പ്രളയക്കെടുതി അനുഭവിക്കുന്ന അസമിന് രണ്ട് കോടി രൂപ ദുരിതാശ്വാസധനം നല്‍കുമെന്ന് ബോളിവുഡ് നടന്‍ അക്ഷയ് കുമാര്‍. തന്റെ പുതിയ ചിത്രമായ മിഷന്‍ മംഗളിന്റെ ട്രെയിലര്‍ ലോഞ്ചില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.അസം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും കാസിരംഗ നാഷണല്‍ പാര്‍ക്കിലെ മൃഗങ്ങളുടെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കുമായി ഒരു കോടി രൂപ വീതം നല്‍കുമെന്ന് താരം വ്യക്തമാക്കി. ഇക്കാര്യം താരം ട്വീറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

സംഭാവനയെ കുറിച്ച് പ്രതികരണം തേടിയ മാധ്യമപ്രവര്‍ത്തകരോട് അക്ഷയ് കുമാറിന്റെ മറുപടി ഇപ്രകാരമായിരുന്നു. 

'മാഡം, എന്റെ കൈയില്‍ ഒരുപാട് പൈസയുണ്ട് (ചിരിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു).  വെളളത്തിലൂടെ തന്റെ കുഞ്ഞിനെയുമെടുത്ത് രക്ഷപ്പെടാന്‍ ശ്രമിക്കുന്ന ഒരു സ്ത്രീയുടെ ചിത്രം ഞാന്‍ കഴിഞ്ഞ ദിവസം ഞാന്‍ കണ്ടു. അത് കാണുന്ന വരെ നമുക്ക് അത്തരം പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരില്ലെന്നായിരുന്നു എന്റെ ധാരണ.

എന്നാല്‍ അത് കണ്ടപ്പോള്‍ എനിക്ക് മനസിലായി ഇതെനിക്കോ എന്റെ ഭാര്യക്കോ മക്കള്‍ക്കോ നാളെ സംഭവിക്കാം. അസമിനെയോര്‍ത്ത് സങ്കടപ്പെട്ടോ ട്വീറ്റുകളിലൂടെ സങ്കടങ്ങള്‍ അറിയിച്ചോ വെറുതെ ഇരിക്കുന്നതിന് പകരം എല്ലാവരും തങ്ങളാല്‍ കഴിയുന്ന സഹായം അസമിന് ചെയ്യണം. ട്വിറ്ററില്‍ മാത്രം ഐക്യം കാണിച്ചിട്ട് കാര്യമില്ല. 25 പൈസയോ, 25 ലക്ഷമോ,25 കോടിയോ എത്രയായാലും തങ്ങളാലാവുന്നത് ചെയ്യുക. ഓരോ ചെറിയ തുകയും വളരം വലുതാണ്'. അക്ഷയ് പറഞ്ഞു.

ആദ്യമായല്ല താരം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ കൈതാങ് നല്‍കുന്നത്. കഴിഞ്ഞ മെയില്‍ ഒഡീഷയെ ഫോനി ചുഴലിക്കാറ്റ് ബാധിച്ച സമയത്തു താരം ഒരു കോടി രൂപ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കിയിരുന്നു. 

Content Highlights : Akshay Kumar Donates 2 crore for Assam flood Relief