താൻ നിത്യവും ​ഗോമൂത്രം കുടിക്കാറുണ്ടെന്ന് വെളിപ്പെടുത്തി ബോളിവുഡ് താരം അക്ഷയ് കുമാർ. ഇൻസ്റ്റാ​ഗ്രാം ലൈവിൽ ഡിസ്കവറി ചാനലിലെ ഇൻ ടു ദ വൈൽഡിലൂടെ പ്രശസ്തനായ ബെയർ ഗ്രിൽസിനും നടി  ഹുമ ഖുറേഷിക്കും ഒപ്പം നടത്തിയ ചാറ്റിനിടെയാണ് താരത്തിന്റെ വെളിപ്പെടുത്തൽ. ഇൻ ടു ദ വൈൽഡിന്റെ വരാനിരിക്കുന്ന എപ്പിസോഡിൽ പങ്കെടുക്കുന്നത് അക്ഷയ് ആണ്. ഇതിന്റെ അനുഭവങ്ങൾ പങ്കുവയ്ക്കുന്നതിനിടെയാണ് താരത്തിന്റെ വെളിപ്പെടുത്തൽ.

ബന്ദിപ്പൂർ നാഷണൽ പാർക്കിലായിരുന്നു സ്പെഷ്യൽ എപ്പിസോഡിന്റെ ഷൂട്ടിങ്ങ്. ഷോയിൽ അക്ഷയ് ആനപ്പിണ്ട ചായ (elephant poo tea) കുടിക്കുന്നതിനെക്കുറിച്ച് ബെയർ പറഞ്ഞിരുന്നു. ഇതിനെക്കുറിച്ച് ഹുമയുടെ ചോദ്യത്തിന് മറുപടിയായാണ് ആയുർവേദ ​ഗുണങ്ങൾ ഉള്ളതിനാൽ നിത്യവും താൻ ​ഗോമൂത്രം കുടിക്കാറുണ്ടെന്നും അതിനാൽ തന്നെ ആനപ്പിണ്ട ചായ തനിക്ക് ഒരു പ്രശ്നമേ അല്ലായിരുന്നുവെന്നും അക്ഷയ് പറഞ്ഞത്.

ഡിസ്കവറി ചാനലിൽ സെപ്തംബർ 11 നാണ് അക്ഷയ് അതിഥിയായെത്തിയ സ്പെഷ്യൽ എപ്പിസോഡിന്റെ സംപ്രേക്ഷണം.

പുതിയ ചിത്രമായ ബെൽബോട്ടത്തിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് സ്കോട്ട്ലന്റിലാണ് അക്ഷയ് ഇപ്പോൾ. ഹുമ ഖുറേഷി, ലാറ ദത്ത എന്നിവരാണ് മറ്റ് താരങ്ങൾ.

Content Highlights : Akshay Kumar Reveals he used to drink cow urine everyday