തമിഴ് സിനിമയിലെ ഏറ്റവും രസികനായ  താരം ആരാണെന്ന് ചോദിച്ചാല്‍ നിസ്സംശയം എല്ലാവരും പറയും അത് ആര്യ ആണെന്ന്. സഹപ്രവര്‍ത്തകരായ നടിമാരോട് തമാശ രൂപേണ ആര്യ നിരന്തരം പ്രണയാഭ്യര്‍ത്ഥന നടത്തുന്നതും കാമുകനെന്ന പോലെ പെരുമാറുന്നതും സ്ഥിരം സംഗതിയാണ്. അത്തരത്തില്‍ ആര്യ ഒപ്പിച്ച തമാശയാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ ചിരിയുണര്‍ത്തുന്നത്. ഇത്തവണ താരസുന്ദരി അമല പോളിനോടാണ് ആര്യ തന്റെ ഹൃദയം തുറന്നത്.
 
അമല പോള്‍ നികുതി വെട്ടിപ്പ് നടത്തിയെന്ന ആരോപണങ്ങളും അതിനെ പരിഹസിച്ച് അമല നടത്തിയ ബോട്ട് യാത്രയെയും ആര്യയുടെ സൈക്കിൾ സവാരിയോടുള്ള  ഭ്രമത്തെയും കുറിച്ചെല്ലാമുള്ള ഇരുവരുടെയും സംഭാഷണങ്ങളിലാണ് ആര്യ ട്വിറ്ററില്‍ രസികന്‍ പോസ്റ്റ് ഇട്ടത്. 

"ഞാന്‍ ഈ സമ്പാദിക്കുന്നതെല്ലാം നിനക്ക് വേണ്ടിയാണ്. അമല ഞാന്‍ പ്രണയത്തില്‍ വീണുപോയി." എന്നാണ് ഇത് തമാശയല്ല എന്ന ഹാഷ് ടാഗോടെ ആര്യ പോസ്റ്റ് ചെയ്തത്. 
തിരിച്ച് ഇതേ നാണയത്തില്‍ അമല മറുപടിയും കൊടുത്തിട്ടുണ്ട്. "നീയിതാരോടും പറയില്ലെന്ന് വാക്ക് തന്നിട്ടുള്ളതല്ലേ" എന്നാണ് തമാശ നിര്‍ത്തൂ എന്ന ഹാഷ് ടാഗോടെ അമല മറുപടി നല്‍കിയത്.