മുംബൈ തീരത്ത് ആഡംബര കപ്പലിൽ മയക്കുമരുന്ന് പാർട്ടി നടത്തിയ സംഭവത്തിൽ ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനെ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) ചോദ്യം ചെയ്യുകയാണ്. സംഭവത്തിൽ ആര്യനെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നാണ് എൻസിബി സോണൽ ഡയറക്ടർ സമീർ വാങ്കടേ മാധ്യമങ്ങളോട് വ്യക്തമാക്കിയത്. വാർത്തകളിൽ ആര്യൻ നിറയുമ്പോൾ താരപുത്രനെക്കുറിച്ചുള്ള വിവരങ്ങളാണ് ​ഗൂ​ഗിളിൽ ആരാധകർ തിരയുന്നതിലേറെയും. 

ബോളിവുഡിന്റെ കിങ് ഖാൻ‌ ഷാരൂഖിന്റെയും ​ഗൗരി ഖാന്റെയും മൂന്ന് മക്കളിൽ മൂത്തയാളാണ് ഇരുപത്തിമൂന്നുകാരനായ ആര്യൻ ഖാൻ. സുഹാന ഖാൻ, അബ്രാം ഖാൻ എന്നിവരാണ് സഹോദരങ്ങൾ. കഭി ഖുഷി കഭി ​ഗം എന്ന ചിത്രത്തിൽ അച്ഛന്റെ ചെറുപ്പക്കാലം അവതരിപ്പിച്ചുകൊണ്ട് ആര്യൻ സിനിമയിലും മുഖം കാണിച്ചിട്ടുണ്ട്.

എന്നാൽ,  അഭിനയത്തിലുപരി ആര്യന് സംവിധാനത്തിലാണ് താത്പര്യമെന്ന് മുമ്പൊരിക്കൽ ഒരു അഭിമുഖത്തിൽ ഷാരൂഖ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. 

നടൻ അമിതാഭ് ബച്ചന്റെ കൊച്ചുമകൾ നവ്യ നവേലി നന്ദയുമായി അടുത്ത സൗഹൃദമാണ് ആര്യനുള്ളത്. ഇരുവരുടെയും ഈ സൗഹൃദം പല തവണ തെറ്റിദ്ധരിക്കപ്പെട്ടിട്ടുള്ളത് ബോളിവുഡിലെ ​ഗോസിപ് കോളങ്ങളിൽ ഇടം പിടിച്ചതുമാണ്. എന്നാൽ ഇരുവരുടെയും കുടുംബവും നവ്യയും ആര്യനുമായുള്ളത് സൗഹൃദമാണെന്ന് വ്യക്തമാക്കി രം​ഗത്തെത്തിയതും വാർത്തയായതാണ്. 

ഈ വർഷമാണ് സതേൺ കാലിഫോർണിയ യൂണിവേഴ്സിറ്റിയിൽ നിന്ന് ആര്യൻ ബിരുദം നേടിയത്. 2016ൽ സെവൻ ഓക്സ് ഹൈ സ്കൂളിൽ നിന്നും ആര്യൻ ബിരു​ദം നേടിയിരുന്നു.

സമൂഹമാധ്യങ്ങളിൽ സജീവമല്ലാത്ത ആര്യൻ വളരെ വിരളമായി മാത്രമേ ചിത്രങ്ങളും മറ്റും ആരാധകരുമായി പങ്കുവയ്ക്കാറുള്ളൂ എന്നതും ശ്രദ്ധേയമാണ്. 

content highlights : All you need to know about Aryan Khan Shah Rukh Khan's son as he is being questioned by NCB