അഖിൽ അക്കിനേനി, ബാലകൃഷ്ണ, നാഗചൈതന്യ | ഫോട്ടോ: www.facebook.com/ChaituFans, www.facebook.com/NandamuriBalakrishna
തെലുങ്കിലെ മുൻകാല സൂപ്പർതാരം അക്കിനേനി നാഗേശ്വരറാവുവിനെതിരെ നടൻ നന്ദമൂരി ബാലകൃഷ്ണ നടത്തിയ പരാമർശത്തിനെതിരെ രംഗത്തെത്തി നടന്മാരായ നാഗചൈതന്യയും അഖിൽ അക്കിനേനിയും. സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ഒരു കുറിപ്പിലാണ് ബാലകൃഷ്ണയ്ക്കെതിരെ ഇരുവരും പരോക്ഷവിമർശനം നടത്തിയത്. തെലുങ്ക് സിനിമാ പ്രേമികൾ എ.എൻ.ആർ എന്ന ബഹുമാനപൂർവം വിളിക്കുന്ന നാഗേശ്വര റാവുവിന്റെ പേരക്കുട്ടികൾ കൂടിയാണ് ഇരുവരും.
പുതിയ ചിത്രമായ വീരസിംഹ റെഡ്ഡിയുടെ വിജയാഘോഷത്തിനിടെ സംസാരിക്കവേ ബാലകൃഷ്ണ നടത്തിയ ഒരു പരാമർശമാണ് വിവാദത്തിനിടയാക്കിയത്. തന്റെ പിതാവ് എൻ.ടി. രാമറാവുവിനേക്കുറിച്ചായിരുന്നു ബാലകൃഷ്ണയുടെ സംസാരം. എന്റെ അച്ഛൻ സീനിയർ എൻ.ടി.ആറിന് ചില സമകാലീനർ ഉണ്ടായിരുന്നു. രംഗറാവു, അക്കിനേനി, തൊക്കിനേനി അങ്ങനെ ചിലർ എന്നായിരുന്നു ഈ പ്രസംഗത്തിലെ ഒരു വരി. ഇതിൽ രംഗറാവു എന്നുദ്ദേശിച്ചത് എസ്.വി രംഗറാവുവിനെയാണ്. കൂടാതെ തൊക്കിനേനി എന്നു പറഞ്ഞത് അക്കിനേനി നാഗേശ്വര റാവുവിനെ കളിയാക്കാനാണെന്നുപറഞ്ഞ് സോഷ്യൽ മീഡിയയിൽ ചർച്ചയും ഉയർന്നു.
ഇതിനുപിന്നാലെയാണ് നാഗേശ്വര റാവുവിന്റെ മകനും തെലുങ്കിലെ സൂപ്പർതാരവുമായ നാഗാർജുന്റെ മക്കളും യുവതാരങ്ങളുമായ നാഗചൈതന്യയും അഖിൽ അക്കിനേനിയും രംഗത്തെത്തിയത്. എൻ.ടി. രാമറാവു, എസ്.വി രംഗറാവു, അക്കിനേനി നാഗേശ്വര റാവു എന്നിവരുടെ സർഗാത്മക സംഭാവനകൾ തെലുങ്ക് സിനിമയുടെ അഭിമാനവും നെടുംതൂണുകളുമാണ്. അവരെ അപമാനിക്കുന്നത് സ്വയം അവമതിക്കുന്നതിന് തുല്യമാണ് എന്നാണ് ഇരുവരും ട്വീറ്റ് ചെയ്ത പ്രസ്താവനയിലുള്ളത്.
നിരവധി പേരാണ് ബാലകൃഷ്ണയെ എതിർത്തുകൊണ്ടും താരസഹോദരന്മാരെ അനുകൂലിച്ചും കമന്റുകളുമായെത്തിയത്. ഏത് സാഹചര്യത്തിലും അചഞ്ചലമായ മനസോടെ നിലകൊള്ളുന്നവനാണ് പക്വതയുള്ള ഒരു വ്യക്തിയെന്നും അങ്ങനെ നോക്കുകയാണെങ്കിൽ നാഗചൈതന്യയുടെയും അഖിലിന്റേയും പക്വമാർന്ന പ്രതികരണമാണെന്നാണ് മിക്കവരും പറഞ്ഞത്. അഖിൽ, നാഗചൈതന്യ എന്നിവരിൽ നിന്ന് പക്വതയെന്താണെന്ന് ബാലകൃഷ്ണ പഠിക്കണമെന്ന് പറഞ്ഞവരുമുണ്ട്.
പ്രസംഗങ്ങളുടെ പേരിൽ ഇതിനുമുമ്പും ബാലകൃഷ്ണ കുഴപ്പത്തിൽ ചെന്നുചാടിയിട്ടുണ്ട്. 2021-ൽ ടി.വി 9 ന് നൽകിയ അഭിമുഖത്തിൽ സംഗീതസംവിധായകൻ എ.ആർ. റഹ്മാനെ അറിയില്ലെന്ന് ബാലകൃഷ്ണ പറഞ്ഞിരുന്നു. ഇതിന് രൂക്ഷവിമർശനമാണ് ബാലകൃഷ്ണ നേരിടേണ്ടി വന്നത്. ബാലകൃഷ്ണ നായകനായി 1993-ൽ പുറത്തിറങ്ങിയ നിപ്പു രാവ്വാ എന്ന ചിത്രത്തിന് സംഗീതം പകർന്നത് റഹ്മാനാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ആരാധകരുടെ വിമർശനപ്പെരുമഴ.
Content Highlights: akhil akkineni and nagachaitanya, balakrishna's thokkineni remark speech
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..