ആലിയ, നവാസുദ്ദീൻ സിദ്ദിഖി | ഫോട്ടോ: സ്‌ക്രീൻഗ്രാബ്, എ.എൻ.ഐ
മുംബൈ: ബോളിവുഡ് നടന്‍ നവാസുദ്ദീന്‍ സിദ്ദിഖിക്കെതിരെ വീണ്ടും ഗുരുതര ആരോപണവുമായി ഭാര്യ ആലിയാ സിദ്ദിഖി. തന്നേയും മക്കളേയും നവാസുദ്ദീന്‍ സിദ്ദിഖി വീട്ടില്‍ നിന്ന് ഇറക്കിവിട്ടു എന്നാണ് അവര്‍ ആരോപിക്കുന്നത്. കഴിഞ്ഞദിവസം ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് താരത്തിനെതിരെ ആലിയ തുറന്നടിച്ചത്. നിരപരാധികളായ സ്വന്തം മക്കളെപ്പോലും വെറുതെവിടാത്തയാളാണ് നവാസുദ്ദീന്‍ സിദ്ദിഖിയെന്ന് അവര്‍ പറഞ്ഞു.
40 ദിവസമായി വീടിനുള്ളില്‍ കഴിയുന്ന അവസരത്തില്‍ വെര്‍സോവ പോലീസ് സ്‌റ്റേഷനില്‍ നിന്ന് വിളിച്ചിട്ട് അവിടേക്ക് പോയതായിരുന്നെന്ന് ആലിയ പറഞ്ഞു. വീട്ടിലേക്ക് തിരിച്ചുവന്നപ്പോള്‍
തന്നെയും മക്കളേയും വീടിനുള്ളില്‍ പ്രവേശിക്കുന്നത് തടയാനായി കുറേ കാവല്‍ക്കാരെ നിയോഗിച്ചിരിക്കുന്നതാണ് കണ്ടത്. ഞങ്ങളെ നവാസുദ്ദീന്‍ ക്രൂരമായി വഴിയിലുപേക്ഷിച്ചു. സ്വന്തം പിതാവ് തന്നോട് ഇത് ചെയ്യുമെന്ന് മകള്‍ക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. അവള്‍ നടുറോഡില്‍ നിന്ന് അലറി കരയുകയായിരുന്നു. തന്റെ നിസ്സഹായാവസ്ഥയറിഞ്ഞ ഒരു ബന്ധു തങ്ങളെ അവരുടെ ഒറ്റമുറി വീട്ടില്‍ കൊണ്ടുപോവുകയായിരുന്നു. എത്ര ചെറുതാണ് നവാസുദ്ദീന്‍ സിദ്ദിഖിയെന്നാണ് ഈ സംഭവം കാണിക്കുന്നതെന്നും ആലിയ പറഞ്ഞു.
'ഈ മനുഷ്യന്‍ യഥാര്‍ത്ഥത്തില്‍ എന്താണെന്ന് കാണിക്കാന്‍ മൂന്ന് വീഡിയോകള്‍ ഷെയര്‍ ചെയ്യുകയാണ്. നവാസുദ്ദീനുവേണ്ടി അദ്ദേഹത്തിന്റെ പിആര്‍ ഏജന്‍സി മാധ്യമങ്ങള്‍ വഴി തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയാണ്. നിങ്ങള്‍ക്ക് കുറച്ചുകൂടി നല്ല പിആര്‍ ഏജന്‍സിയെയാണ് ഞാന്‍ നിര്‍ദേശിക്കുന്നത്. തന്നെയും മക്കളേയും തകര്‍ക്കാന്‍ നവാസുദ്ദീന്‍ സിദ്ദിഖിക്ക് കഴിയില്ല. നീതി നിലനില്‍ക്കുന്ന ഒരു രാജ്യത്തെ പൗരനാണ് ഞാനും. ആ നീതി എനിക്ക് ഉടന്‍ ലഭിക്കും.' ആലിയ കൂട്ടിച്ചേര്‍ത്തു. വെര്‍സോവ പോലീസ് സ്‌റ്റേഷനില്‍ നവാസുദ്ദീന്‍ സിദ്ദിഖിക്കെതിരെ ബലാത്സംഗക്കേസ് നല്‍കിയിരിക്കുകയാണ് ആലിയ. ഇതിനുള്ള തെളിവും സമര്‍പ്പിച്ചിട്ടുണ്ടെന്ന് അവര്‍ വീഡിയോയില്‍ പറയുന്നുണ്ട്.
2009-ലാണ് ആലിയയും നവാസുദ്ദീന്‍ സിദ്ദിഖിയും വിവാഹിതരാവുന്നത്. കഴിഞ്ഞ കുറച്ചുനാളുകളായി ആരോപണ പ്രത്യാരോപണങ്ങളുമായി ഇരുകൂട്ടരും വാര്‍ത്തകളില്‍ നിറയുകയാണ്. നവാസുദ്ദീനും കുടുംബവും തനിക്ക് ഭക്ഷണവും ശൗചാലയവും നിഷേധിച്ചെന്ന് ആലിയ നേരത്തെ ആരോപിച്ചിരുന്നു. അവരെ നിരീക്ഷിക്കാന്‍ നിരവധി പുരുഷ കാവല്‍ക്കാരെ നിയോഗിച്ചിരിക്കുകയാണെന്നും കുട്ടിക്കൊപ്പം കഴിയുന്ന മുറിയില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചിരിക്കുകയും ചെയ്തിരിക്കുകയാണെന്നും ആലിയയുടെ അഭിഭാഷകന്‍ ആരോപിച്ചിരുന്നു.
ഇതിന് പിന്നാലെ താരത്തിന്റെ ദുബായിലെ വീട്ടിലെ സഹായിയായ പെണ്‍കുട്ടിയും നവാസുദ്ദീനെതിരെ രംഗത്തെത്തിയിരുന്നു. ചിലവിനുള്ള പൈസയോ ഭക്ഷണമോ നല്‍കാതെ നടന്‍ തന്നെ ദുബായില്‍ ഉപേക്ഷിക്കുകയായിരുന്നെന്നാണ് യുവതി പറഞ്ഞത്. ഈ വിവരം ആലിയയുടെ അഭിഭാഷകന്‍ തന്നെയാണ് ട്വിറ്ററിലൂടെ പുറത്തറിയിച്ചത്.
Content Highlights: alia siddiqui new video against nawasuddin siddiqui, alia nawazuddin case
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..