മുംബൈ: തനിക്ക് നല്‍കിയ മികച്ച നടനുള്ള ദേശീയ ചലച്ചിത്ര അവാര്‍ഡ് വേണമെങ്കില്‍ തിരിച്ചെടുത്തോളുവെന്ന് ബോളിവുഡ് താരം അക്ഷയ്കുമാര്‍. സിനിമയിലെ സ്റ്റണ്ട് താരങ്ങളുടെ സംഘടനയുടെ സമ്മേളനത്തിനിടെ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

റുസ്തം എന്ന ഹിന്ദി ചിത്രത്തിലെ അഭിനയത്തിനാണ് പ്രിയദര്‍ശന്‍ അക്ഷ്യനായ ജൂറി അക്ഷയ് കുമാറിന് മികച്ച നടനുള്ള പുരസ്‌കാരം നല്‍കിയത്. എന്നാല്‍, വലിയൊരു വിഭാഗം ഈ അവാര്‍ഡ് പ്രഖ്യാപനത്തെ രൂക്ഷമായി വിമര്‍ശിക്കുകയും പരിഹസിക്കുകയുമായിരുന്നു. പ്രിയദര്‍ശന്റെ ഇഷ്ടതാരമായതുകൊണ്ടാണ് അക്ഷയ്ക്ക് അവാര്‍ഡ് ലഭിച്ചത് എന്നായിരുന്നു ഇവരുടെ പക്ഷം. വിമര്‍ശവും പരിഹാസവും രൂക്ഷമായതോടെയാണ് അവാര്‍ഡ് ത്യജിക്കാന്‍ തയ്യാറാണെന്ന് അക്ഷയ് പരസ്യമായി പ്രഖ്യാപിച്ചത്.

26 വര്‍ഷത്തിനുശേഷമാണ് ഞാന്‍ ഈ അവാര്‍ഡ് നേടുന്നത്. ഞാനിതിന് അര്‍ഹനാണെന്ന് തോന്നുന്നില്ലെങ്കില്‍ നിങ്ങള്‍ക്കത് തിരിച്ചെടുക്കാം. ഈ വിവാദത്തില്‍ പുതുമയൊന്നുമില്ല. കഴിഞ്ഞ ഇരുപത്തിയഞ്ച് വര്‍ഷമായി ഞാനിത് കേള്‍ക്കുന്നു. ആരെങ്കിലും എപ്പോഴെങ്കിലും ഒരു അവാര്‍ഡ് നേടിയാല്‍ അപ്പോള്‍ തുടങ്ങും അതിന്റെ ചര്‍ച്ചകള്‍. ഇന്നയാള്‍ക്ക് കൊടുക്കണം. അയാള്‍ക്ക് കൊടുത്തത് ശരിയായില്ല തുടങ്ങിയ വിവാദങ്ങള്‍ക്ക് ആരെങ്കിലും തുടക്കമിടും-അക്ഷയ് പറഞ്ഞു.

സിനിമയിലെ സ്റ്റണ്ട് കലാകാരന്മാര്‍ക്കായി ഏഷ്യന്‍ ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ടും അക്ഷയ് കുമാറും ചേര്‍ന്ന് നടപ്പിലാക്കുന്ന ഇന്‍ഷുറന്‍സ് പദ്ധതിയുടെ ഉദ്ഘാടനവും ചടങ്ങില്‍ നടന്നു. 370 കലാകാരന്മാര്‍ക്കാണ് പദ്ധതി അനുസരിച്ച് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുക.