അന്തരിച്ച നടൻ റിസബാവയെക്കുറിച്ച് ഓർമക്കുറിപ്പ്  പങ്കുവച്ച് സംവിധായകൻ ആലപ്പി അഷ്റഫ്. റിസബാവയെ ശ്രദ്ധേയനാക്കിയ ജോൺ ഹോനായ് എന്ന വില്ലൻ കഥാപാത്രത്തെ സമ്മാനിച്ച ഇൻഹരിഹർ ന​ഗർ എന്ന ചിത്രത്തിന്റെ നിർമാണ പങ്കാളിയായിരുന്നു അഷ്റഫ്. ചിത്രം ഹിറ്റായതിന് പിന്നാലെ മറ്റ് ഭാഷകളിലേക്ക് ചിത്രം റീമേയ്ക്ക് ചെയ്യാൻ ആ​ഗ്രഹം പ്രകടിപ്പിച്ച് നിർമാതാക്കൾ മുന്നോട്ട് വന്നെന്നും എല്ലാവരുടെയും ആവശ്യം റിസബാവ തന്നെ വില്ലൻ വേഷം അവതരിപ്പിക്കണമെന്നത് ആയിരുന്നുവെന്നും അഷ്റഫ് പറയുന്നു. എന്നാൽ നിർഭാ​ഗ്യവശാൽ ഈ അവസരങ്ങളൊന്നും റിസബാവ സ്വീകരിച്ചില്ലെന്നും അതിന് പിന്നിലെ ചതിയുടെ കഥയും അഷ്റഫ് കുറിക്കുന്നു.

ആലപ്പി അഷ്റഫിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്

ബഹുകേമൻമാരായ നായകൻമാരെക്കാളേറെ കൈയ്യടി നേടിയൊരു വില്ലൻ. മലയാള സിനിമയിൽ ആ വിശേഷണം മറ്റാരെക്കാളുമേറെ ഇണങ്ങുക റിസബാവയ്ക്കായിരിക്കും. ഒരിക്കൽ ആ നടൻ്റെ കണ്ണുകൾ  നിറഞ്ഞൊഴുകിയത് ഇന്നലെ എന്ന പോലെ ഇന്നു ഞാനോർക്കുന്നു.

റിസബാവ നമ്മെ വിട്ടുപിരിഞ്ഞ ഈ സന്ദർഭത്തിൽ ഒരിക്കൽ കൂടി ഞാനതോർത്തു പോകുന്നു. ഇൻ ഹരിഹർ നഗർ ഹിറ്റായ് കത്തി നിലക്കുന്ന കാലം. ജോൺ ഹോനായ് എന്ന വില്ലൻ കഥാപാത്രം റിസബാവ എന്ന നടനെ ചലച്ചിത്ര മേഖലയിലെ സജീവ ചർച്ചാ കേന്ദ്രമാക്കി. വില്ലൻ ഒരു തരംഗമായ് മാറുന്ന അപൂർവ്വ കാഴ്ച. ഇൻ ഹരിഹർ നഗറിൻ്റെ നിർമ്മാണത്തിൽ ഞാനും ഒരു പങ്കാളിയായിരുന്നു.  പടം ഒരു തരംഗമായപ്പോൾ ഇന്ത്യയിലെ മിക്കവാറും എല്ലാ ഭാഷകളിലും ഈച്ചിത്രം റീമേക്ക് ചെയ്യാൻ നിർമ്മാതക്കൾ മുന്നോട്ട് വന്നു. കഥ വിൽക്കാനുള്ള  പവർ ഓഫ് അറ്റോണി സിദ്ധീക്-ലാൽ എൻ്റെ പേരിലായിരുന്നു എഴുതി വെച്ചിരുന്നത്. ഇക്കാരണത്താൽ കഥയ്ക്കായ് എന്നെയാണ് പലരും സമീപിച്ചിരുന്നത്. 

ഹിന്ദി റീമേക്കിനുള്ള അവകാശം സ്വന്തമക്കിയത്, നിർമ്മാതാവ് ബപ്പയ്യയുടെ വമ്പൻ കമ്പനി. ഒറ്റ നിബന്ധന മാത്രം , ഞങ്ങൾക്ക് വില്ലൻ റിസബാവ തന്നെ മതി.  തെലുങ്കിൽ ഹിറ്റ് മേക്കർ നിർമ്മാതാവ് ഗോപാൽ റെഡ്ഡി കഥക്ക് ഒപ്പം ആവശ്യപ്പെട്ടത് , ജോൺ ഹോനായ് എന്ന റിസബാവയുടെ ഡേറ്റ് കൂടിയായിരുന്നു. തമിഴിൽ നമ്പർ വൺ നിർമ്മാതാവ് സൂപ്പർ ഗുഡ്ഫിലിംസിൻ്റെ ചൗധരി അടിവരയിട്ടു പറയുന്നു വില്ലൻ അതയാൾ തന്നെ മതി.  കന്നഡക്കാർക്കും വില്ലനായ് റിസബാവയെ തന്നെ വേണം ...

