വിവാഹമോചനത്തെ കുറിച്ചും ആ സമയത്തെ തന്റെ മാനസികാവസ്ഥയെ കുറിച്ചും മനസ് തുറന്ന് നടി അമല പോൾ. തന്റെ പുതിയ ചിത്രമായ പിറ്റ കതലുവിന്റെ പ്രൊമോഷൻ പരിപാടിക്കിടെ സിനിമാ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലായിരുന്നു അമലയുടെ വെളിപ്പെടുത്തൽ. സംവിധായകൻ എഎൽ വിജയ് ആയിരുന്നു അമലയുടെ മുൻ ഭർത്താവ്. ഇരുവരും 2016ൽ വിവാഹമോചിതരായിരുന്നു.

തെലുങ്ക് ആന്തോളജി ചിത്രമായ പിറ്റ കാതലുവിൽ നന്ദിനി റെഡ്ഡി ഒരുക്കിയ മീര എന്ന ചിത്രത്തിൽ ടൈറ്റിൽ കഥാപാത്രമായാണ് അമല എത്തിയത്. ക്രൂരനായ ഭർത്താവിന്റെ പീഡനങ്ങളിൽ നിന്ന് സ്വാതന്ത്ര്യം ആ​ഗ്രഹിക്കുന്ന സ്ത്രീയാണ് ചിത്രത്തിൽ അമലയുടെ കഥാപാത്രം. തന്റെ വ്യക്തിജീവിതവുമായി ഏറെ അടുത്തു കിടക്കുന്ന ചിത്രമാണിതെന്ന് പറയുന്നു അമല.

"യഥാർത്ഥ ജീവിതത്തിന്റെ പ്രതിഫലനമാണ് മീര. വിവാഹജീവിതത്തിലെ പ്രശ്നങ്ങളിലൂടെ കടന്നു പോകുന്ന സ്ത്രീയ്ക്ക് പിന്തുണ നൽകുന്നൊരു സംവിധാനം നിലവിലില്ല. വിവാഹമോചനത്തിലൂടെ ഞാൻ കടന്നു പോയപ്പോൾ എന്നെ പിന്തുണയ്ക്കാൻ ആരും വന്നതായി എനിക്കോർമ്മയില്ല. എല്ലാവരും എന്നിൽ ഭയം വളർത്താൻ ശ്രമിക്കുകയായിരുന്നു. ഞാൻ ഒരു പെൺകുട്ടി മാത്രമാണെന്ന് അവർ പറഞ്ഞുകൊണ്ടേയിരുന്നു. ഞാനൊരു വിജയിച്ച അഭിനേതാവായിട്ടു കൂടി ഒരു പുരുഷൻ എനിക്കൊപ്പം ഇല്ലെങ്കിൽ ഞാൻ ഭയപ്പെടണമെന്നാണ് അവർ എന്നോട് പറഞ്ഞത്. എന്റെ കരിയർ താളം തെറ്റുമെന്നും സമൂഹം എന്നെ പുച്ഛിക്കുമെന്നും അവർ മുന്നറിയിപ്പു നൽകി. ആരും എന്റെ സന്തോഷത്തെക്കുറിച്ചോ മാനസിക ആരോഗ്യത്തെക്കുറിച്ചോ ആശങ്ക പ്രകടിപ്പിച്ചില്ല. എന്റെ ജീവിതം നിർണയിക്കുന്നതാണ്. എല്ലാം പതിയെ ശരിയാകും എന്ന് പറയുന്നതിൽ അർഥമില്ല. ഒന്നും ശരിയാകുന്നില്ല എന്നതാണ് സത്യം. എല്ലാം ഒരു ഷോയാണ്, വ്യാജമാണത്." അമല പറയുന്നു

ഇത്തരം കഥാപാത്രങ്ങൾക്കുള്ള പ്രചോദനം തന്റെ ജീവിതത്തിൽ നിന്നുള്ള ചില സംഭവങ്ങളിലൂടെ അമല ഓർത്തെടുത്തു. "ഗാർഹിക പീഡനവും അക്രമവും കണ്ടാണ് ഞാൻ വളർന്നത്. ഒരിക്കൽ വീട്ടുകാരോടൊപ്പം ഒരു വേക്കേഷന് പോയി. അന്നും അമ്മ തന്നെ തനിക്ക് എല്ലാ കാര്യങ്ങളും ചെയ്ത് തരണമെന്ന് അച്ഛന് നിർബന്ധമുണ്ടായിരുന്നു. അമ്മയ്ക്കും ഒരു ബ്രേക്ക് വേണമെന്ന് ഞാൻ തർക്കിച്ചു. ഭാര്യയാണെന്ന് കരുതി ഒരു സ്ത്രീയോട് ബഹുമാനമില്ലാതെ പെരുമാറാൻ നിങ്ങൾക്ക് അവകാശമില്ല. അന്ന് ഞാൻ അച്ഛനോട് ചോദിച്ചു, നാളെ മറ്റൊരു പുരുഷൻ അച്ഛൻ അമ്മയോട് പെരുമാറിയത് പോലെ പെരുമാറിയാൽ എങ്ങനെയിരിക്കും എന്ന് ചോദിച്ചപ്പോൾ അച്ഛൻ തന്ന മറുപടിയെന്നെ നിരാശയാക്കി. എന്റെ ഭർത്താവ് അങ്ങനെയൊരാളാകുമെന്ന് താൻ കരുതുന്നില്ലെന്നാണ് അച്ഛൻ പറഞ്ഞത് അല്ലാതെ ഞങ്ങൾക്കിടയിൽ നടന്ന തർക്കത്തെക്കുറിച്ച് അദ്ദേ​ഹം ഒട്ടും ബോധവാനായിരുന്നില്ല. ഞാൻ വളർന്ന ജീവിതത്തിലെ കുടുംബരീതി ഇതായിരുന്നു." അമല പറയുന്നു.

Content Highlights : Amala Paul on divorcePitta Kathalu Movie Promotion domestic violence