ക്ഷയ് കുമാര്‍ ബോളിവുഡിലെത്തിയിട്ട് 20 വര്‍ഷത്തിലേറെയായി. തന്റെ സിനിമാ ജീവിതത്തിന്റെ തുടക്കത്തില്‍ ആക്ഷന്‍ ഹീറോ എന്ന പ്രതിച്ഛായയാണ് അക്ഷയ്‌ക്ക് ഉണ്ടായിരുന്നത്. അതുകൊണ്ടു തന്നെ കാമ്പുള്ള കഥാപാത്രങ്ങളൊന്നും ആ കാലഘട്ടങ്ങളില്‍ അദ്ദേഹത്തെ തേടിയെത്തിയില്ല. പീന്നീട് പ്രണയനായകവേഷങ്ങള്‍ ചെയ്‌തെങ്കിലും കാലം ഏറെയെടുത്തു അക്ഷയകുമാറിലെ നടനെ തിരിച്ചറിയാൻ.

ഈ നേട്ടത്തിന്റെ ബഹുമതി അക്ഷയ് കുമാർ നൽകുന്നത് ഒരാൾക്കാണ്. സംവിധായകൻ പ്രിയദർശന്. തന്റെ വിജയത്തിന് പിന്നില്‍ പ്രിയദര്‍ശനാണെന്ന് അക്ഷയ്കുമാര്‍ തന്നെ പറയുന്നു. ആക്ഷന്‍ ഹീറോ എന്ന പേരില്‍ എല്ലാവരും തന്നെ മാറ്റി നിര്‍ത്തിയപ്പോള്‍ പ്രിയദര്‍ശനാണ് തന്നിലെ യഥാര്‍ഥ നടനെ പുറത്ത് കൊണ്ടു വന്നതെന്ന് അക്ഷയ് പറയുന്നു. പുതിയ ചിത്രമായ ജോളി എല്‍എല്‍ബി 2 ന്റെ പ്രചരണ പരിപാടിക്കിടെയായിരുന്നു അക്ഷയിന്റെ വെളിപ്പെടുത്തല്‍.

കരിയര്‍ തുടങ്ങി എട്ട്-പത്ത് വര്‍ഷത്തോളം ഞാന്‍ ഒരുപാട് ആക്ഷന്‍ ചിത്രങ്ങള്‍ ചെയ്തു. പിന്നീട് ആ പ്രതിഛായയ്ക്ക് പുറത്തു കടക്കാന്‍ എനിക്ക് കഴിഞ്ഞില്ല. എന്നെ മറ്റൊരു വേഷത്തിലേക്ക് പരിഗണിക്കാന്‍ ആരും ധൈര്യം കാണിച്ചില്ല. ഈ ചിന്ത എന്നെ അലട്ടിയപ്പോള്‍ ഞാന്‍ ഒരു ദിവസം പ്രിയദര്‍ശനെ നേരിട്ടു കണ്ടു. എനിക്ക് എന്തെങ്കിലും വ്യത്യസ്തമായി ചെയ്യണമെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. എനിക്ക് തമാശ കഥാപാത്രങ്ങളും വഴങ്ങുമെന്ന് തെളിയിച്ചത് അദ്ദേഹമാണ്. എന്നിലെ നടനില്‍ അദ്ദേഹം പൂര്‍ണമായി വിശ്വാസം അർപ്പിച്ചു. പ്രിയദര്‍ശന്‍ ജീനിയസ്സായ സംവിധായകനാണ്. മലയാളം, ഹിന്ദി, തമിഴ് ഭാഷകളിലായ 74 ചിത്രങ്ങള്‍ അദ്ദേഹമെടുത്തപ്പോള്‍ അതില്‍ 68 എണ്ണവും ഹിറ്റായി- അക്ഷയ് പറഞ്ഞു.