ടൻ പ്രണവ് മോഹൻലാലിന് ജന്മദിനാശംസകൾ നേർന്ന് ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവച്ച് സംവിധായകൻ അൽഫോൺസ് പുത്രൻ. പ്രണവുമായുള്ള ആദ്യ കൂടിക്കാഴ്ച ഓർത്തെടുത്താണ് അൽഫോൺസിന്റെ കുറിപ്പ്. ആദ്യ കൂടിക്കാഴ്ചയിൽ തന്നെ വലിയൊരു പാഠം പ്രണവ് പഠിപ്പിച്ചെന്നും അൽഫോൺസ് പുത്രൻ പറയുന്നു.

"ജന്മദിനാശംസകൾ പ്രണവ് മോഹൻലാൽ ഈ വർഷവും വരും വർഷങ്ങളും മനോഹരവും സമൃദ്ധവുമാകട്ടെ! എന്റെ ഓഫിസിൽ കമ്പി പൊട്ടിയ ഒരു ഗിറ്റാറുണ്ടായിരുന്നു. അതുകൊണ്ട് ഞാനും സഹപ്രവർത്തകരും ആ ഗിറ്റാറിനെ മാറ്റി വച്ചിരിക്കുകയായിരുന്നു. ഒരിക്കൽ ഒരു സിനിമയുടെ കാര്യം ചർച്ച ചെയ്യുന്നതിനായി പ്രണവിനെ കാണാൻ ഞാൻ ആഗ്രഹിച്ചു. സിജു വിൽസണോ കൃഷ്ണ ശങ്കറോ ആണ് പ്രണവിനെ വിളിച്ചത്. അദ്ദേഹം ഓഫിസിൽ വന്നു. ഞങ്ങൾ കണ്ടു. ഞങ്ങൾ സംസാരിച്ചിരുന്നു. അൽപസമയം കഴിഞ്ഞപ്പോൾ അദ്ദേഹം ആ കമ്പി പൊട്ടിയ ഗിറ്റാറെടുത്ത് വായിക്കാൻ തുടങ്ങി. അതിഗംഭീരമായിരുന്നു ആ സംഗീതം.

അന്ന് ഒരു പാഠം അദ്ദേഹം എന്നെ പഠിപ്പിച്ചു. ഒരു കമ്പിയില്ലാത്ത ഗിറ്റാറിനു പോലും സംഗീതം സൃഷ്ടിക്കാൻ കഴിയും. ഉപകരണമല്ല, അതു വായിക്കുന്നവനാണ് സംഗീതം സൃഷ്ടിക്കുന്നത്. നന്ദി മോഹൻലാൽ സർ, സുചിത്ര മാഡം... പ്രണവിനെപ്പോലെ മനോഹരമായ മനുഷ്യനെ ഞങ്ങൾക്കു നൽകിയതിന്.." അൽഫോൺസ് കുറിക്കുന്നു.

പ്രണവ് നായകനായെത്തുന്ന മൂന്നാമത്തെ ചിത്രം ഹൃദയത്തിന്റെ ക്യരക്ടർ പോസ്റ്ററും താരത്തിന്റെ ജന്മദിനത്തോട് അനുബന്ധിച്ച് പുറത്തിറക്കിയിരുന്നു. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കല്യാണി പ്രിയദർശൻ, ദർശന രാജേന്ദ്രൻ എന്നിവരാണ് നായികമാർ.

content highlights : alphonse putharen birthday wishes to pranav mohanlal