മോഹൻലാൽ–ശ്രീനിവാസൻ, മലയാളികൾ ഏറെ ആസ്വദിച്ച ഇന്നും നെഞ്ചിൽ കൊണ്ടുനടക്കുന്ന ഹിറ്റ്  കൂട്ടുകെട്ട്. ഒരിടയ്ക്ക് വച്ച് ഈ കൂട്ടുകെട്ടിനിടയിൽ സംഭവിച്ച വിള്ളൽ മലയാളികൾക്കിടയിൽ ചർച്ചയായ വിഷയമാണ്. ഇപ്പോഴിതാ ഇരുവർക്കുമിടയിലെ സൗഹൃദവും ശ്രീനിവാസന്റെ സ്വഭാവത്തിലെ പ്രത്യേകതകളും പങ്കുവച്ചുകൊണ്ട് ഒരു ഫെയ്സ്ബുക്ക് കുറിപ്പിട്ടിരിക്കുകയാ്  സംവിധായകൻ ആലപ്പി അഷ്റഫ്. മലയാളികൾ ആഗ്രഹിക്കുന്ന ഒന്നുകൂടി സ്നേഹപൂർവം ചോദിക്കട്ടെ. മോഹൻലാലും ശ്രീനിവാസനും ഒന്നിക്കുന്ന ഒരു പുതിയ ചിത്രം ഇനിയും മലയാളികൾക്കു പ്രതീക്ഷിക്കാമോ...? എന്ന ചോദ്യത്തോടെയാണ് അഷ്റഫ് കുറിപ്പ് അവസാനിപ്പിക്കുന്നത്. 

ആലപ്പി അഷ്റഫിന്റെ കുറിപ്പ് :

തനിയാനാലും തലപോനാലും.. പറയാനുള്ളത് പറയുന്നയാളാണ് നടൻ ശ്രീനിവാസൻ.

ശ്രീനി നല്ലൊരു അഭിനേതാവും കഥാകൃത്തും മാത്രമല്ല, നല്ലൊരു ഡബ്ബിങ് ആർട്ടിസ്റ്റ് കൂടിയാണ്. സാക്ഷാൽ മമ്മൂട്ടിക്ക് ഒരു മാടപ്രാവിന്റെ കഥ എന്ന ചിത്രത്തിൽ ശബ്ദം നല്കിയത് ശ്രീനിവാസനാണ്. ഞാൻ നിർമിച്ച് പ്രിയദർശൻ സംവിധാനം ചെയ്ത "ഒരു മുത്തശ്ശി കഥ" യിൽ തമിഴ് നടൻ ത്യാഗരാജനും ശ്രീനിയായിരുന്നു ശബ്ദം നൽകിയത്. കഥാപ്രസംഗ കുലപതി സംബശിവൻ നായകനായ പല്ലാങ്കുഴി എന്ന സിനിമയിൽ സാംബശിവൻ ശ്രീനിയിലൂടെയാണ് സംസാരിച്ചത്.

ക്ഷുഭിത യൗവ്വനത്തിന്റെ ഹിന്ദി സിനിമാ കാലഘട്ടത്തിൽ, നിസ്സഹായനിർദ്ധന യൗവ്വനത്തിന്റെ പ്രതീക്ഷകളുടെ കഥ പറഞ്ഞ ഒരു കൂട്ടുകെട്ടായിരുന്നു മോഹൻലാൽ–ശ്രീനിവാസൻ കൂട്ടുകെട്ട്.

മലയാള ചലച്ചിത്രലോകം കണ്ട ഏറ്റവും മികച്ച രാഷ്ട്രീയ ആക്ഷേപഹാസ്യ സിനിമ ശ്രീനിവാസന്റെ തൂലികതുമ്പിൽ നിന്നും ജന്മം കൊണ്ടതാണ്. കൂട്ടുകെട്ടിന് അപ്പുറം സ്വന്തം മേൽവിലാസം സ്വയം രൂപപ്പെടുത്തിയെടുത്ത ആൾകൂടിയാണ് ശ്രീനി. ഒറ്റക്കെത്തിയപ്പോൾ പിന്നീട് മോഹൻലാൽ–ശ്രീനി കൂട്ടുകെട്ടിന് കരിനിഴൽ വീണു. ഉന്നത വിജയം കൈവരിച്ച ഉദയനാണ് താരത്തിലെ സൂപ്പർ സ്റ്റാർ സരോജ് കുമാറിന്റെ യാത്ര തനിച്ചാക്കിയപ്പോൾ... ബാക്കി ഞാൻ പറയണ്ടതില്ലല്ലോ.

