അക്ഷയ് കുമാർ നായകനായെത്തുന്ന ബോളിവുഡ് ചിത്രം ഓ മൈ ​ഗോഡ് 2ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. പോസ്റ്ററുകളിലൊന്നിൽ പരമശിവനിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ള ലുക്കിലാണ് അക്ഷയ്നെ കാണാനാവുക. 'വിശ്വാസം നിലനിർത്തുക, നിങ്ങൾ ശിവന്റെ ദാസനാണ്' എന്ന വാചകവും പോസ്റ്ററിലുണ്ട്. 

യാമി ​ഗൗതം നായികയായെത്തുന്ന ചിത്രത്തിൽ പങ്കജ് ത്രിപാഠിയും ഒരു പ്രധാന വേഷത്തിലെത്തുന്നു. അമിത് രാജ് സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം സെപ്റ്റംബറിൽ മുംബൈയിൽ തുടങ്ങി. 

2012ൽ പുറത്തിറങ്ങിയ ഓ മൈ ​ഗോഡിന്റെ രണ്ടാം ഭാ​ഗമായാണ് ചിത്രം ഒരുക്കുന്നത്. ഉമേഷ് ശുക്ല സംവിധാനം ചെയ്ത ഓ മൈ ​ഗോഡിൽ പരേഷ റാവൽ ആണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. അക്ഷയ് കുമാർ ഭ​ഗവാൻ ശ്രീകൃഷ്ണനായും ചിത്രത്തിൽ വേഷമിട്ടു. ആദ്യ ചിത്രം മതത്തെ അടിസ്ഥാനമാക്കിയുള്ളതാണെങ്കിൽ, ഓ മൈ ഗോഡ് 2 ഇന്ത്യൻ വിദ്യാഭ്യാസ സമ്പ്രദായത്തെ അടിസ്ഥാനമാക്കിയാണ് ഒരുക്കുന്നതെന്നാണ് അണിയറപ്രവർത്തകർ വ്യക്തമാക്കുന്നത്. 
 
അതേസമയം അക്ഷയ്നെ നായകനാക്കി രോഹിത് ഷെട്ടി സംവിധാനം ചെയ്ത സൂര്യവൻശി നവംബർ 5ന് റിലീസിന് തയ്യാറെടുക്കുകയാണ്. ഓ മൈ ​ഗോഡിന് പുറമേ രാമ സേതു, സിൻഡ്രല്ല എന്നീ ചിത്രങ്ങളിലാണ് അക്ഷയ് ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.  സൂപ്പർ ഹിറ്റ് തമിഴ് ത്രില്ലർ ചിത്രം രാക്ഷസന്റെ റീമേയ്ക്ക് ആണ് സിൻ​ഡ്രല്ല. ഇതുകൂടാതെ പൃഥ്വിരാജ്, രക്ഷാബന്ധൻ, ബച്ചൻ പാണ്ഡെ തുടങ്ങിയ ചിത്രങ്ങളും താരത്തിന്റേതായി അണിയറയിൽ ഒരുങ്ങുകയാണ്.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Akshay Kumar (@akshaykumar)

 content highlights : Akshay Kumar new Movie OMG 2 poster out Yami Gautham Pankaj Tripati