തനിക്ക് കരിയർ ബ്രേക്ക് സമ്മാനിച്ച ആര്യ എന്ന തെലുങ്ക് ചിത്രത്തിന്റെ പതിനേഴാം വാർഷികത്തിൽ ഓർമ്മക്കുറിപ്പ് പങ്കുവച്ച് നടൻ അല്ലു അർജുൻ. സുകുമാറിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഈ റൊമാന്റിക് ആക്ഷൻ ചിത്രമാണ് മലയാളത്തിലുൾപ്പടെ വലിയ വിഭാ​ഗം ആരാധകരെ അല്ലുവിന് നേടിക്കൊടുത്തത്.  

"ആര്യയ്ക്ക് 17 വയസ്. എൻറെ ജീവിതം ഏറ്റവുമധികം മാറ്റിമറിച്ച അനുഭവമാണ് അത്. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ അത്ഭുതവും.  'ഫീൽ മൈ ലവ്' എന്ന് ഞാൻ പറഞ്ഞതിന് ശേഷമാണ് പ്രേക്ഷകരുടെ സ്നേഹം എന്നിലേക്ക് പെയ്‍തു തുടങ്ങിയത്.

ഒരുപാട് പേരുടെ ജീവിതം ഈ ചിത്രം മാറ്റിമറിച്ചു. നടനെന്ന നിലയിലുള്ള എന്റെ യാത്ര, സംവിധായകനെന്ന നിലയിൽ സുകുമാർ സാറിന്റെ, നിർമാതാവെന്ന നിലയിൽ ദിൽ രാജു സാറിന്റെ, സം​ഗീത സംവിധായകനെന്ന നിലയിൽ ദേവിശ്രീ പ്രസാദ് സാറിന്റെ, ഛായാ​ഗ്രാഹകനെന്ന നിലയിൽ രത്നവേൽ സാറിന്റെ, ഡിസ്ട്രിബ്യൂട്ടർ എന്ന നിലയിൽ ബണ്ണി വാസുവിന്റെ അങ്ങനെ പലരുടെയും ജീവിതം ഈ ചിത്രം മാറ്റി മറിച്ചു. ഞങ്ങളുടെ ജീവിതത്തിലേക്ക് കടന്ന് വന്ന ആര്യ എന്ന വിസ്മയത്തിനോട് ഞങ്ങൾ എന്നെന്നും കടപ്പെട്ടിരിക്കുന്നു. ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ നാഴികക്കല്ലായി ഈ ചിത്രം എന്നുമുണ്ടാകും... നന്ദി, എന്നെന്നും കടപ്പാട്." അല്ലു കുറിച്ചു.

കോവിഡ് ബാധിതനായി  ഹോം ക്വാറൻറൈനിൽ കഴിയുകയാണ് അല്ലു ഇപ്പോൾ. താരം സുഖമായിരിക്കുന്നുവെന്ന് അല്ലുവിന്റെ സഹോദരനും നടനുമായ അല്ലു സിരീഷ് സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കിയിരുന്നു, 

'പുഷ്‍പ'യാണ് അല്ലുവിൻറേതായി പുറത്തുവരാനിരിക്കുന്ന ചിത്രം. സുകുമാർ തന്നെയാണ് പുഷ്പയും സംവിധാനം ചെയ്യുന്നത്. ആര്യ, ആര്യ 2 എന്നീ ചിത്രങ്ങൾക്കു ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രം ആണിത്. ആക്ഷൻ ത്രില്ലറായി ഒരുക്കുന്ന ചിത്രത്തിൽ പ്രതിനായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഫഹദ് ഫാസിൽ ആണ്. ഫഹദിൻറെ തെലുങ്ക് അരങ്ങേറ്റ ചിത്രമായ പുഷ്പ തമിഴ്, ഹിന്ദി, കന്നഡ, മലയാളം ഭാഷകളിലും പ്രദർശനത്തിനെത്തും.

content highlights : allu arjun celebrates 17 years of arya movie by sukumar