ജയസൂര്യയെ നായകനാക്കി നാദിർഷ ഒരുക്കുന്ന ‘ ഈശോ’ യുടെ ടൈറ്റിലിനെ ചൊല്ലി വിമർശനങ്ങൾ ഉയരുമ്പോൾ പ്രതികരണവുമായി സംവിധായകൻ ആലപ്പി അഷ്റഫ്. സമാനമായ പഴയൊരു സംഭവം ഓർത്തെടുത്താണ് അഷ്റഫിന്റെ കുറിപ്പ്. 1984ൽ റിലീസ് ചെയ്ത രജനികാന്ത് ചിത്രത്തിന് ആദ്യം നൽകിയ പേര് ‘ നാൻ ഗാന്ധിയല്ലൈ’ എന്നായിരുന്നുവെന്നും പിന്നീട് വിമർശനം ‘ നാൻ മഹാനല്ലൈ’ എന്ന് പേര് മാറ്റുകയായിരുന്നുവെന്നും അഷ്റഫ് പറയുന്നു.

ആലപ്പി അഷ്റഫിന്റെ വാക്കുകൾ

രജനികാന്തിന്റെ ഒരു സിനിമയുണ്ട് നാൻ മഹാനല്ലൈ എന്ന പേരിൽ. എന്നാൽ ആ ചിത്രത്തിന് ആദ്യം നൽകിയിരുന്ന പേര് നാൻ ഗാന്ധിയല്ലൈ എന്നായിരുന്നു. തമിഴ്നാട് മുഴുവൻ ആ പേരിലുള്ള സിനിമയുടെ പോസ്റ്ററുകളും, പത്രപരസ്യങ്ങളും ഞാൻ നേരിൽ കണ്ടിട്ടുള്ളത് ഇന്നും മനസിൽ തെളിഞ്ഞു കിടപ്പുണ്ട്.

ഗാന്ധിയൻ ആദർശങ്ങളിൽ വിശ്വസിക്കുന്നവർ ആ പേരിനെ എതിർത്തു. ഒരു കച്ചവട സിനിമയ്ക്ക് വേണ്ടി ഗാന്ധിജിയുടെ പേര് ഉപയോഗിച്ചത് മനസിനെ വേദനിപ്പിക്കുന്നതാണന്ന് അവർ മാധ്യമങ്ങളിലൂടെ പ്രതികരിച്ചു. സമൂഹത്തിൽ അത് ചർച്ചയായി. ആരെയും വേദനിപ്പിക്കാൻ പറ്റില്ല എന്ന് സാക്ഷാൽ രജനികാന്ത്... അദ്ദേഹം വാശി പിടിച്ചില്ല..ഉടൻ തീരുമാനമെടുത്തു, പേരു മാറ്റുക.

പോസ്റ്റർ ഒട്ടിച്ച് പരസ്യം ചെയ്ത ചിത്രത്തിന്റെ പേര് മാറ്റാൻ അദ്ദേഹം നിർദേശിച്ചു. ഉടൻ മാറ്റപ്പെട്ടു. നാൻ മഹാനല്ലൈ, എന്നാക്കി. ആറടി പോസ്റ്ററിന്റെ പുറത്ത് പേരിന്റെ ഭാഗത്ത് മാത്രം പുതിയ പേരിന്റെ സ്ലിപ്പ് ഒട്ടിച്ചത് ഇന്നും ഓർമയിലുണ്ട്.

‘ പേര് മാറ്റണ്ട ആവശ്യമില്ല സിനിമ കണ്ടിട്ട് നിങ്ങൾ പറയൂ , ഞാൻ ഗാന്ധിജിയെ ഈ സിനിമയിൽ മോശമായി ഒന്നും പറയുന്നില്ല’ , എന്നൊന്നും ആ സിനിമയുടെ സംവിധായകൻ എസ്.പി. മുത്തുരാമൻ അന്ന് പറഞ്ഞില്ല. ഹിന്ദു മുസ്ലിം ക്രിസ്ത്യൻ സഹോദര്യം നമ്മുടെ സുന്ദരമായ ജീവിതചര്യയാണ്. ആവിഷ്ക്കാര സ്വാതന്ത്ര്യമെന്ന പേരിൽ ഒരു മതത്തിനേയും പരിഹസിക്കാൻ പാടില്ല.

എല്ലാ മതസ്ഥർക്കും അവരവരുടെ വിശ്വാസ പ്രമാണങ്ങൾ ശുദ്ധമായ ജീവവായു പോലെയാണ്, അവരുടെ സന്തോഷവും സംതൃപ്തിയും ആ വിശ്വാസവുമായി ബന്ധപ്പെട്ടിരിക്കുന്നു. മത വികാരങ്ങളെ വൃണപ്പെടുത്തിയിട്ടുണ്ടങ്കിൽ ആ പേരുകൾ മാറ്റപ്പെടുത്തി മാതൃക കാട്ടേണ്ടത് ഒരു കലാകാരന്റെ കടമ കൂടിയാണ്

Content Highlights :Alleppey Ashraf About Rajnikanth Movie Nan Mahanallai Eesho Movie Controversy