അഭിനയ ജീവതത്തിൽ ഒരു നടനെ , തേടിയെത്തുന്ന അപൂർവ്വ ഭാഗ്യം. പക്ഷേ നിർഭാഗ്യവശാൽ റിസബാവാ ഈ അവസരങ്ങൾ ഒന്നും സ്വീകരിച്ചില്ല.  ഞാനായിരുന്നു  അവർക്കൊക്കെ വേണ്ടി റിസബാവയുമായ് അന്നു സംസാരിച്ചിരുന്നത്.  ഞാൻ നേരിൽ കണ്ടു സംസാരിക്കാൻ മദിരാശിയിൽ നിന്നും അദ്ദേഹത്തിൻ്റെ ഷൂട്ടിംഗ് സ്ഥലമായ പാലക്കാട്ടെത്തി. നിർഭാഗ്യം ... അന്നെന്തു കൊണ്ടോ ആ കുടി കാഴ്ച നടന്നില്ല.

റിസബാവക്കായ് വിവിധ ഭാഷകളിൽ മാറ്റി വെച്ച ആ വേഷങ്ങളിൽ മറ്റു പല നടന്മാരും മിന്നിത്തിളങ്ങി.
കാലങ്ങൾ കഴിഞ്ഞ്, ഒരിക്കൽ ഞാൻ റിസബാവയോട് സ്നേഹപൂർവ്വം  അതേക്കുറിച്ചാരാഞ്ഞു. എത്ര വില പിടിച്ച അവസരങ്ങളാണ് അന്നു നഷ്ടപ്പെടുത്തിയതെന്ന് ഇപ്പോൾ തിരിച്ചറിയുന്നില്ലേ ?. ഒരു നിമിഷം റിസബാവ മൗനമായിനിന്നു . അന്ന് ആ അവസരങ്ങൾ സ്വീകരിച്ചിരുന്നങ്കിൽ. ഹിന്ദിയിലും തെലുങ്കിലും, തമിഴ് കന്നഡ തുടങ്ങിയ പല ഭാഷകളിലും എത്രയോ അവസങ്ങളൾ താങ്കളെ തേടി വന്നേനെ. ഒരു പക്ഷേ ഇൻഡ്യയിലാകെ അറിയപ്പെടുന്ന ഒരു മികച്ചനടനാകാനുള്ള അവസരങ്ങളാണ് താങ്കൾ വേണ്ടന്ന് വെച്ചത്.. 
നനഞ്ഞ കണ്ണുകളോടെ  റിസബാവ അന്ന് അത് എന്നോട് പറഞ്ഞു.

"എൻ്റെ ഒപ്പം നടന്ന വിശ്വസ്ത സ്നേഹിതൻ എന്നെ വഴി തെറ്റിച്ചതാണിക്കാ..."
ഒരു നിമിഷം ഞാനൊന്നു പകച്ചു. 'നിന്നെക്കൊണ്ടു മാത്രമാണ് ഹരിഹർ നഗർ ഓടിയത് നീയില്ലങ്കിൽ ആ സിനിമ ഒന്നുമല്ല.. "ഏതു ഭാഷയാണങ്കിലും വമ്പൻ നടന്മാരുടെ കൂടെ ഇനി അഭിനയിച്ചാൽ മതി, ആ അവസരങ്ങൾ ഇനിയും നിന്നെ തേടി വരും... "ഞാനത് വിശ്വസിച്ചു പോയി ഇക്കാ'

ഏതവനാ അവൻ, ഞാൻ  ക്ഷോഭത്തോടെ  ചോദിച്ചു.  റിസബാവ  തന്നെ വഴി തെറ്റിച്ച ആളാരാണെന്ന് എന്നോട് പറഞ്ഞു. ആ പേരുകേട്ട് ഞാൻ ഞെട്ടിപ്പോയി. റിസബാവയെ വഴി തെറ്റിച്ച അയാൾ എൻ്റെ കൂടി സുഹൃത്തായ ഒരു മിമിക്രിക്കാരനായിരുന്നു. ഒരിക്കലും തിരികെ ലഭിക്കാതെ പോയ ആ അവസങ്ങൾ പോലെ- ഇനി ഒരിക്കലും തിരിയെ വരാനാകാത്ത ലോകത്തേക്ക് പ്രിയപ്പെട്ട റിസബാവ മടങ്ങിക്കഴിഞ്ഞു. ആദരാഞ്ജലികൾ

Content Highlights : Alleppey Ashraf Remembering Rizabawa In Harihar Nagar Movie John Honai