അല്ലു അർജുൻ നായകനായെത്തുന്ന പുതിയ ചിത്രമാണ് പുഷ്പ. സുകുമാർ സംവിധാനം ചെയ്യുന്ന ചിത്രം ലോക്ക്ഡൗൺ തീരുന്നതോടെ ചിത്രീകരണം തുടരും. ഇപ്പോൾ ചിത്രത്തിലെ പ്രധാനപ്പെട്ട ആക്ഷൻ രം​ഗം ഇന്ത്യയിൽ ചിത്രീകരിക്കാൻ പദ്ധതിയിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. സിനിമയിലെ ദിവസവേതന തൊഴിലാളികളെ സഹായിക്കാനാണ് ആറ് കോടി രൂപ ചിലവ് വരുന്ന ആറ് മിനിറ്റിന്റെ  ചേയ്സ് രം​ഗം ഇന്ത്യയിൽ ചിത്രീകരിക്കുന്നത്. പീറ്റർ ഹെയ്നാണ് ആക്ഷൻ രം​ഗങ്ങൾ സംവിധാനം ചെയ്യുന്നത്. 

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നേരത്തെ ശ്രദ്ധ നേടിയിരുന്നു. അല്ലുവിന്റെ ജന്മദിനത്തിലാണ് പോസ്റ്റർ പുറത്തുവിട്ടത്. അഞ്ച് ഭാഷകളിലാണ് ചിത്രം ഒരുക്കുന്നത്. പുഷ്പരാജ് എന്ന കഥാപാത്രമായി അല്ലു എത്തുന്ന ചിത്രത്തില്‍ രശ്മിക മന്ദാനയാണ് നായിക. വിജയ് സേതുപതിയാണ് ചിത്രത്തിൽ വില്ലൻ വേഷത്തിലെത്തുകയെന്നും റിപ്പോർട്ടുകളുണ്ട്,.

ആര്യ, ആര്യ 2 എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം സുകുമാര്‍ - അല്ലു അര്‍ജുന്‍ കൂട്ടുകെട്ട് വീണ്ടുമൊന്നിക്കുന്ന ചിത്രമാണിത്. മൈത്രി മൂവി മേക്കേഴ്സാണ് നിര്‍മാണം. രംഗസ്ഥലത്തിന് ശേഷം സുകുമാര്‍ - മൈത്രി മൂവി മേക്കേഴ്സ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന രണ്ടാമത്തെ ചിത്രമാണ് പുഷ്പ. 

തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി എന്നിങ്ങനെ അഞ്ച് ഭാഷകളില്‍ ചിത്രം പുറത്തിറങ്ങും. ദേവി ശ്രീ പ്രസാദ് ആണ് സംഗീതസംവിധാനം.

Content Highlights : Allu Arjun And Vijay Sethupathi’s pushpa movie 6 Minute Action Scene Worth 6 crore