Photo | https://www.facebook.com/advpratheeshvishwanath
താന്‍ ഇസ്ലാം മതം ഉപേക്ഷിക്കുകയാണെന്നും പേര് മാറ്റുകയാണെന്നുമുള്ള സംവിധായകന് അലി അക്ബറിന്റെ പ്രഖ്യാപനം വാർത്തയായിരുന്നു. ഇപ്പോഴിതാ മതം മാറിയതിനൊപ്പം പുതിയ പേരും സ്വീകരിച്ചിരിക്കുകയാണ് സംവിധായകൻ. രാമസിംഹൻ എന്നാണ് സംവിധായകന്റെ പുതിയ പേര്.
ഹിന്ദു സേവാ കേന്ദ്രം നേതാവ് പ്രതീഷ് വിശ്വനാഥ് ആണ് ചടങ്ങിന്റെ ചിത്രമടക്കം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്.
2021 ഡിസംബറിലാണ് മതം മാറുകയാണെന്നും ഇനി മുതല്‍ താനും കുടുംബവും ഭാരതീയ സംസ്കാരത്തിലായിരിക്കും ജീവിക്കുകയെന്നും അലി അക്ബര്‍ പറഞ്ഞത്. ജന്മം കൊണ്ട് കിട്ടിയ ഉടുപ്പ് ഇന്ന് മുതല്‍ വലിച്ചെറിയുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫെയ്സ്ബുക്ക് ലൈവിലൂടെയാണ് അലി അക്ബര്‍ തന്റെ മതം മാറ്റം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്തിന്റെ മരണ വാര്‍ത്തക്ക് താഴെ ചിരിക്കുന്ന ഇമോജിയിട്ടതില്‍ പ്രതിഷേധിച്ചാണ് മതം മാറുന്നതെന്നും അലി അക്ബര്‍ വ്യക്തമാക്കിയിരുന്നു. ഇതിനെതിരേ പ്രതികരിച്ച തന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് അക്കൗണ്ടിന് മുപ്പത് ദിവസത്തെ വിലക്ക് ലഭിച്ചതായും ഫെയ്സ്ബുക്കിന്റെ തലപ്പത്ത് ജിഹാദികള്‍ കൂടു കൂട്ടിയിരിക്കുകയാണെന്നും അലി അക്ബര്‍ ആരോപിച്ചിരുന്നു
ജലത്തില്‍ മുഴുവന്‍ വിഷം കലര്‍ന്ന് ശ്വസിക്കാന്‍ പറ്റാത്ത അവസ്ഥയിലായപ്പോഴാണ് മതം മാറാനുള്ള തീരുമാനമെടുത്തതെന്ന് സംവിധായകന് അലി അക്ബര്‍. ഇനി ഇതില്‍ നിന്നിട്ട് കാര്യമില്ലെന്ന് ബോധ്യമായി. എന്തെങ്കിലും സാമൂഹിക പരിഷ്കാരം ഇതില്‍ വരുത്താന്‍ കഴിയുമെന്ന ബോധ്യവും എനിക്കില്ല. ഈ സാഹചര്യത്തിലാണ് താനും ഭാര്യയും മതം മാറുന്നതെന്നും അലി അക്ബര്‍ മാതൃഭൂമി ഡോട്ട് കോമിനോട് വ്യക്തമാക്കിയിരുന്നു.
തീര്‍ത്തും വ്യക്തിപരമായിട്ടാണ് തീരുമാനമെടുത്തത്. ഇതിന്റെ പിന്നില്‍ യാതൊരു രാഷ്ട്രീയവുമില്ല. മുസ്ലീമായി നിന്നാല്‍ യാതൊരു ആനുകൂല്യവും ബി.ജെ.പിയില്‍ നിന്ന് കിട്ടില്ലെന്നും അതുകൊണ്ടാണ് താന്‍ മതം മാറുന്നത് എന്നൊക്കെ പ്രചരിപ്പിക്കുന്നുണ്ട്. ഇതൊന്നും ശരിയല്ല. അങ്ങനെയെങ്കില്‍ ഞാന്‍ ലീഗിലേക്കല്ലേ പോവേണ്ടിയിരുന്നതെന്നും ഹിന്ദുവിലേക്ക് മാതം മാറുകയല്ലല്ലോ വേണ്ടതെന്നും അലി അക്ബര്‍ ചോദിച്ചു. ഞാനിപ്പോള്‍ ഏതെങ്കിലും രാഷ്ട്രീയത്തിന്റേയോ മറ്റോ ഭാഗമല്ല. ശിഷ്ടകാലം ഇങ്ങനെയൊക്കെയങ്ങ് പോവണം. ആരോപണവുമായി വരുന്നവര്‍ അങ്ങനെ പറഞ്ഞ് തീര്ക്കട്ടെയന്നും അലി അക്ബര്‍ ചൂണ്ടിക്കാട്ടി.
Content Highlights : Ali Akbar converted to Hinduism recieved new name Ramasimhan
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..