അമല പോള്‍ നായികയായെത്തിയ ആടൈ എന്ന ചിത്രത്തിന്റെ ടീസര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ആകാംക്ഷയും ഉദ്വേഗവും ജനിപ്പിക്കുന്ന ടീസര്‍ നിമിഷ നേരം കൊണ്ടാണ് വൈറലായി മാറിയത്. അമല പോള്‍ പൂര്‍ണ നഗ്നയായി എത്തുന്ന ഒരു രംഗം അക്ഷരാര്‍ത്ഥത്തില്‍ ആരാധകരെ ഞെട്ടിക്കുകയും ചെയ്തു.

ടീസറിലെ ഒരു രംഗത്തില്‍ അമല പോള്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ അമ്മയുടെ ഫോണ്‍ കോള്‍ വരുന്ന ഒരു രംഗമുണ്ട്. ടീസര്‍ വൈറലായി മാറിയതോടെ ആ ഫോണ്‍ നമ്പറിലേക്ക് കോളുകളുടെ പ്രവാഹമായിരുന്നു. അശ്ലീല സന്ദേശങ്ങളും ഫോണ്‍ കോളുകളും കൊണ്ട് ഇരിക്കപ്പൊറുതി ഇല്ലാതായതോടെ ഇത്തരത്തില്‍ ശല്യം ചെയ്യുന്ന ഞരമ്പ് രോഗികള്‍ക്ക് കിടിലന്‍ പണി നല്‍കിയിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. തമിഴ് നാട്ടില്‍ നിന്നുള്ളവര്‍ മാത്രമല്ല മലയാളികളും തെലുങ്കന്മാരും ഇക്കൂട്ടത്തിലുണ്ട്.

തമിഴ് ബിഗ് എഫ് എം ആര്‍ജെ ആയ സരിത്രന്റെ സഹായത്തോടെയാണ് ശല്യക്കാര്‍ക്ക് പണി കൊടുത്തത്. ശല്യക്കാരെ വിളിച്ച്, തമിഴ്‌നാട്ടിലെ പൊലീസ് സ്റ്റേഷനില്‍ നിന്നാണ് വിളിക്കുന്നതെന്നും വീട്ടമ്മയുടെ പരാതിയെ തുടര്‍ന്ന് താങ്കള്‍ക്കെതിരെ കേസ് എടുത്തെന്നും പറഞ്ഞാണ് ഇയാള്‍ ഓരോരുത്തരെയും കബളിപ്പിച്ചത്.  ഇതിന്റെ വീഡിയോ സരിത്രന്‍ തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവച്ചിട്ടുണ്ട്.

പലരും പേടിച്ച് ഫോണ്‍വച്ചിട്ട് പോയി. മറ്റുള്ളവര്‍ താണുകേണ് മാപ്പു പറഞ്ഞു. വീട്ടില്‍ അറിഞ്ഞാല്‍ പ്രശ്‌നമാകുമെന്നും അറിയാതെ ചെയ്തുപോയതാണെന്നും ഇനി സംഭവിക്കില്ലെന്നും പറഞ്ഞ് കരഞ്ഞവര്‍ വേറെ. വേറൊരു വിരുതന്‍ കുറ്റം ചുമത്തിയത് തന്റെ നാല് വയസുള്ള മകന്റെ മീതെയാണ്. കുട്ടികള്‍ യുട്യൂബില്‍ റൈംസ് കാണുകയായിരുന്നുവെന്നും ആരാണ് കോള്‍ ചെയ്തതെന്ന് തനിക്കറിയില്ലെന്നുമായിരുന്നു ഇയാളുടെ മറുപടി. രാത്രി പന്ത്രണ്ടു മണിക്ക് വിളിച്ച് ശല്യം ചെയ്ത ജൂനിയര്‍ അഭിഭാഷകനെ പേടിപ്പിച്ചപ്പോള്‍ അയാള്‍ പറഞ്ഞത് അമല പോളിന്റെ നമ്പര്‍ ചോദിക്കാന്‍ വിളിച്ചതായിരുന്നു എന്നാണ്

എം.രത്‌നകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ കാര്‍ത്തിക് കണ്ണന്‍ ആണ്. സംഗീത സംവിധാനം ഗായകന്‍ പ്രദീപ് കുമാറാണ്.

Content Highlights : Amala Paul Aadai Movie Teaser Prank