മര്‍ ലുലു സംവിധാനം ചെയ്ത ഒരു അഡാര്‍ ലൗവിന്റെ തെലുങ്കു പതിപ്പിന്റെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസം ഹൈദരാബാദില്‍ വച്ച് നടന്നു. ലൗവേഴ്‌സ് ഡേ എന്ന പേരിലാണ് ചിത്രം തെലുങ്കില്‍ പുറത്തിറങ്ങുന്നത്. ചിത്രത്തിലെ അഭിനേതാക്കളും അണിയറ പ്രവര്‍ത്തകരും പങ്കെടുത്ത ചടങ്ങില്‍ നടന്‍ അല്ലു അര്‍ജുനായിരുന്നു അതിഥിയായെത്തിയത്. 

'ഞാന്‍ ചെന്നൈയില്‍ ജനിച്ച ഒരു തെലുങ്കു നടനാണ്. കര്‍ണാടകയിലും കേരളത്തിലും എന്നെ സ്‌നേഹിക്കുന്ന ഒരുപാട് ജനങ്ങളുണ്ട്. മൊഴിമാറി പ്രദര്‍ശനത്തിനെത്തുന്ന ചിത്രങ്ങള്‍ക്ക് പ്രേക്ഷകരില്‍ അത്രമേല്‍ സ്വാധീനമുണ്ട് എന്നതിന്റെ തെളിവാണ് എനിക്ക് ലഭിക്കുന്ന സ്‌നേഹം'- അല്ലു അര്‍ജുന്‍ പറഞ്ഞു.

പ്രിയ വാര്യരുടെ കണ്ണു ചിമ്മലാണ് അഡാര്‍ ലൗവിനെ വലിയ ചര്‍ച്ചാവിഷയമാക്കിയത്. ഇതിലൂടെ 'വിങ്ക് ഗേള്‍' എന്ന പേരില്‍  പ്രിയ  അന്താരാഷ്ട്ര തലത്തില്‍ വരെ ശ്രദ്ധിക്കപ്പെട്ടു. ചടങ്ങില്‍ അല്ലു അര്‍ജുന് നേരെ പ്രിയ തന്റെ പ്രശസ്തമായ ഗണ്‍ഷോട്ട് പ്രയോഗിച്ചു. ഈ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്.

ഷാന്‍ റഹ്മാനാണ് ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കിയിരിക്കുന്നത്. 

നീണ്ട കാത്തിരിപ്പുകള്‍ക്ക് ശേഷം 2019 പ്രണയദിനത്തിലാണ്‌ ഒരു അഡാര്‍ ലൗ പുറത്തിറങ്ങുന്നത്‌. ചിത്രത്തെ ശ്രദ്ധേയമാക്കിയ മാണിക്യമലരായ പൂവി എന്ന ഗാനം പുറത്തിറങ്ങി ഒരു വര്‍ഷത്തിന് ശേഷമാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തുന്നത്. 

ഹാപ്പി വെഡിംങ്, ചങ്കസ് എന്നീ സിനിമകള്‍ക്ക് ശേഷം ഒമര്‍ലുലു സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ കൗമാരക്കാരുടെ പ്രണയവും സൗഹൃദവുമാണ് പ്രമേയം.

Content Highlights: allu arjun attends oru adaar love, lovers day audio launch, priya warrier, omar lulu, roshan