പ്രണയത്തെക്കുറിച്ച് മനസ് തുറന്ന് നടി അമല പോള്‍. താനൊരു ബന്ധത്തിലാണെന്നും തനിക്ക് വേണ്ടി, തനിക്കൊപ്പം സമയം ചെലവഴിക്കാന്‍ വേണ്ടി സ്വന്തം ജോലിയും കരിയറും എല്ലാം ത്യജിച്ചയാളാണ് അദ്ദേഹമെന്നും അമല വ്യക്തമാക്കി. ഫിലിം കമ്പാനിയന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ വെളിപ്പെടുത്തല്‍. അമല പോള്‍ പ്രണയത്തിലാണെന്നും ആ വ്യക്തി സിനിമാ രംഗത്തുള്ള ആളല്ലായെന്നും വാര്‍ത്തകള്‍ നേരത്തെ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് താരം പ്രണയത്തെക്കുറിച്ച് മനസ് തുറന്നത്

അമല പോളിന്റെ വാക്കുകള്‍

''ആര്‍ക്കും അറിയാത്ത കാര്യമാണ് ഇത്. ഞാന്‍ ഒരു ബന്ധത്തിലാണ്. ആടൈ എന്ന സിനിമയുടെ കഥ കേട്ടപ്പോള്‍ ഞാന്‍ ആദ്യം അദ്ദേഹത്തോടാണ് പങ്കുവച്ചത്.  അദ്ദേഹം എന്നോട് ആദ്യം പറഞ്ഞത് ഇതാണ് 'ഈ കഥാപാത്രമാകാന്‍ നീ ശരിക്കും സ്വയം പ്രാപ്തയാകണം. ഈ സിനിമ ചെയ്യുകയാണെങ്കില്‍ നൂറ് ശതമാനവും അതിന് നല്‍കണം. ശാരീരികമായും മാനസികമായും തയ്യാറെടുക്കണം. സിനിമയില്‍ അഭിനയിക്കാന്‍ തീരുമാനിച്ചാല്‍ അതുമായി മുന്നോട്ടുപോകുക, വേറൊനന്നിനേയും കുറിച്ച് ആലോചിക്കരുത്' എന്നാണ്, എന്റെ എല്ലാ സിനിമകളും അദ്ദേഹവുമായി ചര്‍ച്ച ചെയ്യാറുണ്ട്. ഞാന്‍ ഒരു സിനിമയെ നോക്കിക്കാണുന്ന രീതിക്കും അദ്ദേഹത്തോടാണ് കടപ്പെട്ടിരിക്കുന്നത്.

ഞാനെന്നും ഒരു റിബല്‍ ആയിരുന്നു, പ്രത്യേകിച്ച് ഒരു കാരണവും ഇല്ലെങ്കില്‍ പോലും. യഥാര്‍ഥ സ്നേഹമാണ് എന്റെ മുറിവുണക്കാന്‍ സഹായിച്ചത്. ഞാന്‍ വിചാരിച്ചിരുന്നത് ഉപാധികളില്ലാതെ, സ്നേഹിക്കാന്‍ ലോകത്തില്‍ അമ്മയ്ക്ക് മാത്രമേ കഴിയൂ എന്നാണ്. എന്നാല്‍ അദ്ദേഹം ആ ധാരണ മാറ്റി. എനിക്കു വേണ്ടി, എനിക്കൊപ്പം സമയം ചെലവഴിക്കാന്‍ വേണ്ടി അദ്ദേഹം സ്വന്തം ജോലിയും കരിയറും എല്ലാം ത്യജിച്ചു. അദ്ദേഹത്തിന് എന്റെ പാഷന്‍ അറിയാം. അദ്ദേഹം അതിനെ പിന്തുണച്ച് കൂടെ നിന്നു.

എന്തുണ്ടെങ്കിലും എന്നെ പുകഴ്ത്തുന്ന ആളല്ല അദ്ദേഹം, എന്റെ കുറവുകളും പോരായ്മകളും ചൂണ്ടിക്കാണിക്കാറുണ്ട്. എന്റെ ചില സിനിമകള്‍ കണ്ടിട്ട് നീയെങ്ങനെ ഈ ഇൻഡസ്ട്രിയിൽ നിലനിന്നു എന്ന് ചോദിച്ചിട്ടുണ്ട്. അദ്ദേഹം എനിക്ക് ഒരു മൂന്നാം കണ്ണ് തുറന്നു തന്നു. എന്നെ പുകഴ്ത്തുന്നവരാണ് എനിക്ക് ചുറ്റും ഉണ്ടായിരുന്നത്, ആരും സത്യം പറഞ്ഞിരുന്നില്ല. എന്നാല്‍ ഈ വ്യക്തി എന്നെ ശരിക്കും ഞെട്ടിച്ചു. അദ്ദേഹമാണ് എന്റെ ജീവിതത്തിലെ സത്യം. എനിക്ക് എന്നെത്തന്നെ കണ്ടെത്താന്‍ സഹായിച്ചത് അദ്ദേഹമാണ്-അമല പോള്‍ പറയുന്നു

2014 ജൂണ്‍ 12നായിരുന്നു അമലപോളിന്റെയും വിജയുടെ വിവാഹം. മൂന്ന് വര്‍ഷം നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം പിന്നിട്ടപ്പോള്‍ ഇരുവരും വിവാഹമോചന ഹര്‍ജി സമര്‍പ്പിച്ചു. തുടര്‍ന്ന് ഫെബ്രുവരി 2017ല്‍ ഇരുവരും നിയമപരമായി വിവാഹമോചിതരായി. ഇക്കഴിഞ്ഞ ജൂലൈ 11നായിരുന്നു വിജയ് രണ്ടാമതും വിവാഹിതനായത്. ചെന്നൈ സ്വദേശിയും ഡോക്ടറുമായ ഐശ്വര്യയാണ് വധു. 

Content Highlights : Amala Paul About Her Relationship, Love, Marriage