല പറയുന്നു. 'തികച്ചും വ്യക്തിപരമായ കാര്യമാണത്. വിവാഹമോചനം എന്നത് തന്റെ തന്നെ തീരുമാനമായിരുന്നുവെന്നും വേറെ ആര്‍ക്കും അതില്‍ പങ്കില്ലെന്നും അമല പറഞ്ഞു. ധനുഷ് എന്റെ നല്ലൊരു അഭ്യുദയകാംക്ഷിയാണ്.' അമല പ്രതികരിച്ചു.
അതേസമയം രണ്ടാമതൊരു വിവാഹം ഉടനെയൊന്നും ഉണ്ടാവില്ലെന്നും അമല പറഞ്ഞു. പുതിയ ചിത്രങ്ങളുടെയൊക്കെ റിലീസിനു ശേഷം ഒരു ദിവസം താന്‍ തന്നെ വിവാഹക്കാര്യം വെളിപ്പെടുത്തുമെന്നും അമല പറഞ്ഞു.
അമല പോളും സംവിധായകന് എല്‍ വിജയ്യുമായുള്ള വിവാഹമോചനത്തിന് കാരണം ധനുഷ് ആണെന്ന ആരോപണവുമായി നിര്‍മാതാവ് അളകപ്പന് രംഗത്ത് വന്നിരുന്നു. വിവാഹശേഷം അമല പോള്‍ അഭിനയിക്കുന്നില്ലെന്നു സമ്മതിച്ചിരുന്നു. എന്നാല്‍ ധനുഷ് നിര്‍മിച്ച അമ്മ കണക്ക് എന്ന ചിത്രത്തില്‍ അഭിനയിക്കാനുള്ള കരാറില്‍ അമല നേരത്തെ ഒപ്പിട്ടിരുന്നു. ധനുഷ് അമലയെ അഭിനയത്തിലേക്ക് തിരികെ വരാന്‍ നിര്‍ബന്ധിച്ചു. ഇതിനു പിന്നാലെ അമല അഭിനയിക്കാന്‍ തയ്യാറായി. അളകപ്പന്റെ ഈ വെളിപ്പെടുത്തല്‍ തമിഴ് സിനിമാമേഖലയില്‍ വലിയ ചര്‍ച്ചയായിരിന്നു.
അമല നായികയാവുന്ന 'അതോ അന്ത പറവൈ പോല' എന്ന ചിത്രം ഫെബ്രുവരി 28ന് റിലീസ് ചെയ്യും. നവാഗതനായ കെ ആര് വിനോദ് ആണ് ചിത്രം റിലീസ് ചെയ്യുന്നത്. സെഞ്ച്വറി ഫിലിംസ് ഇന്റര്‍നാഷ്ണല്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
Content Highlights : amala paul opens up about divorce with al vijay
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..