തിലകനെ വച്ച് സിനിമ എടുത്തതിന്റെ പേരില്‍ തന്നെ സിനിമയിലെ ജീവിച്ചിക്കുന്ന രക്തസാക്ഷിയാക്കിയെന്ന് സംവിധായകന്‍ അലി അക്ബര്‍. ബി.ഉണ്ണികൃഷ്ണന്‍, സിബി മലയില്‍, ശാന്തിവിള ദിനേശ്, ജി.എസ്.വിജയന്‍ എന്നിവര്‍ തന്നെ ഫെഫ്കയിലേക്ക് വിളിച്ചുവരുത്തി വിചാരണ ചെയ്തുവെന്നും മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ കൂട്ടാക്കിയില്ലെന്നും അലി അക്ബര്‍ പറയുന്നു. ഗുണ്ടകളുടെ സാന്നിധ്യത്തിലാണ് തന്നെ ചോദ്യം ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അലി അക്ബര്‍ മാതൃഭൂമിക്ക് നല്‍കിയ അനുഭവക്കുറിപ്പിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

അലി അക്ബറിന്റെ വാക്കുകള്‍

'വീണ്ടും 2011-ല്‍ തിലകനെ പ്രധാന വേഷത്തിലാക്കി ഐഡ്യല്‍ കപ്പിള്‍ എന്ന സിനിമയെടുത്തപ്പോഴാണ് ആ ധിക്കാരത്തിനുള്ള ശിക്ഷയായി ഫെഫ്ക എനിക്ക് ഔദ്യോഗികമായി വിലക്കും സസ്‌പെന്‍ഷനും അടിച്ചു തരുന്നത്. മൂന്നു മാസത്തേക്കായിരുന്നു ബി.ഉണ്ണികൃഷ്ണന്‍ ഒപ്പിട്ട് കടലാസടിച്ചു തന്നത്. 

fefka

തിലകനെ വച്ച് സിനിമയെടുത്തതിന് എന്റെ സിനിമാ ജീവിതത്തെ അവര്‍ കൊന്നു

തിലകന്‍ ചേട്ടനെ മാറ്റുകയാണെങ്കില്‍ വിലക്ക് പിന്‍വലിക്കാം എന്ന് പറഞ്ഞ് ഒരു പി.ആര്‍.ഒ.യെ നേരിട്ടയയയ്ക്കുകയും ചെയ്തു. എന്നാല്‍ തിലകനെ വിട്ട് സിനിമ വേണ്ട എന്ന മുന്‍ നിലപാടില്‍ ഞാന്‍ ഉറച്ചുനിന്നു. തുടര്‍ന്ന് ഫെഫ്ക ഓഫീസിലേക്ക് വിളിച്ചുവരുത്തി ബി.ഉണ്ണികൃഷ്ണന്‍, സിബി മലയില്‍, ശാന്തിവിള ദിനേശ്, ജി.എസ്.വിജയന്‍ എന്നിവരുടെ നേതൃത്വത്തില്‍ എന്നെ കൂട്ടവിചാരണ ചെയ്തു. അന്നവിടെ ഗുണ്ടകളുടെ സാന്നിധ്യവുമുണ്ടായിരുന്നു. തിലകനെ എടുത്തതിന് മാപ്പു പറയണമെന്നായിരുന്നു അവരുടെ ആവശ്യം. ഞാനത് നിരസിച്ചു. ഒടുവില്‍ മേല് കൈവയ്ക്കും എന്ന നില വന്നപ്പോള്‍ ഞാനുറപ്പിച്ച് പറഞ്ഞു, തല്ലാണെങ്കില്‍ അത് റോഡില്‍ വച്ചാകാം. 

അന്ന് തിലകന് സംഭവിച്ചത്, ഒപ്പം മറ്റു അഭിനേതാക്കള്‍ക്കും

ഞാനും ഒരു കമ്യൂണിസ്റ്റുകാരനായാണ് വളര്‍ന്നത്. തല്ല് ജനങ്ങള്‍ക്ക് മുന്നില്‍ വച്ച് മതി എന്ന്. അന്നിറങ്ങിപ്പോന്നതാണ് ഫെഫ്ക ഓഫീസില്‍ നിന്ന്. പിന്നെ തിരിച്ച് പ്രവേശനം കിട്ടിയിട്ടില്ല. അടുത്ത വര്‍ഷം ഫെഫ്ക തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യണമെന്ന് പറഞ്ഞ് ഒരു വിഭാഗം ആവശ്യപ്പെട്ടപ്പോള്‍ ഞാന്‍ മെമ്പര്‍ഷിപ്പ് ഓണ്‍ലൈന്‍ വഴി അടച്ചു. എന്നാല്‍ എന്റെ സസ്‌പെന്‍ഷന്‍ നീട്ടിയിട്ടുണ്ട് എന്നറിയിച്ച് ആ തുക ചെക്കായി തിരിച്ചയയ്ക്കുകയാണ് സംഘടന ചെയ്തത്. പിന്നെ ഞാനാ പടി കയറിയിട്ടില്ല. 16 ഫീച്ചര്‍ സിനിമകള്‍ ചെയ്ത എന്റെ സിനിമാ ജീവിതത്തെയും അവര്‍ കൊന്നു. തിലകന്‍ ചേട്ടന്‍ മരിച്ചിട്ടും അവര്‍ തിരിച്ചെടുക്കാത്തത് പോലെ എന്നെ ജീവിച്ചിരിക്കെ തന്നെ വിലക്കിന്റെ രക്തസാക്ഷിയാക്കി.'