സിനിമാ ചിത്രീകരണത്തിനിടെ വെടിയേറ്റ് ഛായാഗ്രാഹക ഹലീന ഹച്ചിന്‍സ് മരിച്ച സംഭവത്തില്‍ പ്രതികരണവുമായി നടന്‍ അലക്‌സ് ബോള്‍ഡ്‌വിന്‍. ചിത്രീകരണത്തിനിടെ ബോള്‍ഡ്‌വിന്നിന്റെ കയ്യിലുണ്ടായിരുന്ന തോക്കില്‍ നിന്ന് അബദ്ധത്തില്‍ വെടിയുതിരുകയായിരുന്നു. ഹലീനയ്ക്കും സംവിധായകന്‍ ജോയല്‍ സോസയ്ക്കും വെടിയേറ്റു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ഹലീനയുടെ ജീവന്‍ രക്ഷിക്കാനായില്ല. സോസയുടെ നിലഗുരുതരമായി തുടരുകയാണ്.

സംഭവിച്ച കാര്യങ്ങളില്‍ തന്റെ ഞെട്ടല്‍ ഇതുവരെ മാറിയിട്ടില്ലെന്നും അതിയായ ദുഃഖമുണ്ടെന്നും ബോള്‍ഡ്‌വിന്‍ പറഞ്ഞു. പോലീസ് അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്റെ ഹൃദയം തകരുന്നു. ഹലീനയുടെ മരണത്തിന് ഇടയാക്കിയ അപകടം എന്നിലുണ്ടാക്കിയ ആഘാതവും ദുഃഖവും വിവരിക്കാന്‍ വാക്കുകള്‍ ലഭിക്കുന്നില്ല. അവരൊരു അമ്മയായിരുന്നു ഭാര്യയായിരുന്നു ഏറ്റവും ബഹുമാന്യയായ സഹപ്രവര്‍ത്തകയായിരുന്നു. പോലീസ് അന്വേഷണവുമായി ഞാന്‍ പൂര്‍ണമായും സഹകരിക്കുന്നുണ്ടെന്നും അറിയിക്കുന്നു- ബാള്‍ഡ്‌വിന്‍ പറയുന്നു.

ചിത്രീകരണത്തിനുപയോഗിച്ച പ്രോപ്പ് ഗണ്‍ ആണ് അപകടത്തിന് കാരണമായത്. ന്യുമെക്‌സികോയിലെ സാന്റഫെയില്‍ റസ്റ്റ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു അപകടം. ബാള്‍ഡ്‌വിന്‍ ചിത്രത്തിന്റെ സഹനിര്‍മാതാവാണ്.

Content Highlights: Alec Baldwin says heart is broken after prop gun shoot incident, halyna hutchins death