ലയാളിയാണെങ്കിലും അമല പോളിന്റെ ലോകം തമിഴ് സിനിമയാണ്. ഒരു നടി എന്ന നിലയില്‍ അമലയ്ക്ക് തിളങ്ങാന്‍ കഴിയുന്ന മികച്ച കഥാപാത്രങ്ങള്‍ നല്‍കിയതും തമിഴ് സിനിമ തന്നെ. ഈ കഥാപാത്രങ്ങളെല്ലാം അമലയെ തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള നടിയാക്കി.

ചില അവസരങ്ങളില്‍ കടുത്ത ആരാധന അമലയ്ക്ക് ശല്യമായി തീരാറുണ്ട്. അതിന്റെ ഫലമാകട്ടെ നില്‍ക്കാത്ത ഫോണ്‍കോളുകളും സന്ദേശങ്ങളും. ഇതെക്കുറിച്ച് സംസാരിക്കുകയാണ് അമലയിപ്പോള്‍. സിദ്ദിഖ് സംവിധാനം ചെയ്യുന്ന 'ഭാസ്‌കര്‍ ഒരു റാസ്‌കലി'ന്റെ പ്രചരണവുമായി ബന്ധപ്പെട്ട് ഒരു തമിഴ് ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലാണ് അമല മനസ്സു തുറന്നത്. മമ്മൂട്ടി- നയന്‍താര ജോടി പ്രധാനവേഷങ്ങളിലെത്തിയ ഭാസ്‌കര്‍ ദ റാസ്‌കലിന്റെ തമിഴ് പതിപ്പാണിത്. ചിത്രത്തില്‍ അരവിന്ദ് സാമിയാണ് അമല പോളിന്റെ നായകനായെത്തുന്നത്.

അമല പോളിന്റെ അഭിമുഖത്തിലെ പ്രസക്തഭാഗങ്ങള്‍

എനിക്ക് ഒരുപാട് കോളുകളും മെസേജുകളും വരാറുണ്ട്. ട്രൂ കോളര്‍ ഉള്ളത് കൊണ്ട് ചിലരുടെ കോളുകള്‍ എടുക്കില്ല. മെസേജുകള്‍ വരാറുണ്ട്. കുറേ പരസ്യ മെസേജുകള്‍ കിട്ടാറുണ്ട്. 'അമല പോളിന്റെ ഹോട്ട് വീഡിയോസും ചിത്രങ്ങളും കാണാം സബ്‌സ്‌കൈബ് ചെയ്യൂ' എന്നൊക്കെ പറഞ്ഞിട്ട്. ദേഷ്യം വരാറുണ്ട്. പക്ഷേ ചില സമയത്ത് അതെല്ലാം തമാശയായി തോന്നാറുണ്ട്. എന്റെ കൂട്ടുകാര്‍ക്കെല്ലാം അത്തരം സന്ദേശങ്ങളുടെ സ്‌ക്രീന്‍ ഷോട്ട് എടുത്ത് അയക്കും. 

ഫോണ്‍ ഉപയോഗിക്കുന്നതില്‍ ഞാന്‍ വളരെ പിന്നോക്കമാണ്. എന്റെ മാനേജര്‍ക്ക് എന്നെ ഫോണില്‍ കിട്ടാന്‍ അയല്‍പക്കത്തെ വീട്ടിലേക്ക് വിളിക്കേണ്ടി വന്നിട്ടുണ്ട്. കൃത്യമായി കോളെടുക്കാത്തതിനാല്‍ എനിക്ക് ഒരുപാട് സുഹൃത്തുക്കളെ നഷ്ടമായിട്ടുണ്ട്. ഇപ്പോള്‍ എല്ലാവര്‍ക്കും പെട്ടന്ന് മറുപടി വേണം. വാട്ട്‌സ് ആപ്പില്‍ എന്നെ ഓണ്‍ലൈനില്‍ കാണുമ്പോള്‍ തുടര്‍ച്ചയായി വിളിക്കുകയും സന്ദേശം ചെയ്യുകയും ചെയ്യുന്നവരുമുണ്ട്. എനിക്ക് അതെല്ലാം ശല്യമായി തോന്നാറുണ്ട്‌

കരയുന്നത് എന്റെ സ്വകാര്യത

അച്ഛനോടും അമ്മയോടും സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും ഞാന്‍ പറയാറില്ല. കാരണം അവര്‍ സാധാരണ ജീവിതം നയിച്ചവരാണ്. സിനിമയുമായി ബന്ധമുള്ളവരല്ല. പ്രതിസന്ധികള്‍ വരുമ്പോള്‍ കൊച്ചു കുട്ടിയെപ്പോലെ മറ്റുള്ളവര്‍ക്ക് മുന്‍പില്‍ കരയാന്‍ ആഗ്രഹിക്കുന്ന വ്യക്തിയല്ല ഞാന്‍. കരയാറുണ്ട്, പക്ഷേ അതെന്റെ സ്വകാര്യതയാണ്‌

ഭാസ്‌കര്‍ ഒരു റാസ്‌കല്‍

തനി ഒരുവന്‍ കണ്ടതിന് ശേഷം അരവിന്ദ് സാമിയോട് ആരാധന കൂടി. അദ്ദേഹത്തിനൊപ്പം ഭാസ്‌കര്‍ ദ റാസ്‌കല്‍ ചെയ്യാന്‍ അവസരം ലഭിച്ചപ്പോള്‍ വളരെ സന്തോഷമായി. ഭാസ്‌കര്‍ ഒരു റാസ്‌കലില്‍ അമ്മ വേഷമാണ്. എന്നെ സംബന്ധിച്ച് അമ്മ വേഷം ആദ്യമായല്ല ചെയ്യുന്നത്. നല്ല സിനിമയുടെ ഭാഗമാകുക എന്നതിനപ്പുറം ഞാന്‍ കൂടുതലൊന്നും ആലോചിക്കാറില്ല.