പ്രഥമദൃഷ്ട്യാ അവർ തമ്മിലുള്ള സൗഹൃദം ഊഷ്മളമായിരുന്നെങ്കിലും അന്തർധാര അത്ര സജീവമായിരുന്നില്ലന്നു എന്നുവേണം കരുതാൻ. ഒരിക്കൽ അവസരം ലഭിച്ചപ്പോൾ ഞാൻ ഇക്കാര്യം ശ്രീനിയോട് തുറന്നു പറഞ്ഞു. സരോജ് കുമാറിന് കേണൽ പദവി ലഭിക്കുന്ന ഭാഗം മാത്രം ഒഴിവാക്കിയിരുന്നെങ്കിൽ ആ ചിത്രം ആരെയും വേദനിപ്പിക്കില്ലയിരുന്നു. എന്റെ അഭിപ്രായത്തോട് ശ്രീനി പ്രതികരിച്ചത് ദീർഘമായ മൗനത്തിലൂടെയായിരുന്നു.

alleppey ashraf

ആരോഗ്യം ഭക്ഷണം രാഷ്ട്രീയം സാമ്പത്തികം ... ശ്രീനി കൈവെക്കാത്ത മേഖലകൾ ഇനി ബാക്കിയില്ല. അണികളെ ബലി കൊടുത്ത് സ്വന്തം മക്കളെ ആദർശത്തിന്റെ വേലിക്കപ്പുറത്തേക്ക് പറത്തി വിടുന്ന ആധുനിക നേതാക്കളെ വരെ ശ്രീനി ഒളിയമ്പെയ്തിട്ടുണ്ട്

സമസ്ത മേഖലകളെയും ആക്ഷേപ ഹാസ്യത്തിന്റ മധുരത്തിൽ ചാലിച്ചവതരിപ്പിച്ചതിനാൽ, ശ്രീനിയോട് നീരസം കാട്ടുന്നവരുമുണ്ട്. ഒന്നു പറയാതെ വയ്യ, സ്വന്തം അഭിപ്രായങ്ങൾ ഒളിയമ്പായി തൊടുത്തുവിടുന്ന ശ്രീനിയുടെ മികവ് ഒന്നുവെറെതന്നെ..

സിനിമയിലെ കുതികാൽ വെട്ട്, പാര പണിയൽ , അസൂയ, കുശുമ്പ് അങ്ങനെയൊന്നും ശ്രീനിയുടെ ഡിക്‌ഷണറിയിൽ പോലും കാണാൻ പറ്റില്ല. ചുരുക്കത്തിൽ ശ്രീനിയെ ഇങ്ങിനെ വിശേഷിപ്പിക്കാം..

നല്ല നടൻ, സംവിധായകൻ, തിരകഥാകൃത്ത്, ഡബ്ബിങ് ആർട്ടിസ്റ്റ്, നല്ല ഒളിയമ്പെയ്ത്ത്കാരൻ അതാണ് നമ്മുടെ ശ്രീനി.

അവസാനമായി മലയാളികൾ ആഗ്രഹിക്കുന്ന ഒന്നുകൂടി സ്നേഹപൂർവം ചോദിക്കട്ടെ. മോഹൻലാലും ശ്രീനിവാസനും ഒന്നിക്കുന്ന ഒരു പുതിയ ചിത്രം ഇനിയും മലയാളികൾക്കു പ്രതീക്ഷിക്കാമോ...?

Content Highlights : Alleppy Ashraf About Mohanlal Sreenivasan Friendshib Combo Saroj Kumar Movie